മലയാള സിനിമാ വ്യവസായം വന്‍ പ്രതിസന്ധിയില്‍; നഷ്ടം 600 കോടി കവിയുമെന്ന് വിലയിരുത്തല്‍

കൊവിഡ് 19 വൈറസ് ബാധയും അതിന് പിന്നാലെ വന്ന ലോക്ക് ഡൗണും കാരണം മലയാള സിനിമാ വ്യവസായം വന്‍ പ്രതിസന്ധിയിലാണ് ഇപ്പോള്‍. ഈസ്റ്റര്‍ വിഷു സീസണില്‍ ചിത്രങ്ങള്‍ പ്രദശിപ്പിക്കാന്‍ സാധിക്കാത്തത് മൂലം മുന്നൂറ് കോടിയുടെ നഷ്ടമാണ് മലയാള സിനിമാ മേഖലയ്ക്ക് ഉണ്ടായിരിക്കുന്നത്. ഇതിനു പുറമെ ഷൂട്ടിങ് പൂര്‍ത്തിയാക്കിയതും മുടങ്ങിയതുമായ ചിത്രങ്ങളുടെയടക്കം വ്യവസായനഷ്ടം അറൂന്നൂറ് കോടി കവിയുമെന്നാണ് സിനിമാമേഖലയുടെ വിലയിരുത്തല്‍.

നൂറുകോടി മുതല്‍മുടക്കില്‍ പ്രിയദര്‍ശന്‍-മോഹന്‍ലാല്‍ കൂട്ടുക്കെട്ടിലൊരുങ്ങിയ മരക്കാര്‍ അറബിക്കടലിന്റെ സിംഹം ഉള്‍പ്പടെയുള്ള ഒമ്പത് ഈസ്റ്റര്‍ വിഷു ചിത്രങ്ങള്‍ റീലിസ് ചെയ്യാന്‍ സാധിക്കാത്തത് മൂലം ഉണ്ടായ നഷ്ടം മുന്നൂറ് കോടിയാണ്. ഫഹദ് ഫാസിലിന്റെ മാലിക്ക്, മമ്മൂട്ടിയുടെ വണ്‍, ദുല്‍ഖറിന്റെ കുറുപ്പ് ഉള്‍പ്പടെയുള്ള ചിത്രങ്ങള്‍ രാജ്യാന്തര മാര്‍ക്കറ്റ്കൂടി ലക്ഷ്യമിട്ട് നിര്‍മ്മിച്ചവയാണ്.

ഇതിനൊക്കെ പുറമെ ലോക്ക് ഡൗണ്‍ കാരണം പോസ്റ്റ് പ്രൊഡക്ഷന്‍ ഘട്ടത്തില്‍ നിലച്ചത് ഇരുപത്തിയാറ് ചിത്രങ്ങളാണ്. ഇരുപത് ചിത്രങ്ങളുടെ ഷൂട്ടിങ് ആണ് പാതിവഴിയില്‍ മുടങ്ങി കിടക്കുന്നത്. ഇനി ലോക്ക് ഡൗണ്‍ പിന്‍വലിച്ചതിന് ശേഷം സിനിമാമേഖല സജീവമായാല്‍പോലും ഈ ചിത്രങ്ങളുടെ നഷ്ടക്കണക്കില്‍നിന്ന് കരകയറുക അത്ര എളുപ്പമല്ല എന്നാണ് വിലയിരുത്തല്‍. വൈറസിന്റെ ഭീതിയില്‍ കഴിയുന്ന ജനങ്ങള്‍ ഈ അടുത്ത കാലത്തൊന്നും ഇനി തീയ്യേറ്ററുകളില്‍ സിനിമാ കാണാന്‍ എത്തില്ല എന്ന കാര്യം ഉറപ്പാണ്.

Exit mobile version