ഏഴ് വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം സിനിമയില്‍ സജീവമാകാനൊരുങ്ങി വാണി വിശ്വനാഥ്; തിരിച്ചുവരവ് ബാബുരാജിന്റെ നായികയായി

ഏഴ് വര്‍ഷങ്ങള്‍ക്ക് ശേഷം മലയാള സിനിമയിലേയ്ക്ക് തിരിച്ചുവരാനൊരുങ്ങി നടി വാണി വിശ്വനാഥ്. ഭര്‍ത്താവും നടനുമായ ബാബുരാജിന്റെ നായികയായാണ് താരം വീണ്ടും എത്തുന്നത്. ഇരുവരും ഒന്നിക്കുന്ന സിനിമയുടെ ടൈറ്റില്‍ ലോഞ്ച് തിരുവനന്തപുരത്തുവെച്ച് നടന്നു. ‘ദി ക്രിമിനല്‍ ലോയര്‍’ എന്ന് പേരിട്ടിരിക്കുന്ന ചിത്രം ക്രൈം ത്രില്ലറാണ്. വീണ്ടും മലയാളിപ്രേക്ഷകരെ കാണാന്‍ പോകുന്നു എന്നതില്‍ വളരെ സന്തോഷമെന്ന് വാണി പറഞ്ഞു.

വാണിവിശ്വനാഥിന്റെ വാക്കുകള്‍;

‘വീണ്ടും മലയാളിപ്രേക്ഷകരെ കാണാന്‍ പോകുന്നു എന്നതില്‍ വളരെ സന്തോഷം. അത് നല്ലൊരു കഥാപാത്രത്തിലൂടെയാണെന്നതും കൂടുതല്‍ സന്തോഷം. ഇങ്ങനെയൊരു കഥാപാത്രത്തിനു വേണ്ടി വാണി ചേച്ചി കാത്തിരിക്കുകയായിരുന്നോ എന്ന് എല്ലാവരും ചോദിച്ചിരുന്നു. അങ്ങനെയല്ല. എന്റേതായ ചില കാര്യങ്ങള്‍ക്കുവേണ്ടി സിനിമ മാറ്റിവച്ചു എന്നു മാത്രം. തിരിച്ചുവന്നപ്പോള്‍ അതൊരു നല്ല കഥാപാത്രത്തിലൂടെയായി.

ത്രില്ലര്‍ക്രൈം സിനിമകളുടെ ആരാധികയാണ് ഞാന്‍. ഇങ്ങനെയൊരു ത്രെഡ് പറഞ്ഞപ്പോള്‍ ഒരുപാട് ഇഷ്ടപ്പെട്ടു. അതുകൊണ്ട് ഈ ചിത്രം ചെയ്യാമെന്ന് കരുതി. എന്റെ കഥാപാത്രം പോലെ ബാബുവേട്ടന്റെയും (ബാബുരാജ്) നല്ലൊരു കഥാപാത്രമാണ്. സാള്‍ട്ട് ആന്‍ഡ് പെപ്പര്‍, ജോജി എന്നീ സിനിമകളിലെ വേഷങ്ങള്‍പോലെ നിങ്ങള്‍ ഇഷ്ടപ്പെടുന്നൊരു വേഷമാകും ഈ ചിത്രത്തിലേത്. ‘മാന്നാര്‍ മത്തായി’യ്ക്ക് ശേഷം അവിടുന്നങ്ങോട്ട് എനിക്ക് നിങ്ങള്‍ തന്നെ പ്രോത്സാഹനവും പിന്തുണയും ചെറുതല്ല. അത് എന്നും ഉണ്ടാകണം. റിയലിസ്റ്റിക് സിനിമകള്‍ മാത്രം കാണുന്ന മലയാളിപ്രേക്ഷകര്‍ക്കിടയില്‍ റിയലിസ്റ്റിക് അല്ലാത്ത ചില കഥാപാത്രങ്ങള്‍ ചെയ്ത കയ്യടി വാങ്ങിച്ച ആളാണ് ഞാന്‍. ആ എന്നെ ഇനിയും പിന്തുണയ്ക്കണം.’

Exit mobile version