വിവാദങ്ങള്‍ക്ക് വിരാമം; ഷെയ്ന്‍ നിഗത്തിന്റെ ‘വെയിലി’ന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തുവിട്ടു

ഷെയ്ന്‍ നിഗം നായകയായി എത്തുന്ന ഏറ്റവും പുതിയ ചിത്രമായ ‘വെയിലി’ന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തുവിട്ടു. ഫഹദ് ഫാസില്‍ തന്റെ ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് പോസ്റ്റര്‍ പുറത്തുവിട്ടത്. നിര്‍മ്മാതാക്കളും ഷെയ്‌നും തമ്മിലുള്ള തര്‍ക്കത്തെ തുടര്‍ന്ന് ചിത്രത്തിന്റെ ചിത്രീകരണം തടസപ്പെട്ടിരുന്നു. താരസംഘടന നിര്‍മ്മാതാക്കളുടെ സംഘടനുമായി നടത്തിയ ചര്‍ച്ചയെ തുടര്‍ന്നാണ് പ്രശ്‌നം പരിഹരിച്ചത്.

നിര്‍മ്മാതാക്കള്‍ വിലക്ക് നീക്കിയതിനെ തുടര്‍ന്ന് ഈ അടുത്ത ദിവസമാണ് ചിത്രത്തിന്റെ ഷൂട്ടിങ് പുനഃരാരംഭിച്ചത്. ഇതിനു പിന്നാലെയാണ് ഇപ്പോള്‍ അണിയറപ്രവര്‍ത്തകര്‍ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തുവിട്ടിരിക്കുന്നത്.

ലിജോ ജോസ് പെല്ലിശ്ശേരിയുടെ അങ്കമാലി ഡയറീസ്, ഈമയൗ എന്നീ ചിത്രങ്ങളില്‍ സംവിധാന സഹായിയായിരുന്ന ശരത് ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രം കൂടിയാണിത്. ഇരിഞ്ഞാലക്കുടയുടെ പശ്ചാത്തലത്തില്‍ കഥ പറയുന്ന ചിത്രത്തില്‍ സുരാജും ഷൈന്‍ ടോം ചാക്കോയുമാണ് മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ഗുഡ്‌വില്‍ എന്റര്‍ടെയ്ന്‍മെന്റ്‌സിന്റെ ബാനറില്‍ ജോബി ജോര്‍ജ്ജാണ് ചിത്രം നിര്‍മ്മിക്കുന്നത്. മെയ് മാസം ചിത്രം തീയ്യേറ്ററുകളില്‍ എത്തുമെന്നാണ് റിപ്പോര്‍ട്ട്.

Exit mobile version