മലയാളികളുടെ പ്രിയപ്പെട്ട മണിനാദം നിലച്ചിട്ട് ഇന്നേക്ക് നാല് വര്‍ഷം

മലയാളികളുടെ പ്രിയപ്പെട്ട കലാഭവന്‍ മണി ഓര്‍മ്മയായിട്ട് ഇന്നേക്ക് നാല് വര്‍ഷം. 2016 മാര്‍ച്ച് ആറിനാണ് ആ മണിനാദം എന്നത്തേക്കുമായി നിലച്ചത്. കരള്‍ സംബന്ധമായ രോഗ കാരണങ്ങളാല്‍ കൊച്ചിയിലെ അമൃത ആശുപത്രിയില്‍ വെച്ചായിരുന്നു മരണം.

മിമിക്രിയിലൂടെ സിനിമയില്‍ എത്തിയ താരം തന്റേതായ അഭിനയ ശൈലിയിലൂടെ തെന്നിന്ത്യയില്‍ സിനിമാ പ്രേക്ഷകരുടെ ഹൃദയം കവര്‍ന്നു. ചാലക്കുടിയില്‍ ഓട്ടോയോടിച്ചിരുന്ന മണി ‘അക്ഷരം’ എന്ന സിനിമയില്‍ ഒരു ഓട്ടോ ഡ്രൈവറുടെ വേഷത്തിലൂടെയാണ് സിനിമയില്‍ അരങ്ങേറ്റം കുറിച്ചത്. പിന്നീട് ലോഹിതദാസിന്റെ തിരക്കഥയില്‍ സുന്ദര്‍ ദാസ് സംവിധാനം ചെയ്ത ‘സല്ലാപം’ എന്ന ചിത്രത്തിലെ മണിയുടെ കള്ളുചെത്തുകാന്റെ വേഷം ഏറെ ശ്രദ്ധിക്കപ്പെട്ടു. വിനയന്‍ സംവിധാനം ചെയ്ത ‘വാസന്തിയും ലക്ഷ്മിയും’, ‘കരുമാടിക്കുട്ടന്‍’ എന്നീ ചിത്രങ്ങളിലെ നായകവേഷം മണിയെ ഏറെ പ്രശസ്തനാക്കി.

പിന്നീട് സ്വഭാവനടനായും വില്ലനായും നായകനായുമൊക്കെ നിരവധി ചിത്രങ്ങളില്‍ താരം തിളങ്ങി. യാത്രചോദിക്കാതെ, പോയ് മറഞ്ഞു പറയാതെ എന്നീ സിനിമകളാണ് മണി ഒടുവില്‍ പൂര്‍ത്തിയാക്കിയ സിനിമകള്‍.

Exit mobile version