പത്മരാജന്റെ സിനിമയിലഭിനയിച്ച് തുടക്കം; ഒടുവിൽ സംവിധായകനായി മാറിയ ലാൽജോസിന്റെ സിനിമാ ജീവിതം ഇങ്ങനെ

ഫഖ്‌റുദ്ധീൻ പന്താവൂർ

സിനിമാ ഷൂട്ടിംഗ് കാണാൻപോയി യാദൃശ്ചികമായി അഭിനയിച്ച് ഒടുവിൽ ആ അഭിനയിച്ച സീൻ സിനിമയിൽ നിന്ന് കട്ടാക്കിയതിന്റെ ദേഷ്യത്തിൽ സംവിധായകനായിമാറിയ ആളെക്കുറിച്ച് കേട്ടിട്ടുണ്ടോ?
അങ്ങനെ ഒരാളുണ്ട് നമ്മുടെ മലയാള സിനിമയിൽ. ഒരിക്കൽ സിനിമാ ഷൂട്ടിംഗ് നടക്കുന്നുവെന്ന് കേട്ടാണ് ഈ ഒരുത്തൻ അത് കാണാൻപോയത്. ഒറ്റപ്പാലം റെയിൽവേ സ്റ്റേഷനിലാണ് ഷൂട്ടിംഗ്. വായനാകമ്പം കൂടുതലായതിനാൽ എഴുത്തുകാരനായ സംവിധായകനെ നേരിൽ കാണണമെന്നും സംസാരിക്കണമെന്നുമാണ് ആഗ്രഹം. അക്കാലത്ത് പഠനത്തോടൊപ്പം ഒരു സ്റ്റുഡിയോയിലും സഹായിയായി പോകുന്നുണ്ട്. ഒരു സംവിധായകനാവണമെന്നാണ് ഉള്ളിന്റെയുള്ളിലെ ആഗ്രഹം. ആ ധൈര്യത്തിലാണ് ക്യാമറയുമായി ഷൂട്ടിംഗ് കാണാൻ പോയത്. സിനിമയിലെ നായകനായ മോഹൻലാലിനെ കാണാനാണ് ആൾക്കൂട്ടം തിരക്ക് കൂട്ടുന്നത്. പലരും പാർവതിക്കുചുറ്റുമുണ്ട്. ഇവൻ ക്യാമറയും തൂക്കി സംവിധായകൻ പത്മരാജന്റെ അടുത്തേക്കാണ് പോയത്. ‘പോയി നായകനെ കാണൂ’ എന്നായി പത്മരാജൻ. എനിക്ക് നിങ്ങളെ കണ്ടാൽ മതിയെന്ന് ഇവനും.

ഷൂട്ടിംഗ് പുരോഗമിക്കുകയാണ്. നായകൻ മോഹൻലാൽ റെയിൽവേ സ്റ്റേഷനിലൂടെ നടക്കുന്നതാണ് രംഗം. ആൾക്കൂട്ടത്തിനിടയിൽ ബാഗുമായി ഒരാൾ വന്ന് കൂട്ടിയിടിക്കുന്ന രംഗമാണ് ഷൂട്ടിംഗ്.ഇവന്റെ ബാഗ് കണ്ടപ്പോൾ സംവിധായകന്റെ സഹായി ഇയാൾ മതിയെന്നായി.അങ്ങനെ ഷൂട്ടിംഗ് കാണാൻപോയവൻ മോഹൻലാലിനൊപ്പം അഭിനയിച്ചു.അതും പത്മരാജന്റെ തൂവാനത്തുമ്പികളിൽ .സിനിമാ സംവിധാനം ള്ളിലൊതുക്കിയ അയാൾ അങ്ങനെ അപ്രതീക്ഷിതമായി നടനായി. തന്നെ സിനിമയിലെടുത്ത സംവിധാന സഹായിയെയും അതിന് പച്ചക്കൊടി കാണിച്ച സംവിധായകൻ പത്മരാജനെയും അവൻ മനസ് കൊണ്ട് ഒത്തിരിതവണ നന്ദി പറഞ്ഞു..

സിനിമ റിലീസാകുംമുമ്പ് സുഹൃത്തുക്കളായ സുഹൃത്തുക്കളെയെല്ലാം അറിയിച്ചിരുന്നു. പോസ്റ്റ് കാർഡയച്ചാണ് പലരെയും സന്തോഷം അറിയിച്ചത്.
അങ്ങനെ തൂവാനത്തുമ്പികൾ തിയേറ്ററിലെത്തി.സിനിമ തീർന്നിട്ടും ആ രംഗം കണ്ടില്ല. അത് കട്ട് ചെയ്തു പോയിരുന്നു.
നിരാശമൂലം തകർന്നു അയാൾ. ഒരു വാശിയായി… സംവിധായകനാകണമെന്ന്. അങ്ങനെ പല സംവിധായകരെയും കണ്ടു. ഒടുവിൽ കമൽ സഹായിയായി കൂടെ നിർത്തി. ആ യുവാവാണ് ലാൽജോസ് എന്ന സംവിധായകൻ.

കാലങ്ങൾ കഴിഞ്ഞപ്പോൾ ആദ്യ സിനിമ ഒരുക്കാനുള്ള ധൈര്യമുണ്ടായി .നായകനായി മമ്മൂട്ടിയെയും ലഭിച്ചു.ശ്രീനിവാസന്റെ തിരക്കഥയും. അതാണ് മറവത്തൂർകനവ്. ഏതായാലും സംവിധായകൻ പത്മരാജന്റെ സഹായിയായിരുന്ന തന്നെ ആദ്യമായി സിനിമയിലേക്കെടുത്ത ആളെ ലാൽജോസ് മറന്നില്ല. എത്രയോ കാലമായി അയാൾ ഒരു സംവിധായകനാവാൻ കൊതിച്ചു നടക്കുന്നു. വർഷങ്ങൾ കഴിഞ്ഞപ്പോൾ അയാൾക്കും സംവിധായകനാവാൻ അവസരം ലഭിച്ചു.ഒരു നിമിത്തമാവാം അയാൾക്കും നായകനായി അവസരം കിട്ടിയത് മമ്മൂട്ടിയെ തന്നെ. കാഴ്ച എന്ന ആദ്യ സിനിമയിലൂടെ ബ്ലസി അങ്ങനെ മലയാളത്തിലെ മികച്ച സംവിധായകരുടെ പട്ടികയിലെത്തി.

ബ്ലസി ആടുജീവിതമെന്ന സിനിമയിലൂടെ പ്രേക്ഷകരെ ഞെട്ടിക്കാനൊരുങ്ങുകയാണ്. ലാൽജോസോ? കാത്തിരിക്കാം. പഴയ പ്രതാപത്തിലേക്ക് ലാൽജോസ് തിരിച്ചുവരാതിരിക്കില്ല.

Exit mobile version