ഇവർ അമേരിക്കയെ തകർക്കും; ഓസ്‌കാർ ചിത്രം പാരസൈറ്റിന്റെ സംവിധായകന് എതിരെ വിദ്വേഷ ട്വീറ്റുമായി അമേരിക്കൻ ടിവി അവതാരകൻ

ന്യൂയോർക്ക്: 92-ാമത് അക്കാദമി പുരസ്‌കാര വേദിയിൽ തിളങ്ങിയ പാരസൈറ്റ് എന്ന ദക്ഷിണ കൊറിയൻ ചിത്രത്തേയും അതിന്റെ സംവിധായകനായ ബോങ് ജൂ ഹോയ്ക്ക് എതിരേയും വിദ്വേഷ ട്വീറ്റുമായി അമേരിക്കയിലെ ടിവി അവതാരകൻ ജോൺ മില്ലർ. ഓസ്‌കാർ വേദിയിൽ 4 പുരസ്‌കാരങ്ങൾ നേടിയാണ് പാരസൈറ്റ് താരമായത്. അതേസമയം, പുരസ്‌കാരം വാങ്ങിയ ശേഷം കൊറിയൻ ഭാഷയിൽ നന്ദി പറഞ്ഞതിനാണ് പാരസൈറ്റ് സംവിധായകൻ ബോങ് ജൂ ഹോയ്ക്ക് എതിരെ ബ്ലേസ് ടിവി അവതാരകനായ ജോൺ മില്ലർ രംഗത്തെത്തിയത്.

”ബോങ് ജൂ ഹോ എന്നയാൾ മികച്ച തിരക്കഥയ്ക്ക് വൺസ് അപോൺ എ ടൈമിനെയും 1917 നെയും പിന്നിലാക്കി പുരസ്‌കാരം നേടിയിരിക്കുന്നു. നന്ദി പ്രസംഗം ഇങ്ങനെയായിരുന്നു, ഗ്രേറ്റ് ഹോണർ താങ്ക് യു. പിന്നീട് അദ്ദേഹം കൊറിയൻ ഭാഷയിലാണ് അദ്ദേഹം പ്രസംഗം തുടർന്നത്. ഇത്തരത്തിലുള്ള ആൾക്കാർ അമേരിക്കയുടെ നാശത്തിനാണ്,” ജോൺ മില്ലറിന്റെ ട്വീറ്റ് ഇങ്ങനെ.

എന്നാൽ മില്ലറുടെ വംശീയ പരാമർശത്തിനു നേരെ വ്യാപക പ്രതിഷേധമാണ് ട്വിറ്ററിൽ ഉയർന്നത്. എഴുത്തുകാരൻ യാഷർ അലിയുൾപ്പെടയുള്ളവർ ജോൺ മില്ലറിനെതിരെ രംഗത്തെത്തി.

ഓസ്‌കാർ വേദിയിൽ പ്രധാന പുരസ്‌കാരങ്ങൾ വാങ്ങി തിളങ്ങുന്ന ആദ്യ ഏഷ്യൻ ചിത്രമാണ് പാരസൈറ്റ്. മികച്ച ചിത്രം, മികച്ച സംവിധായകൻ, മികച്ച തിരക്കഥ, മികച്ച അന്താരാഷ്ട്ര ചിത്രം എന്നിങ്ങനെ നാലു പുരസ്‌കാരങ്ങളാണ് പാരസൈറ്റ് നേടിയത്. പാരസൈറ്റിലൂടെ മികച്ച സംവിധായകനായി ബോങ് ജൂ ഹോ തെരഞ്ഞെടുക്കപ്പെടുകയായിരുന്നു.

Exit mobile version