അംബരീഷീന്റെ വിയോഗം ഹൃദയഭേദകം; മോഹന്‍ലാല്‍

ഹൃദയാഘാതത്തെ തുടര്‍ന്ന് ബെംഗളൂരുവിലെ ഒരു സ്വകാര്യ ആശുപത്രിയില്‍ ഇന്നലെ രാത്രിയോടെ അന്തരിച്ച പ്രിയതാരത്തെ അവസാനമായി കാണാന്‍ നിരവധി പ്രമുഖരാണ് എത്തിയത്

കന്നഡ നടനും രാഷ്ട്രീയനേതാവുമായ അംബരീഷിന്റെ അപ്രതീക്ഷിത വിയോഗത്തില്‍ ദുഃഖം രേഖപ്പെട്ടുത്തി മോഹന്‍ലാല്‍. പ്രിയ സുഹൃത്തും സഹോദരനുമായ അംബരീഷിന്റെ വിയോഗവാര്‍ത്ത ഹൃദയഭേദകമാണെന്നാണ് മോഹന്‍ലാല്‍ കുറിച്ചത്. കുടുംബത്തിന് അനുശോചനങ്ങള്‍ അറിയിച്ച മോഹന്‍ലാല്‍ പ്രാര്‍ത്ഥനയും സ്‌നേഹവും പങ്കുവെച്ചു.

ഹൃദയാഘാതത്തെ തുടര്‍ന്ന് ബെംഗളൂരുവിലെ ഒരു സ്വകാര്യ ആശുപത്രിയില്‍ ഇന്നലെ രാത്രിയോടെ അന്തരിച്ച പ്രിയതാരത്തെ അവസാനമായി കാണാന്‍ നിരവധി പ്രമുഖരാണ് എത്തിയത്. രാഷ്ട്രീയ സിനിമ സാംസ്‌കാരിക മേഖലയിലെ പ്രമുഖര്‍ സോഷ്യല്‍ മീഡിയയിലൂടെയും അംബരീഷിന്റെ മരണവാര്‍ത്തയിലെ ഞെട്ടല്‍ രേഖപ്പെടുത്തി. അത്ഭുതം ജനിപ്പിക്കുന്ന മനുഷ്യനായിരുന്നു അംബരീഷെന്ന് രജനികാന്ത് ട്വിറ്ററില്‍ കുറിച്ചു.

1970-കളില്‍ തുടര്‍ച്ചയായി ഹിറ്റുകള്‍ സൃഷ്ടിച്ചു കൊണ്ടാണ് അംബരീഷ് കന്നഡ സിനിമയില്‍ തരംഗം സൃഷ്ടിക്കുന്നത്. അംബി എന്ന ഓമനപ്പേരില്‍ അറിയപ്പെട്ടിരുന്ന അദ്ദേഹത്തെ റിബല്‍ സ്റ്റാര്‍ എന്നായിരുന്നു ആരാധകര്‍ വിശേഷിപ്പിച്ചത്.

Exit mobile version