സുന്ദരനല്ലെന്ന് എനിക്ക് സ്വയം ബോധ്യമുണ്ടായിരുന്നു, ഇത്രകാലം മലയാളസിനിമയില്‍ നിന്നോളാം എന്ന് ആര്‍ക്കും വാക്കുകൊടുത്തിട്ടില്ല; അഹങ്കാരം കൊണ്ട് പറയുന്നതല്ലെന്ന് മോഹന്‍ലാല്‍

എത്ര മനോഹരമായ ശില്പത്തിനും അല്പം പ്രശ്നമുള്ള ശില്പത്തിനും ഒരുപോലെ ഭംഗിതോന്നാവുന്ന സാഹചര്യം വരും. ആള്‍ക്കാര്‍ക്ക് കണ്ടുകണ്ടാണ് അതിനോട് ഇഷ്ടം തോന്നുക, പിന്നീട് അത് ആള്‍ക്കാരുടെ മനസ്സില്‍ നല്ലതായി മാറും. അതിനുള്ള ഉദാഹരണമായിരിക്കും താനെന്ന് മലയാളികളുടെ പ്രിയ നടന്‍ മോഹന്‍ലാല്‍. തന്റെ സിനിമ ജീവിതത്തിലെ വഴിത്തിരിവുകളെ കുറിച്ച് ഓര്‍ത്തെടുക്കുകയായിരുന്നു താരം.

തിരനോട്ടം എന്ന ചിത്രത്തിലൂടെയാണ് മോഹന്‍ലാല്‍ സിനിമയിലെത്തിയത്. എന്നാല്‍ ആദ്യ ചിത്രത്തിലെ വേഷം അത്രത്തോളം ശ്രദ്ധിക്കപ്പെട്ടില്ല. മഞ്ഞില്‍ വിരിഞ്ഞ പൂക്കളിലൂടെയാണ് മോഹന്‍ലാല്‍ ജനശ്രദ്ധ നേടുന്നത്. ഫാസില്‍ സംവിധാനം ചെയ്ത് 1980 ല്‍ പുറത്തിറങ്ങിയ ചിത്രത്തില്‍ വില്ലനായായിരുന്നു താരം അരങ്ങേറ്റം കുറിച്ചത്.

അന്ന് മോഹന്‍ലാലിന് 20 വയസ്സായിരുന്നു പ്രായം. ശങ്കറായിരുന്നു ചിത്രത്തിലെ നായകന്‍.’മഞ്ഞില്‍ വിരിഞ്ഞ പൂക്കളില്‍’ വരുമ്പോള്‍ സിനിമയില്‍ സുന്ദരനായകന്മാരുടെ കാലമായിരുന്നു. അന്ന് തനിക്കത്ര സൗന്ദര്യം ഉണ്ടെന്നൊന്നും തോന്നിയിട്ടില്ല. തനിക്ക് വില്ലന്റെ റോളായിരുന്നു ചിത്രത്തില്‍. ഒരു വില്ലന് വേണ്ടതെല്ലാം എന്റെ മുഖത്തും ശരീരത്തിലും ഉണ്ടായിരുന്നിരിക്കണം. അപ്പോള്‍ സുന്ദരനല്ലെന്ന് സ്വയം ബോധ്യമുണ്ടായിരുന്നുവെന്നും ഇപ്പോഴുമുണ്ടെന്നും ലാല്‍ പറഞ്ഞു.

എത്ര കാണാന്‍ കൊള്ളാത്തവനും കുറേക്കാലം സിനിമയില്‍ നിന്നാല്‍ നന്നാവും. ഉദാഹരണം ലാല്‍ തന്നെ എന്ന് ഒരിക്കല്‍ കെപി ഉമ്മര്‍ തന്നോട് പറഞ്ഞിരുന്നു. അദ്ദേഹം അത് തമാശയായിട്ടാണോ കാര്യമായിട്ടാണോ പറഞ്ഞതെന്ന് തനിക്കറിയില്ലെന്നും എന്തായാലും താനതിനെ പോസിറ്റീവായിത്തന്നെയാണ് സ്വീകരിച്ചതെന്നും മോഹന്‍ലാല്‍ പറഞ്ഞു.

സൗന്ദര്യത്തിലൊന്നും താന്‍ ശ്രദ്ധിച്ചിരുന്നില്ല. സിനിമയില്‍ ചെയ്യുന്ന കഥാപാത്രങ്ങളിലൂടെയാണ് നമുക്ക് സൗന്ദര്യം വരുന്നത്. അതിന്റെ ക്രെഡിറ്റ് എഴുത്തുകാരനും സംവിധായകനുമുള്ളതാണ്. ഏറ്റവും മനോഹരമായ ശില്പത്തിനും അല്പം പ്രശ്നമുള്ള ശില്‍പത്തിനും ഒരുപോലെ ഭംഗിതോന്നാവുന്ന സാഹചര്യം വരും. കണ്ടുകണ്ട് ഇഷ്ടപ്പെട്ട് ഇഷ്ടപ്പെട്ട് ആള്‍ക്കാരുടെ മനസ്സില്‍ നല്ലതായി മാറുക എന്നും താരം കൂട്ടിച്ചേര്‍ത്തു.

സിനിമയില്‍ നിന്നും ഔട്ടാകും എന്നതിനെക്കുറിച്ചോര്‍ത്ത് തനിക്ക് പേടിയൊന്നുമില്ല. താന്‍ ഇത്രകാലം മലയാളസിനിമയില്‍ നിന്നോളാം എന്ന് ആര്‍ക്കും വാക്കുകൊടുത്തിട്ടില്ല. ഒരു പാട് സിനിമകള്‍ ചെയ്യാമെന്ന് പ്രതിജ്ഞയെടുത്തിട്ടുമില്ലെന്നും അഹങ്കാരം കൊണ്ട് പറയുന്നതല്ലെന്നും മോഹന്‍ലാല്‍ പറഞ്ഞു. എപ്പോഴും തന്നെ സിനിമയോട് ചേര്‍ത്തുനിര്‍ത്തുന്ന ഒരു ശക്തിയുണ്ട്. അത് തന്നെ കാത്തോളുമെന്നും ലാല്‍ കൂട്ടിച്ചേര്‍ത്തു.

Exit mobile version