വെറും ഭാര്യയായി ഒതുക്കുമെന്ന ഭയം; അജയ് ദേവ്ഗണിന്റെ നായികയാവാനില്ലെന്ന് കീർത്തി സുരേഷ്; പകരം പ്രിയാ മണിയെത്തും

ബോളിവുഡിലെ മുൻനിര നായകൻ അജയ് ദേവ്ഗണിന്റെ നായികയായി ബോളിവുഡിലേക്ക് ചുവടുവെയ്ക്കാൻ ലഭിച്ച അവസരം വേണ്ടെന്ന് വെച്ച് തെന്നിന്ത്യൻ താരസുന്ദരി കീർത്തി സുരേഷ്. അമിത് ശർമ്മയുടെ സംവിധാനത്തിൽ അജയ് ദേവ്ഗൺ നായകനായെത്തുന്ന മൈദാൻ എന്ന ചിത്രമാണ് കീർത്തി ഉപേക്ഷിച്ചത്. നേരത്തെ കീർത്തി ചിത്രവുമായി സഹകരിക്കുമെന്ന വാർത്തകൾ സോഷ്യൽമീഡിയയിൽ ചർച്ചായിരുന്നു.

എന്നാൽ ഇപ്പോൾ കീർത്തി സുരേഷിനു പകരം പ്രിയാ മണിയെ നായികയായി പരിഗണിക്കുന്നു എന്നാണ് ടൈസ് ഓഫ് ഇന്ത്യയുടെ റിപ്പോർട്ട് പറയുന്നത്. അജയ് ദേവ്ഗണിന്റെ ഭാര്യയായുള്ള വേഷമായതിനാൽ ഇരുവരും തമ്മിലുള്ള പ്രായ വ്യത്യാസം പ്രകടമായി ദൃശ്യമാകും എന്നതിനാലാണ് കീർത്തി സുരേഷിനു പകരം പ്രിയാമണിയെ തെരഞ്ഞെടുക്കുന്നതെന്നാണ് റിപ്പോർട്ട്. മനോജ് ബാജ്പേയ് കേന്ദ്രകഥാപാത്രത്തെ അവതരിപ്പിച്ച ആമസോൺ പ്രൈം സീരീസായ ഫാമിലിമാനിൽ പ്രത്യക്ഷപ്പെട്ട പ്രിയാമണി ഇപ്പോൾ ബോളിവുഡിലും ശ്രദ്ധേയായി നിൽക്കുന്ന സമയമാണ്. വൻ വിജയമായ ഫാമിലിമാന്റെ രണ്ടാം സീസണിലും പ്രിയാമണി എത്തുന്നുണ്ട്. ഇതിനിടെയാണ് പ്രിയയെ തേടി അജയ് ദേവ്ഗണിന്റെ നായികാ വേഷം എത്തിയിരിക്കുന്നത്.

അതേസമയം, അജയ് ദേവ്ഗണിന്റെ ഭാര്യ വേഷം ചെയ്യാൻ നേരത്തെ തന്നെ കീർത്തിക്ക് താൽപര്യമുണ്ടായിരുന്നില്ല എന്നാണ് വിവരം. ബോളിവുഡിലെ ആദ്യ ചിത്രത്തിൽ തന്നെ ഭാര്യ വേഷം ചെയ്താൽ ടൈപ് കാസ്റ്റ് ചെയ്യപ്പെടാൻ സാധ്യതയുണ്ടെന്നായിരുന്നു കീർത്തിയുടെ ആശങ്ക.

Exit mobile version