വിവാദങ്ങള്‍ക്ക് മങ്ങലേല്‍പ്പിക്കാന്‍ സാധിച്ചില്ല; ദീപികയുടെ ഛപാക് ആദ്യ ദിനം നേടിയത് മികച്ച കളക്ഷന്‍

ചിത്രം റിലീസ് ചെയ്ത ദിവസം തന്നെ പ്രതീക്ഷിച്ച കലക്ഷന്‍ സ്വന്തമാക്കി.

മുംബൈ: വിവാദങ്ങള്‍ക്കിടയിലും വന്‍ നേട്ടം കൊയ്ത് ദീപിക പദുക്കോണിന്റെ ഛപാക്. ഏകദേശം അഞ്ച് കോടിക്ക് മുകളില്‍ ഛപാക് തിയ്യേറ്ററുകളില്‍ നിന്ന് ഒന്നാം ദിനം നേടിയെന്ന് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. വെള്ളിയാഴ്ചാണ് ദീപിക പ്രധാന കഥാപാത്രമായി എത്തിയ ഛപാക് റിലീസ് ചെയ്തത്. ചിത്രം റിലീസ് ചെയ്ത ദിവസം തന്നെ പ്രതീക്ഷിച്ച കലക്ഷന്‍ സ്വന്തമാക്കി.

ആസിഡ് ആക്രമണത്തിനിരയായ ലക്ഷ്മി അഗര്‍വാളിന്റെ ജീവിതം പറയുന്ന ചിത്രമാണ് ഛപാക്. സെയ്ഫ് അലി ഖാന്‍, അജയ് ദേവ്ഗണ്‍ എന്നിവര്‍ അഭിനയിച്ച മള്‍ട്ടി സ്റ്റാര്‍ ചിത്രം തനാജി: ദ അണ്‍സംഗ് ഹീറോ എന്ന ചിത്രത്തിനിടയിലും ഛപാക് മികച്ച പ്രകടനം നടത്തുന്നതായി ബോളിവുഡ് അനലിസ്റ്റുകള്‍ പറയുന്നു.

ഇന്ത്യയില്‍ 1700 തിയ്യേറ്ററുകളിലാണ് ചിത്രം റിലീസ് ചെയ്തത്. തനാജി 3880 തിയ്യേറ്ററുകളില്‍ റിലീസ് ചെയ്തു. ഛപാക്കിലെ പ്രകടനത്തിന് ദീപികയെ ബോളിവുഡിലെ പ്രമുഖര്‍ പ്രശംസയുമായെത്തി. ദീപികയുടെ കരിയര്‍ ബെസ്റ്റ് പ്രകടനാണ് ഛപാക്കിലേതെന്നാണ് വിലയിരുത്തല്‍.

അതേസമയം, ജെഎന്‍യുവിലെ വിദ്യാര്‍ത്ഥികള്‍ക്ക് പിന്തുണയുമായി ദീപിക പദുകോണ്‍ ക്യാമ്പസില്‍ എത്തിയിരുന്നു. ഇത് വന്‍ വിവാദത്തിന് ഇടയാക്കുകയും ചെയ്തു. ഛപാക്കിന്റെ പ്രമോഷന് വേണ്ടിയാണ് ദീപിക ജെഎന്‍യുവിലെത്തിയതെന്ന് ബിജെപി, സംഘ്പരിവാര്‍ നേതാക്കള്‍ ആരോപിച്ചിരുന്നു. അതേസമയം മധ്യപ്രദേശ്, പുതുച്ചേരി തുടങ്ങിയ കോണ്‍ഗ്രസ് ഭരിക്കുന്ന സംസ്ഥാനങ്ങള്‍ ചിത്രത്തിന് നികുതിയിളവ് നല്‍കി.

Exit mobile version