ഷെയ്ന്‍ നിഗം വിഷയം; ‘എഎംഎംഎ’യുടെ നിര്‍വാഹക സമിതി യോഗം ഇന്ന് കൊച്ചിയില്‍

വിഷയം ചര്‍ച്ച ചെയ്യുന്നതിനായി താരസംഘടന ഷെയ്‌നിനെ യോഗത്തിലേക്ക് വിളിപ്പിച്ചിട്ടുണ്ട്

ഷെയ്ന്‍ നിഗത്തിനെ പ്രൊഡ്യൂസേഴ്‌സ് അസോസിയേഷന്‍ വിലക്കിയ കാര്യം ചര്‍ച്ച ചെയ്ത് തീരുമാനം എടുക്കുന്നതിനായി എഎംഎംഎയുടെ നിര്‍വാഹക സമിതി യോഗം ഇന്ന് കൊച്ചിയില്‍ ചേരും. വിഷയം ചര്‍ച്ച ചെയ്യുന്നതിനായി താരസംഘടന ഷെയ്‌നിനെ യോഗത്തിലേക്ക് വിളിപ്പിച്ചിട്ടുണ്ട്. ഷെയ്ന്‍ ‘ഉല്ലാസം’ എന്ന ചിത്രത്തിന്റെ ഡബ്ബിംഗ് പൂര്‍ത്തിയാക്കാതെ ഒത്തുതീര്‍പ്പ് ചര്‍ച്ചകള്‍ക്കില്ലെന്ന നിലപാടിലാണ് നിര്‍മ്മാതാക്കള്‍.

അതേസമയം പ്രതിഫലതുക അധികം നല്‍കാതെ ചിത്രത്തിന്റെ ഡബ്ബിംഗ് പൂര്‍ത്തികരിക്കില്ലെന്ന നിലപാടിലാണ് ഷെയ്ന്‍ നിഗം. ഈ സാഹചര്യത്തില്‍ മുടങ്ങിയ ചിത്രങ്ങള്‍ പൂര്‍ത്തിയാക്കുന്ന കാര്യത്തില്‍ ഷെയ്‌നുമായി ധാരണ ഉണ്ടാക്കാനാണ് താര സംഘടനയുടെ ശ്രമം.

എന്നാല്‍ ഷെയ്‌നിനെതിരെ കര്‍ശന നിലപാടുമായി മുന്നോട്ടുപോകാന്‍ തന്നെയാണ് നിര്‍മ്മാതാക്കളുടെ സംഘടനയുടെ തീരുമാനം. ഷെയ്‌നുമായി കരാര്‍ ഉണ്ടായിരുന്ന നാല് ചിത്രങ്ങള്‍ കൂടി ഉപേക്ഷിക്കാനാണ് നിര്‍മ്മാതാക്കളുടെ തീരുമാനം. അഡ്വാന്‍സ് നല്‍കിയ തുക തിരിച്ച് വാങ്ങാനാണ് തീരുമാനം. നിര്‍മ്മാതാക്കളുടെ സംഘടനയായ പ്രൊഡ്യൂസേഴ്‌സ് അസോസിയേഷന്‍ ട്രഷറര്‍ ബി രാകേഷും ചിത്രം ഉപേക്ഷിക്കുന്നതായി അറിയിച്ച് രംഗത്തെത്തിയിട്ടുണ്ട്.

Exit mobile version