‘ഷെയ്‌നിന്റെ ഭാഗത്ത് നിന്നുള്ള വീഴ്ചകള്‍ പരിഹരിച്ചിട്ടുണ്ടെന്ന് എഎംഎംഎ ഉറപ്പ് നല്‍കണം’; ബി ഉണ്ണിക്കൃഷ്ണന്‍

ഷെയ്‌നിന്റെ പൂര്‍ണ ഉത്തരവാദിത്വം സംഘടന ഏറ്റെടുക്കണമെന്ന് ഞങ്ങള്‍ പറയുന്നില്ല

ഷെയ്ന്‍ നിഗം വിഷയത്തില്‍ താരസംഘടനയായ എഎംഎംഎ ഉറപ്പ് നല്‍കിയാല്‍ മാത്രമേ പ്രശ്‌നം പരിഹരിക്കാന്‍ സാധിക്കുകയുള്ളൂവെന്ന് സംവിധായകന്‍ ബി ഉണ്ണിക്കൃഷ്ണന്‍. ‘ഷെയ്ന്‍ നിഗത്തിനെ പ്രൊഡൂസേഴ്‌സ് അസോസിയേഷന്‍ വിലക്കിയ പ്രശ്‌നം പരിക്കണമെങ്കില്‍ താരസംഘടനായ എഎംഎംഎ ഷെയ്നിന്റെ ഭാഗത്തു നിന്നുള്ള വീഴ്ചകള്‍ പരിഹരിച്ചിട്ടുണ്ടെന്ന് ഉറപ്പു നല്‍കണം. ഷെയ്‌നിന്റെ പൂര്‍ണ ഉത്തരവാദിത്വം സംഘടന ഏറ്റെടുക്കണമെന്ന് ഞങ്ങള്‍ പറയുന്നില്ല. എങ്കിലും ഷെയ്നിന്റെ ഭാഗത്ത് നിന്ന് ഇനി ഇത്തരത്തിലുള്ള ഒരു വീഴ്ച ഉണ്ടാവില്ലെന്ന കാര്യത്തില്‍ ഒരു ഉറപ്പ് എഎംഎംഎ നല്‍കണം. അടുത്ത എക്സ്‌ക്യൂട്ടീവ് കമ്മിറ്റിയില്‍ അത് ചര്‍ച്ച ചെയ്യുമെന്ന് കരുതുന്നു’ എന്നാണ് ഒരു പ്രമുഖ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ ബി ഉണ്ണിക്കൃഷ്ണന്‍ പറഞ്ഞത്.

അതേസമയം ജനുവരി ഒമ്പതിന് കൊച്ചിയില്‍ വെച്ച് നടക്കുന്ന എഎംഎംഎയുടെ എക്‌സിക്യൂട്ടീവ് യോഗത്തില്‍ ഷെയ്‌ന് പറയാനുള്ള കാര്യങ്ങള്‍ കേള്‍ക്കും. ഷെയ്നും നിര്‍മ്മാതാക്കളുമായുള്ള പ്രശ്‌നം പരിഹരിക്കാനുള്ള നീക്കങ്ങളാണ് താരസംഘടന ഇപ്പോള്‍ നടത്തുന്നത്. ‘ഉല്ലാസം’ എന്ന ചിത്രത്തിന്റെ ഡബ്ബിംഗ് പൂര്‍ത്തിയാക്കുന്നതിലും ‘വെയില്‍’, ‘ഖുര്‍ബാനി’ ചിത്രങ്ങളുടെ ചിത്രീകരണം പൂര്‍ത്തിയാക്കുന്നതിലും ഷെയ്നിന്റെ കൈയില്‍ നിന്ന് എഎംഎംഎ ഉറപ്പ് വാങ്ങും. ഇതിന് ശേഷമായിരിക്കും ഭാരവാഹികള്‍ പ്രൊഡ്യൂസേഴ്സ് അസോസിയേഷനുമായി ചര്‍ച്ച നടത്തുക. രണ്ടാഴ്ചയ്ക്കുള്ളില്‍ ഈ വിഷയത്തില്‍ പരിഹാരമുണ്ടാകുമെന്നാണ് സൂചന.

കഴിഞ്ഞ ദിവസം നിര്‍മ്മാതാക്കളെ മനോരോഗികള്‍ എന്ന് വിളിച്ചതില്‍ മാപ്പ് പറഞ്ഞ് നടന്‍ ഷെയ്ന്‍ നിഗം രംഗത്ത് എത്തിയിരുന്നു. തന്റെ പരാമര്‍ശത്തില്‍ ഖേദം പ്രകടിപ്പിക്കുന്നതായും തനിക്ക് മാപ്പ് നല്‍കണമെന്നും കാണിച്ചാണ് താരം നിര്‍മ്മാതാക്കള്‍ക്ക് കത്ത് നല്‍കിയത്. തന്റെ പ്രസ്താവനയില്‍ ആര്‍ക്കെങ്കിലും വിഷമം ഉണ്ടായെങ്കില്‍ ഖേദം പ്രകടിപ്പിക്കുന്നതായും അത്തരത്തിലൊരു പരാമര്‍ശം മനപൂര്‍വ്വമായല്ല നടത്തിയതെന്നുമാണ് താരം കത്തില്‍ വ്യക്തമാക്കിയത്.

Exit mobile version