പുരസ്‌കാരങ്ങളെ രാഷ്ട്രീയവത്കരിക്കരുത്; സുഡാനി ടീമിനെ വിമര്‍ശിച്ച് മേജര്‍ രവി

പൗരത്വ നിയമ ഭേദഗതിയില്‍ പ്രതിഷേധിച്ച് ദേശീയ ചലച്ചിത്ര പുരസ്‌കാര ദാനച്ചടങ്ങ് ബഹിഷ്‌കരിക്കുമെന്ന് വ്യക്തമാക്കിയ സുഡാനി ടീമിനെ വിമര്‍ശിച്ച് സംവിധായകന്‍ മേജര്‍ രവി. പുരസ്‌കാരങ്ങളെ രാഷ്ട്രീയവത്കരിക്കുന്നത് ശരിയല്ലെന്ന് ദേശീയ ചലച്ചിത്ര പുരസ്‌കാര സമിതിയിലെ ജൂറി അംഗം കൂടിയായ മേജര്‍ രവി പറഞ്ഞു.

പൗരത്വ നിയമ ഭേദഗതിയില്‍ പ്രതിഷേധിച്ച് ദേശീയ ചലച്ചിത്ര പുരസ്‌കാര ദാനച്ചടങ്ങ് ബഹിഷ്‌കരിക്കുമെന്ന് സുഡാനി ഫ്രം നൈജീരിയ സിനിമയുടെ അണിയറ പ്രവര്‍ത്തകര്‍ പറഞ്ഞിരുന്നു. സംവിധായകന്‍ സക്കരിയ മുഹമ്മദാണ് ഫേയ്‌സ്ബുക്കിലൂടെ പുരസ്‌കാരദാനച്ചടങ്ങ് ബഹിഷ്‌കരിക്കുമെന്ന് വ്യക്തമാക്കിയത്. കൂടാതെ ചിത്രത്തിന്റെ തിരക്കഥാകൃത്തായ മുഹ്‌സിന്‍ പരാരിയും നിര്‍മാതാക്കളും ചടങ്ങില്‍ നിന്ന് വിട്ടു നില്‍ക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

കൂടാതെ ചിത്രത്തിലെ അഭിനയത്തിന് പ്രത്യേക ജൂറി പരാമര്‍ശം ലഭിച്ച നടി സാവിത്രി ശ്രീധരനും ചടങ്ങ് ബഹിഷ്‌കരുക്കുമെന്ന് അറിയിച്ചിട്ടുണ്ട്. മികച്ച മലയാള സിനിമയ്ക്കുള്ള പുരസ്‌കാരം സുഡാനി ഫ്രം നൈജീരിയയ്ക്ക് ലഭിച്ചിരുന്നു.

Exit mobile version