മാലിന്യക്കൂമ്പാരത്തിലെ ദേശീയ പതാകയ്ക്ക് ആദരം: അമലിനെ നേരില്‍ കണ്ട് സല്യൂട്ടടിച്ച് അനുമോദിച്ച് മേജര്‍ രവി

കൊച്ചി: കടത്തുകടവ് റോഡില്‍ മാലിന്യക്കൂമ്പാരത്തില്‍ ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തിയ ദേശീയ പതാകയ്ക്ക് സല്യൂട്ട് അടിച്ച് സൈബര്‍ ലോകത്ത് വൈറലായ പോലീസ് ഉദ്യോഗസ്ഥനെ നേരില്‍ കണ്ട് അനുമോദിച്ച് സംവിധായകന്‍ മേജര്‍ രവി.

മാലിന്യക്കൂമ്പാരത്തില്‍ ഉപേക്ഷിക്കപ്പെട്ട നിലയില്‍ ദേശീയ പതാക കണ്ടെത്തിയെന്ന് അറിഞ്ഞ് സ്ഥലത്തെത്തിയ തൃപ്പൂണിത്തുറ ഹില്‍പാലസ് പോലീസ് സ്റ്റേഷനിലെ അമല്‍ എന്ന പോലീസുകാരനാണ് സല്യൂട്ട് ചെയ്ത ശേഷം പതാക ആദരവോടെ മടക്കി വച്ച് കൈയ്യടികള്‍ നേടിയത്.

അമലിനെപ്പോലെയുള്ള മനുഷ്യര്‍ ഇന്നത്തെ യുവതലമുറയ്ക്ക് മാതൃകയാണെന്നും യുവാക്കളെല്ലാം അമലിന്റെ രാജ്യസ്‌നേഹം കണ്ടുപഠിക്കണമെന്നും മേജര്‍ രവി പറഞ്ഞു.

”ഇന്ന് ഒരു പോലീസുകാരന്‍ എന്നെ അതിശയിപ്പിച്ചു. ഒരു കുപ്പത്തൊട്ടിയില്‍ നമ്മുടെ ദേശീയ പതാക വലിച്ചെറിഞ്ഞു കളഞ്ഞിരിക്കുന്നത് നമ്മളെല്ലാം വാര്‍ത്തകളില്‍ കണ്ടതാണ്. അത് കണ്ട തൃപ്പൂണിത്തുറ ഹില്‍ പാലസ് പോലീസ് സ്റ്റേഷനിലെ അമല്‍ എന്ന പോലീസുകാരന്‍ ആദ്യം ചെയ്തത് ആ പതാകയ്ക്ക് ഒരു സല്യൂട്ട് കൊടുത്തുകൊണ്ട് പതാകകളെല്ലാം വാരിക്കെട്ടി വണ്ടിക്കയ്കത്ത് ഇടുകയായിരുന്നു. പത്രത്തില്‍ വന്ന വാര്‍ത്ത കണ്ടിട്ട് അദ്ദേഹത്തെ കാണാന്‍ ഞാനിന്ന് പോലീസ് സ്റ്റേഷനില്‍ വന്നിരിക്കുകയാണ്.

നിങ്ങള്‍ ഓരോ ചെറുപ്പക്കാരും ഇതുപോലെയുള്ള പ്രവര്‍ത്തികള്‍ ചെയ്യൂ. നിങ്ങള്‍ക്കെല്ലാം വേണ്ടി ഞാന്‍ അദ്ദേഹത്തെ സല്യൂട്ട് ചെയ്യുകയാണ്. ഇത് നിങ്ങള്‍ക്ക് ഓരോരുത്തര്‍ക്കും ഒരു പാഠമാകണം.

കുപ്പത്തൊട്ടിയില്‍ ദേശീയപതാക കിടക്കുന്നതറിഞ്ഞ അമല്‍ എന്ന പോലീസുകാരന്‍ കേസ് അന്വേഷിക്കുന്ന സംഘത്തോടൊപ്പമാണ് അവിടെ എത്തിയത്. അവിടെയെത്തിയ അദ്ദേഹം ആദ്യം ചെയ്തത് പതാകയെ നോക്കി സല്യൂട്ട് അടിക്കുകയായിരുന്നു. ”ഇത് എന്റെ ദേശീയ പതാക ആണ് ഇതിനെ ഇനി ഞാന്‍ അപമാനിക്കാന്‍ അനുവദിക്കില്ല” എന്നാണു അദ്ദേഹം പറഞ്ഞത്.

അതിനു ശേഷം അദ്ദേഹം അവയെല്ലാം പെറുക്കി ജീപ്പില്‍ വച്ചു. അമല്‍ എന്ന പോലീസുകാരനോട് എനിക്ക് നിറഞ്ഞ സ്‌നേഹമുണ്ട്. എന്റെ പതാക എന്റെ അഭിമാനമാണ്.

ഈ മണ്ണ് ഉണ്ടെങ്കില്‍ മാത്രമേ മക്കളെ നിങ്ങള്‍ ഉള്ളൂ. ഈ മണ്ണിനെ നിങ്ങള്‍ക്ക് മാത്രമേ സംരക്ഷിക്കാന്‍ കഴിയൂ അതിനു ആദ്യം വേണ്ടത് രാജ്യസ്‌നേഹമുള്ള ഒരു പൗരനാവുക എന്നതാണ്. നിങ്ങള്‍ ഏതു രാഷ്ട്രീയ പാര്‍ട്ടിയില്‍ വിശ്വസിച്ചാലും രാജ്യസ്‌നേഹം ആയിരിക്കണം ആദ്യം ഉണ്ടാകേണ്ടത്.

മണ്ണൂത്തിയിലെ വെറ്റിനറി കോളജിലെ കുറച്ചു വിദ്യാര്‍ഥികള്‍ പശുക്കളെയും കൊണ്ടു നില്‍ക്കുന്ന ഒരു വാര്‍ത്തയും ഞാന്‍ ഇന്ന് കണ്ടു. സ്റ്റാഫ് സമരത്തിനിറങ്ങിയപ്പോള്‍ അവിടെത്തെ വിദ്യാര്‍ഥികള്‍ നാല് പശുക്കളുടെ പ്രസവം എടുത്ത് അതിനെയെല്ലാം വൃത്തിയാക്കി അവയ്ക്ക് വേണ്ട ശുശ്രൂഷ കൊടുക്കുകയാണ്. സ്റ്റാഫ് ചെയ്യേണ്ട പണി അല്ലെ എന്ന് കരുതി വേണമെങ്കില്‍ വിദ്യാര്‍ഥികള്‍ക്ക് മാറി നില്‍ക്കാം, പക്ഷേ അവര്‍ അവരുടെ കടമ നിര്‍വഹിച്ചു.

ഇത്തരത്തിലുള്ള പ്രവര്‍ത്തികള്‍ എനിക്ക് അഭിമാനിക്കാന്‍ വക നല്‍കുന്നു. അമല്‍ എന്ന പോലീസുകാരനും വെറ്റിനറി വിദ്യാര്‍ത്ഥികളും നിങ്ങള്‍ക്ക് എല്ലാവര്‍ക്കും ഒരു മാതൃകയാകട്ടെ. നിങ്ങളൊക്കെയാണ് രാജ്യത്തിന്റെ ഭാവി. നിങ്ങളുടെ നല്ല പ്രവര്‍ത്തികള്‍ കാണുമ്പൊള്‍ നമ്മുടെ രാജ്യം സുരക്ഷിതമാണെന്നോര്‍ത്ത് ഞങ്ങളെപ്പോലെയുള്ളവര്‍ പിന്നില്‍ നിന്ന് സന്തോഷിക്കും. ജാതിയും മതവും രാഷ്ട്രീയവും മറന്ന് രാജ്യമെന്ന വികാരത്തില്‍ എല്ലാവരും ഒറ്റക്കെട്ടായിരിക്കണം ജയ് ഹിന്ദ്.” മേജര്‍ രവി പറയുന്നു.

ചൊവ്വാഴ്ച രാവിലെയോടെയാണ് ഇരുമ്പനം കടത്തുകടവു റോഡില്‍ രണ്ടു ലോഡ് വരുന്ന മാലിന്യങ്ങള്‍ പൊതുസ്ഥലത്ത് ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തിയത്. കോസ്റ്റ്ഗാര്‍ഡിന്റെ പതാകയും ലൈഫ് ജാക്കറ്റ്, റെയിന്‍കോട്ട് തുടങ്ങിയവയോടൊപ്പമാണ് ദേശീയ പതാകയും കണ്ടെത്തിയത്.

Exit mobile version