‘വലിയപെരുന്നാളില്‍ നല്ലൊരു സിനിമ ഒരുക്കാനുള്ള എല്ലാ ശ്രമങ്ങളും നമുക്ക് കാണാന്‍ സാധിക്കും, വ്യക്തിവിരോധങ്ങളുടെ പേരില്‍ ഇത് കാണാതിരിക്കരുത്’; രാജീവ് രവി

ഇത്തരം പ്രവണത നമ്മുടെ സിനിമയ്ക്കും ഭാഷയ്ക്കും ഒരു തരത്തിലും ഗുണം ചെയ്യില്ല

ഷെയ്ന്‍ നിഗത്തിന്റെ തീയ്യേറ്ററുകളില്‍ എത്തിയ ഏറ്റവും പുതിയ ചിത്രമാണ് ‘വലിയ പെരുന്നാള്‍’. ചിത്രത്തിന് സമ്മിശ്ര പ്രതികരണമാണ് ലഭിച്ചിരിക്കുന്നത്. ഇപ്പോഴിതാ ചിത്രത്തെ പിന്തുണച്ച് രംഗത്ത് എത്തിയിരിക്കുകയാണ് സംവിധായകനും ഛായാഗ്രാഹകനുമായ രാജീവ് രവി. ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് ആണ് അദ്ദേഹം ചിത്രത്തെ പിന്തുണച്ച് രംഗത്ത് എത്തിയത്.

വലിയപെരുന്നാളില്‍ നല്ലൊരു സിനിമ ഒരുക്കാനുള്ള എല്ലാ ശ്രമങ്ങളും കാണാന്‍ സാധിക്കുന്നുണ്ടെന്നും ഒരുപറ്റം കലാകാരന്മാരുടെ ആത്മാര്‍ത്ഥ ശ്രമത്തെ ചില വ്യക്തിവിരോധങ്ങളുടെ പേരില്‍ കാണാതിരിക്കരുത്. ഇത്തരം പ്രവണത നമ്മുടെ സിനിമയ്ക്കും ഭാഷയ്ക്കും ഒരു തരത്തിലും ഗുണം ചെയ്യില്ല. മറിച്ച് ദോഷം ചെയ്യുമെന്നാണ് രാജീവ് രവി ഫേസ്ബുക്കില്‍ കുറിച്ചത്.

നവാഗതനായ ഡിമല്‍ ഡെന്നിസ് ആണ് ചിത്രത്തിന്റെ സംവിധായകന്‍. ഹിമിക ബോസ് ആണ് ചിത്രത്തിലെ നായിക. സൗബിന്‍ ഷാഹിര്‍, ജോജു ജോര്‍ജ് എന്നിവരാണ് ചിത്രത്തിലെ മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത്.

രാജീവ് രവിയുടെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണരൂപം,

സിനിമയെന്ന കലാരൂപത്തെ വര്‍ണ്ണ/ജാതി -മത വേര്‍തിരിവുകള്‍ക്കപ്പുറം ആസ്വദിക്കുന്നവരാണ് നമ്മളെല്ലാവരും. ഒരു സിനിമ അതിന്റെ സത്യത്തില്‍ നിന്നുകൊണ്ട് കാണാനും അംഗീകരിക്കാനും തയ്യാറാകണം. വലിയപെരുന്നാളില്‍ നല്ലൊരു സിനിമ ഒരുക്കാനുള്ള എല്ലാ ശ്രമങ്ങളും നമുക്ക് കാണാന്‍ സാധിക്കും. അതിന്റെ അണിയറക്കാര്‍ ഈ ചിത്രത്തെ മനോഹരമായാണ് ഒരുക്കിയിരിക്കുന്നത്. ഒരുപറ്റം കലാകാരന്മാരുടെ ആത്മാര്‍ത്ഥ ശ്രമത്തെ ചില വ്യക്തിവിരോധങ്ങളുടെ പേരില്‍ കാണാതിരിക്കരുത്. അതിനു വേണ്ടി എടുത്ത അവരുടെ ശ്രമങ്ങളെ നിഷ്‌കരുണം തള്ളരുത്. ആ പ്രവണത നമ്മുടെ സിനിമയ്ക്കും ഭാഷയ്ക്കുമൊന്നും ഒരു തരത്തിലും ഗുണം ചെയ്യില്ല. മറിച്ച് ദോഷം ചെയ്യും.

Exit mobile version