ഷെയ്ന്‍ നിഗം വിഷയം; കൊച്ചിയില്‍ ഇന്ന് പ്രൊഡ്യൂസേഴ്‌സ് അസോസിയേഷന്റെ യോഗം

താരത്തിനെതിരെ കര്‍ശന നടപടികള്‍ എടുക്കണമെന്നാണ് പ്രൊഡ്യൂസേഴ്‌സ് അസോസിയേഷനിലെ ഭൂരിഭാഗം അംഗങ്ങളുടേയും അഭിപ്രായം

മലയാള സിനിമയില്‍ ഷെയ്ന്‍ നിഗത്തിന് ഏര്‍പ്പെടുത്തിയ വിലക്ക് സംബന്ധിച്ച തുടര്‍ നടപടികള്‍ സ്വീകരിക്കുന്നതിനായി കൊച്ചിയില്‍ ഇന്ന് വീണ്ടും പ്രൊഡ്യൂസേഴ്‌സ് അസോസിയേഷന്റെ യോഗം. രാവിലെ പതിനൊന്ന് മണിക്കാണ് യോഗം ചേരുന്നത്. താരത്തിനെതിരെ കര്‍ശന നടപടികള്‍ എടുക്കണമെന്നാണ് പ്രൊഡ്യൂസേഴ്‌സ് അസോസിയേഷനിലെ ഭൂരിഭാഗം അംഗങ്ങളുടേയും അഭിപ്രായം.

അതേസമയം ഷെയ്‌നിന്റെ നിസഹകരണം കാരണം ഉപേക്ഷിക്കേണ്ടി വന്ന ചിത്രങ്ങള്‍ക്ക് ചെലവായ ഏഴ് കോടി രൂപ തിരികെ വാങ്ങാന്‍ നിയമ നടപടി വേണമെന്ന ആവശ്യവും ഉയര്‍ന്നിട്ടുണ്ട്. ഈ കാര്യവും ഇന്ന് നടക്കുന്ന യോഗത്തില്‍ ചര്‍ച്ചയാവുന്നുണ്ട്.

ഷെയ്ന്‍ നിര്‍മ്മാതാക്കളെ മനോരോഗികള്‍ എന്ന് വിളിച്ചത് ക്ഷമിക്കാനാവില്ലെന്ന നിലപാടിലാണ് സംഘടന. എന്നാല്‍ സംഭവത്തില്‍ താരം മാപ്പ് പറഞ്ഞിരുന്നു. ഈ സാഹചര്യത്തില്‍ തനിക്ക് അനുകൂലമായ തീരുമാനം സംഘടന കൈക്കൊള്ളുമെന്നാണ് പ്രതീക്ഷയെന്നാണ് താരം പ്രതികരിച്ചത്.

Exit mobile version