നമ്മുടെ ശബ്ദം നിശബ്ദമാക്കാന്‍ ഒരു തെമ്മാടിയെയും അനുവദിക്കരുത്; പൗരത്വ ഭേദഗതി നിയമത്തിനെതിരെ ആഞ്ഞടിച്ച് നടന്‍ പ്രകാശ് രാജ്

പൗരത്വ ഭേദഗതി നിയമത്തിനെതിരെയുള്ള പ്രതിഷേധം രാജ്യത്തുടനീളം ആളി കത്തുകയാണ്. ഇതിനിടെ പല സിനിമാ താരങ്ങളും സമരത്തിന് പിന്തുണയുമായി രംഗത്ത് എത്തിയിരുന്നു. ഇപ്പോള്‍ നടന്‍ പ്രകാശ് രാജ് പൗരത്വ ഭേദഗതി നിയമത്തിനെതിരെയുള്ള സമരത്തെ പിന്തുണച്ച് രംഗത്തെത്തിയിരിക്കുകയാണ്. ട്വിറ്ററിലൂടെയാണ് പ്രകാശ് രാജ് പിന്തുണ അറിയിച്ചത്.

”മൗനം സമ്മതമാണ്. നമ്മുടെ ശബ്ദം നിശബ്ദമാക്കാന്‍ ഒരു തെമ്മാടിയെയും അനുവദിക്കരുത്”- ഇന്ത്യക്കാര്‍ സിഎബിക്കെതിരെ, ജാമിഅക്കൊപ്പം എന്നീ ഹാഷ് ടാഗുകളോടെയാണ് ട്വീറ്റ്. നേരത്തെയും മോഡി സര്‍ക്കാരിന്റെ പല നയങ്ങള്‍ക്കെതിരെയും പ്രകാശ് രാജ് രൂക്ഷവിമര്‍ശനം ഉന്നയിച്ചിട്ടുണ്ട്.

പൗരത്വ ഭേദഗതി നിയമത്തിനെതിരെ പ്രതിഷേധിച്ച ജാമിഅ മില്ലിയയിലെ വിദ്യാര്‍ഥികള്‍ക്ക് നേരെ പോലീസ് നരനായാട്ടാണ് നടത്തിയത്. ഇതിനെതിരെ രാജ്യമാകെ പ്രതിഷേധം ഉയരുന്നതിനിടെയാണ് പ്രകാശ് രാജിന്റെ ട്വീറ്റ്.

നേരത്തെ പൗരത്വ ഭേദഗതി ബില്ലിനെതിരെ നടന്‍ സിദ്ധാര്‍ത്ഥും രംഗത്തെത്തിയിരുന്നു. ഫാസിസത്തിനോട് നോ പറഞ്ഞ് ഇന്ത്യയെ രക്ഷിക്കൂയെന്ന് താരം ട്വിറ്ററില്‍ കുറിച്ചിരുന്നു.

Exit mobile version