‘ലഹരി ഉപയോഗിക്കുന്ന ഒരുത്തനും എനിക്കൊപ്പം ഒരു പണിക്കും ഇറങ്ങരുതെന്നു ആദ്യമേ പറഞ്ഞിട്ടില്ലേ’; ഷെയ്ന്‍ നായകനാകുന്ന ‘വലിയ പെരുന്നാളിന്റെ ട്രെയിലര്‍ പുറത്തിറങ്ങി

ഷെയ്ന്‍ നിഗം നായകനാകുന്ന ഏറ്റവും പുതിയ ചിത്രം ‘വലിയ പെരുന്നാളിന്റെ ട്രെയിലര്‍ പുറത്തിറങ്ങി.നിര്‍മ്മാണ സംഘടനയുമായുള്ള വിഷയത്തില്‍ വിമര്‍ശകര്‍ക്കുള്ള മറുപടിയെന്നോണമാണ് ഒന്നര മിനിറ്റുള്ള ട്രെയിലറിലെ രംഗങ്ങള്‍. നടന്‍ വിനായകനാണ് ട്രെയിലറിന് ശബ്ദം നല്‍കിയിരിക്കുന്നത്.

‘ലഹരി ഉപയോഗിക്കുന്ന ഒരുത്തനും എനിക്കൊപ്പം ഒരു പണിക്കും ഇറങ്ങരുതെന്നു ആദ്യമേ പറഞ്ഞിട്ടില്ലേ’.- എന്ന ഡയലോഗ് വിമര്‍ശകര്‍ക്കുള്ള മറുപടി എന്ന രീതിയിലാണ് ചിത്രീകരിച്ചിരിക്കുന്നത്. ചിത്രത്തില്‍ ഡാന്‍സര്‍ ആയാണ് ഷെയ്ന്‍ എത്തുന്നത്.

നവാഗതനായ ഡിമല്‍ ഡെന്നിസാണ് ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്. ഡിമലിനൊപ്പം തസ്രീഖ് അബ്ദുള്‍ സലാമും ചേര്‍ന്നാണ് തിരക്കഥ രചിച്ചിരിക്കുന്നത്.

ഷെയ്‌നിനെ കൂടാതെ വിനായകന്‍, അതുല്‍ കുര്‍ക്കര്‍ണി, സൗബിന്‍ ഷാഹിര്‍, ജോജു ജോര്‍ജ്, അലന്‍സിയര്‍ തുടങ്ങിയവരും ചിത്രത്തില്‍ പ്രധാന വേഷങ്ങളിലെത്തും. ക്യാപ്റ്റന്‍ രാജു അവസാനമായി അഭിനയിച്ച ചിത്രം കൂടിയാണിത്.

അന്‍വര്‍ റഷീദ്, ഷുഹൈബ്, മോനിഷ രാജീവ് എന്നിവര്‍ ചേര്‍ന്നാണ് ചിത്രം നിര്‍മിക്കുന്നത്. സംഗീത സംവിധായകന്‍ റെക്‌സ് വിജയന്‍ ആണ് ചിത്രത്തിന് വേണ്ടി ഗാനങ്ങളൊരുക്കിയിരിക്കുന്നത്. ചിത്രം ഡിസംബര്‍ 20ന് തീയറ്ററുകളില്‍ എത്തും.

Exit mobile version