‘പുള്ള് ഗിരി’യായി ജയസൂര്യ; ആരാധകരെ ആവേശത്തിലാക്കി ‘തൃശ്ശൂര്‍ പൂര’ത്തിന്റെ ട്രെയിലര്‍

ഫ്രൈഡേ ഫിലിംസിന്റെ ബാനറില്‍ വിജയ് ബാബു നിര്‍മ്മിച്ച ചിത്രം ഡിസംബര്‍ ഇരുപതിന് തീയ്യേറ്ററുകളിലെത്തും

ജയസൂര്യ-വിജയ് ബാബു കൂട്ടുക്കെട്ടില്‍ ഒരുങ്ങുന്ന നാലാമത്തെ ചിത്രമായ ‘തൃശ്ശൂര്‍ പൂര’ത്തിന്റെ ട്രെയിലര്‍ പുറത്തുവിട്ടു. ‘പുള്ള് ഗിരി’ എന്ന കഥാപാത്രമായാണ് ജയസൂര്യ ചിത്രത്തില്‍ എത്തുന്നത്. ഗംഭീര ആക്ഷന്‍ രംഗങ്ങളാണ് പുറത്തുവിട്ട ട്രെയിലറിലുള്ളത്.

സ്വാതി റെഡ്ഡിയാണ് ചിത്രത്തിലെ നായിക. രാജേഷ് മോഹനാണ് ചിത്രത്തിന്റെ സംവിധായകന്‍. തൃശ്ശൂരിന്റെ ജീവിതവുമായി ബന്ധപ്പെട്ട, തൃശ്ശൂര്‍ പൂരത്തിന്റെ എല്ലാ ഭാവങ്ങളും പറയുന്ന ഒരു സിനിമയായിരിക്കും ഇതെന്നാണ് അണിയറപ്രവര്‍ത്തകര്‍ പറയുന്നത്. സംഗീത സംവിധായകന്‍ രതീഷ് വേഗയാണ് ചിത്രത്തിന് തിരക്കഥയും സംഭാഷണവും ഒരുക്കിയിരിക്കുന്നത്. രതീഷ് വേഗ ആദ്യമായി തിരക്കഥയും സംഭാഷണവും ഒരുക്കുന്ന ചിത്രം കൂടിയാണിത്.

സുദേവ് നായര്‍, ഇന്ദ്രന്‍സ്, സാബുമോന്‍, ബാലചന്ദ്രന്‍ ചുള്ളിക്കാട്, മല്ലിക സുകുമാരന്‍, സുധീര്‍ കരമന, ടിജി രവി എന്നിവരാണ് ചിത്രത്തിലെ മറ്റ് താരങ്ങള്‍. ഫ്രൈഡേ ഫിലിംസിന്റെ ബാനറില്‍ വിജയ് ബാബു നിര്‍മ്മിച്ച ചിത്രം ഡിസംബര്‍ ഇരുപതിന് തീയ്യേറ്ററുകളിലെത്തും.

Exit mobile version