‘സംവിധാനം ചെയ്യാന്‍ എനിക്ക് പ്ലാനില്ല, മമ്മൂട്ടിയെ നായകനാക്കി ചിത്രം ചെയ്യുന്നുവെന്ന വാര്‍ത്ത തെറ്റ്’; ടിനി ടോം

സലീംകുമാറിനെ ഒട്ടേറെത്തവണ കൊന്നവര്‍ എന്നെയും നശിപ്പിക്കാന്‍ വേണ്ടി പടച്ചുവിട്ട വ്യാജ വാര്‍ത്തയാണിത്

മമ്മൂട്ടിയെ നായകനാക്കി താന്‍ ബിഗ് ബജറ്റ് ചിത്രം ചെയ്യുന്നുവെന്ന വാര്‍ത്ത തെറ്റാണെന്ന് ടിനി ടോം. പ്രവാസിയായ അഷറഫ് താമരശ്ശേരിയുടെ ജീവിതകഥയെ ആസ്പദമാക്കി താനൊരു തിരക്കഥ എഴുതിയിട്ടുണ്ട്. എന്നാല്‍ അത് സംവിധാനം ചെയ്യാന്‍ തനിക്കൊരു പ്ലാനുമില്ലെന്നാണ് ടിനി ടോം ഒരു മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ വ്യക്തമാക്കിയത്.

‘മമ്മൂട്ടിയെ നായകനാക്കി ഒരു ബിഗ് ബജറ്റ് ചിത്രം സംവിധാനം ചെയ്യാന്‍ പോകുന്നു എന്ന വാര്‍ത്ത തെറ്റാണ്. ഇതിനുപിന്നില്‍ ഒരു ചതിയുടെ മണമുണ്ട്. സലീംകുമാറിനെ ഒട്ടേറെത്തവണ കൊന്നവര്‍ എന്നെയും നശിപ്പിക്കാന്‍ വേണ്ടി പടച്ചുവിട്ട വ്യാജ വാര്‍ത്തയാണിത്. ഒരു സിനിമ സംവിധാനം ചെയ്യണമെങ്കില്‍ ഒന്നരവര്‍ഷമെങ്കിലും ഹോംവര്‍ക്ക് ചെയ്യണം. പ്രവാസിയായ അഷറഫ് താമരശ്ശേരിയുടെ ജീവിതകഥയെ അടിസ്ഥാനമാക്കി ഒരു തിരക്കഥ ഞാന്‍ എഴുതിയെന്നത് സത്യമാണ്. അത് സംവിധാനംചെയ്യാന്‍ എനിക്ക് പ്ലാനില്ല.

ഇപ്പോള്‍ സിനിമയില്‍ നല്ല വേഷങ്ങള്‍ കിട്ടിക്കൊണ്ടിരിക്കുകയാണ്. ഈ അവസരത്തില്‍ ഞാന്‍ സംവിധാനത്തിലേക്ക് ഇറങ്ങുന്നു എന്ന വാര്‍ത്ത വന്നാല്‍ ആരും എന്നെ അഭിനയിക്കാന്‍ വിളിക്കില്ല. തല്‍ക്കാലം അഭിനയം വിട്ട് എങ്ങോട്ടും പോകാന്‍ ഉദ്ദേശിക്കുന്നില്ല. സംവിധാനം എന്നത് എന്റെ ചിന്തയില്‍പ്പോലുമില്ലാത്ത കാര്യമാണ്. സിനിമാ നടനെന്ന നിലയില്‍ എന്നെ ആളുകള്‍ പരിഗണിച്ച് തുടങ്ങിയിട്ടേയുള്ളൂ. ഇനിയും നല്ല കുറെ കഥാപാത്രങ്ങള്‍ അഭിനയിക്കണമെന്ന ആഗ്രഹമുണ്ട്’ എന്നാണ് അഭിമുഖത്തില്‍ ടിനി ടോം വ്യക്തമാക്കിയത്.

Exit mobile version