‘ആദ്യമായാണ് ഗുഡ്‌വില്‍ തുടങ്ങിവെച്ച ഒരു സിനിമ വേണ്ടെന്ന് വയ്ക്കുന്നത്’; ജോബി ജോര്‍ജ്

ഫേസ്ബുക്ക് കുറിപ്പിലൂടെയാണ് അദ്ദേഹം ഇത് വ്യക്തമാക്കിയത്

ഷെയ്ന്‍ നിഗത്തിനെ നായകനാക്കി ഒരുക്കുന്ന ‘വെയില്‍’ സിനിമ ഉപേക്ഷിച്ചെന്ന് ഔദ്യോഗികമായി അറിയിച്ച് നിര്‍മ്മാതാവ് ജോബി ജോര്‍ജ്. ഫേസ്ബുക്ക് കുറിപ്പിലൂടെയാണ് അദ്ദേഹം ഇത് വ്യക്തമാക്കിയത്. ‘സ്‌നേഹിതരെ, ആദ്യമായി നമ്മുടെ ഗുഡ്‌വില്‍ തുടങ്ങിവെച്ച ഒരു സിനിമ,വെയില്‍ വേണ്ടെന്ന് വെയ്ക്കുകയാണ്, ഗുഡ്‌വില്‍ എല്ലായിപ്പോഴും ജനങ്ങള്‍ക്കും അസോസിയേഷനും ഒപ്പമാണ്.കൂടെയുണ്ടാവണം സ്‌നേഹത്തോടെ’ എന്നാണ് ജോബി ജോര്‍ജ് ഫേസ്ബുക്കില്‍ കുറിച്ചത്.

ഷെയ്ന്‍ നിഗം സഹകരിക്കാത്തതിനെ തുടര്‍ന്ന് കഴിഞ്ഞ ദിവസമാണ് പ്രൊഡ്യൂസേഴ്‌സ് അസോസിയേഷന്‍ ‘വെയില്‍’, ‘ഖുര്‍ബാനി’ സിനിമകള്‍ ഉപേക്ഷിക്കുന്നതായി അറിയിച്ചത്. ഇതിനു പുറമെ ഈ ചിത്രങ്ങള്‍ക്ക് ചെലവായ തുക തിരിച്ച് നല്‍കാതെ ഇനി ഷെയ്ന്‍ നിഗത്തിനെ മലയാള സിനിമയില്‍ അഭിനയിപ്പിക്കില്ല എന്നാണ് സംഘടനയുടെ തീരുമാനം. രണ്ട് ചിത്രങ്ങള്‍ക്കുമായി ഏഴുകോടി രൂപയാണ് ചെലവായതെന്നും സംഘടന വ്യക്തമാക്കി.

വിലക്കിന്റെ കാര്യം താരസംഘടനയായ എഎംഎംഎയെ അറിയിച്ചുണ്ടെന്നും ഷൂട്ടിങ് സെറ്റുകളില്‍ ലഹരി മരുന്നുകള്‍ ഉപയോഗിക്കുന്നുണ്ടോ എന്ന് കണ്ടെത്തണമെന്നും നിര്‍മ്മാതാക്കള്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.

Exit mobile version