കലിപ്പ് ലുക്കില്‍ മഞ്ജു വാര്യര്‍; ‘പ്രതി പൂവന്‍കോഴി’യുടെ ഫസ്റ്റ്‌ലുക്ക് പോസ്റ്റര്‍ പുറത്ത് വിട്ട് മോഹന്‍ലാല്‍

മലയാളത്തിലെ ലേഡി സൂപ്പര്‍സ്റ്റാര്‍ മഞ്ജുവാര്യരെ കേന്ദ്രകഥാപാത്രമാക്കി റോഷന്‍ ആന്‍ഡ്രൂസ് ഒരുക്കുന്ന ചിത്രം ‘പ്രതി പൂവന്‍കോഴി’യുടെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്ത് വിട്ടു. നടന്‍ മോഹന്‍ലാലാണ് തന്റെ ഔദ്യോഗിക ഫേസ്ബുക്ക് പേജിലൂടെ പോസ്റ്റര്‍ പുറത്തു വിട്ടത്. പൂവന്‍കോഴികള്‍ക്കിടയില്‍ കലിപ്പ് ലുക്കില്‍ നില്‍ക്കുന്ന മഞ്ജുവാണ് പോസ്റ്ററിലുള്ളത്.

‘ഹൗ ഓള്‍ഡ് ആര്‍ യു’ എന്ന ചിത്രത്തിന് ശേഷം മഞ്ജുവിനെ നായികയാക്കി റോഷന്‍ ആന്‍ഡ്രൂസ് ഒരുക്കുന്ന രണ്ടാമത്തെ ചിത്രമാണ് പ്രതി പൂവന്‍കോഴി. ചിത്രത്തില്‍ മാധുരി എന്ന സെയില്‍സ് ഗേളിന്റെ വേഷത്തിലാണ് മഞ്ജു എത്തുന്നത്. ഇവരുടെ ജീവിതത്തിലുണ്ടാകുന്ന അപ്രതീക്ഷിത സംഭവങ്ങളിലൂടെയാണ് ചിത്രം മുന്നോട്ടുപോകുന്നത്.

ഉണ്ണി ആറിന്റെ ഏറെ ചര്‍ച്ചയായ നോവല്‍ ‘പ്രതി പൂവന്‍ കോഴി’യുടെ ചലച്ചിത്രാവിഷ്‌കാരമാണ് ഈ ചിത്രം. ചിത്രത്തിലെ ആദ്യ ഗാനം 21 ന് പുറത്തിറങ്ങും. ഡിസംബര്‍ 20 ന് ‘പ്രതി പൂവന്‍കോഴി’ തീയ്യേറ്ററിലെത്തുമെന്ന് അണിയറ പ്രവര്‍ത്തകര്‍ അറിയിച്ചു.

Exit mobile version