‘നടനെ ആരെങ്കിലും വിമര്‍ശിച്ചാല്‍ വിമര്‍ശിക്കുന്നയാളെ ഭീഷണിയും അധിക്ഷേപങ്ങളും കൊണ്ടു നേരിടുന്ന മലയാളികളുടെ താരാരാധന നിരാശാജനകമാണ്’; പൃഥ്വിരാജ്

കേരളത്തിലെ ആരാധകര്‍ ഏറ്റവും യുക്തിസഹജമായി ചിന്തിക്കുന്നവരാണെന്ന് അവകാശപ്പെടാന്‍ സാധിക്കില്ലെന്നും പൃഥ്വിരാജ് കൂട്ടിച്ചേര്‍ത്തു

നടന്മാരെ ആരെങ്കിലും വിമര്‍ശിച്ചാല്‍ വിമര്‍ശിക്കുന്ന വ്യക്തിയെ ഭീഷണിയും അധിക്ഷേപങ്ങളും കൊണ്ടു നേരിടുന്ന മലയാളികളുടെ താരാരാധന നിരാശാജനകമാണെന്ന് പൃഥ്വിരാജ്. കേരളത്തിലെ ആരാധകര്‍ ഏറ്റവും യുക്തിസഹജമായി ചിന്തിക്കുന്നവരാണെന്ന് അവകാശപ്പെടാന്‍ സാധിക്കില്ലെന്നും പൃഥ്വിരാജ് കൂട്ടിച്ചേര്‍ത്തു. ടൈംഫ് ഓഫ് ഇന്ത്യയ്ക്ക് നല്‍കിയ അഭിമുഖത്തിലാണ് താരം ഇത്തരത്തില്‍ പറഞ്ഞത്.

‘കഴിഞ്ഞ കുറേ വര്‍ഷങ്ങളില്‍ നടന്ന സംഭവങ്ങളില്‍ നിന്നും കേരളത്തിലെ ആരാധകവൃന്ദം ഏറെ നിരാശപ്പെടുത്തുകയാണ്. ഒരു നടനെ വിമര്‍ശിച്ചാല്‍ വിമര്‍ശിച്ച വ്യക്തിയ്ക്ക് ആ താരത്തിന്റെ ആരാധകരില്‍ നിന്നും വളരെ മോശമായ അധിക്ഷേപങ്ങളും ഭീഷണികളുമാണ് നേരിടേണ്ടി വന്നിട്ടുള്ളത്. നമ്മള്‍ യുക്തിയോടെ ചിന്തിക്കുന്ന ആളുകളാണെങ്കില്‍ അങ്ങനെ ചെയ്യുമോ? കേരളത്തിലെ ആരാധകര്‍ ഏറ്റവും യുക്തിസഹജമായി ചിന്തിക്കുന്നവര്‍ എന്ന് അവകാശപ്പെടാന്‍ ഇനി നമുക്ക് സാധിക്കും എന്ന് ഞാന്‍ കരുതുന്നില്ല’ എന്നാണ് താരം ടൈംസ് ഓഫ് ഇന്ത്യയുമായുള്ള അഭിമുഖത്തില്‍ പറഞ്ഞത്.

‘ഡ്രൈവിംഗ് ലൈസന്‍സ്’ എന്ന ചിത്രമാണ് പൃഥ്വിരാജിന്റെ തീയ്യേറ്ററുകളില്‍ എത്താന്‍ പോവുന്ന ചിത്രം. ആഡംബര കാറുകളോട് ഭ്രമമുള്ള ഒരു സൂപ്പര്‍ സ്റ്റാറിന്റെ വേഷത്തിലാണ് പൃഥ്വി ചിത്രത്തിലെത്തുന്നത്. ജീന്‍ പോള്‍ ലാല്‍ ആണ് ചിത്രത്തിന്റെ സംവിധായകന്‍. സുരാജ് വെഞ്ഞാറമൂട് ആണ് ചിത്രത്തിലെ മറ്റൊരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. ചിത്രത്തില്‍ വെഹിക്കിള്‍ ഇന്‍സ്പെക്ടറുടെ വേഷത്തിലാണ് സുരാജ് എത്തുന്നത്. ലിസ്റ്റിന്‍ സ്റ്റീഫന്റെ മാജിക് ഫ്രെയിംസും പൃഥ്വിരാജ് പ്രൊഡക്ഷന്‍സും സംയുക്തമായാണ് ചിത്രം നിര്‍മ്മിക്കുന്നത്. ക്രിസ്മസ് റിലീസായി ചിത്രം തീയ്യേറ്ററുകളില്‍ എത്തുമെന്നാണ് റിപ്പോര്‍ട്ട്.

Exit mobile version