‘പുതുതലമുറയില്‍ മദ്യപിക്കാത്ത, പുകവലിക്കാത്ത ഞാന്‍ കണ്ട ഏക വ്യക്തി കുഞ്ചാക്കോ ബോബനാണ്’; സലീം കുമാര്‍

ചങ്ങനാശേരി എസ്ബി കോളജില്‍ അതിഥിയായി എത്തിയപ്പോഴായിരുന്നു സലിം കുമാര്‍ ഇത്തരത്തില്‍ പറഞ്ഞത്

സലീം കുമാര്‍ കുഞ്ചാക്കോ ബോബനെ കുറിച്ച് പറഞ്ഞ കാര്യങ്ങളാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുന്നത്. പുതുതലമുറയില്‍ മദ്യപിക്കാത്ത, പുകവലിക്കാത്ത ഞാന്‍ കണ്ട ഏക വ്യക്തി കുഞ്ചാക്കോ ബോബനാണെന്നാണ് സലീം കുമാര്‍ പറഞ്ഞത്. ചങ്ങനാശേരി എസ്ബി കോളജില്‍ അതിഥിയായി എത്തിയപ്പോഴായിരുന്നു സലിം കുമാര്‍ ഇത്തരത്തില്‍ പറഞ്ഞത്. കുഞ്ചാക്കോ ബോബന്‍ പഠിച്ച കോളേജ് കൂടിയാണിത്.

‘മദ്യപിക്കാത്ത പുകവലിക്കാത്ത ഒരാളെയൊക്കെ ഈ പുതുതലമുറയില്‍ ഞാന്‍ കണ്ട ഏക വ്യക്തി കുഞ്ചാക്കോ ബോബനാണ്. അവന്‍ ഈ കോളജിന്റെ സന്തതിയാണ്. ഒരു പാര്‍ട്ടി വന്ന്, മയക്കുമരുന്നിനെതിരായ സത്യപ്രതിജ്ഞ ചെയ്യാന്‍ എന്നെ വിളിച്ചപ്പോള്‍ ഞാന്‍ പറഞ്ഞു, ഞാന്‍ വരില്ല. കാരണം, ഞാന്‍ സിഗരറ്റ് വലിക്കും. സിഗരറ്റ് മയക്കുമരുന്നല്ലെങ്കില്‍ പോലും അതൊരു മയക്കുമരുന്ന് തന്നെയാണ്. ഞാന്‍ പറഞ്ഞു, ഒന്നുകില്‍ നിങ്ങള്‍ മമ്മൂട്ടിയെ വിളിക്കുക, അല്ലെങ്കില്‍ ജഗദീഷിനെ വിളിക്കൂ, അല്ലെങ്കില്‍ നിങ്ങള്‍ കുഞ്ചാക്കോ ബോബനെ വിളിക്കൂ. അവരെയാണ് എനിക്ക് നിര്‍ദേശിക്കാനുള്ളത്’ എന്നാണ് സലിം കുമാര്‍ പറഞ്ഞത്.

തന്റെ ജീവിതത്തില്‍ നിര്‍ണായക സ്വാധീനം ചെലുത്തിയ അധ്യാപികയെ കുറിച്ചുള്ള ഓര്‍മ്മകളും സലിം കുമാര്‍ വിദ്യാര്‍ത്ഥികളുമായി പങ്കുവെച്ചു. ‘നാലുപേരുടെ മുമ്പില്‍ ആളാകുന്നതിന് പാട്ടു പാടുന്ന ഒരു അസുഖം എനിക്ക് ഉണ്ടായിരുന്നു. എല്ലായിടത്തും പാടും. വെള്ളിയാഴ്ച സ്‌കൂളില്‍ ലാസ്റ്റ് പിരീഡ് സോഷ്യല്‍ ആക്റ്റിവിറ്റീസ് പ്രോത്സാഹിപ്പിക്കാന്‍ മാറ്റി വയ്ക്കുമായിരുന്നു. അതിന്റെ പേരു തന്നെ സോഷ്യല്‍ എന്നായിരുന്നു. ഈ സോഷ്യല്‍ പിരീഡില്‍ എല്ലാ ആഴ്ചയും എന്റെ പാട്ട് ഉണ്ടാകുമായിരുന്നു.

ഒരിക്കല്‍ ടീച്ചര്‍ എന്നോട് പറഞ്ഞു, മോനെ നിന്റെ പാട്ട് മഹാ ബോറാണ്. സഹിക്കാന്‍ പറ്റുന്നില്ല. നിറുത്തിക്കൊളണം എന്ന്. അന്ന് അത് കേട്ട് ഞാനൊരുപാടു കരഞ്ഞു. ടീച്ചര്‍ പറഞ്ഞു, എനിക്ക് അറിയാവുന്ന കാര്യം ചെയ്യാന്‍. അന്നും ഞാന്‍ മിമിക്രി അവതരിപ്പിക്കുമായിരുന്നു. എന്നോടു മിമിക്രി ചെയ്യാന്‍ ടീച്ചര്‍ പറഞ്ഞു. അന്ന് മിമിക്രിയെ സീരിയസായി കണ്ടിരുന്നില്ല. ടീച്ചര്‍ അന്ന് അത് പറഞ്ഞില്ലായിരുന്നെങ്കില്‍ ഞാന്‍ മിമിക്രി കാര്യമായി എടുക്കില്ലായിരുന്നു’ എന്നാണ് സലീം കുമാര്‍ പറഞ്ഞത്.

Exit mobile version