‘മൂത്തോന്‍ 20 വര്‍ഷം മുമ്പ് ആത്മഹത്യ ചെയ്ത എന്റെ ഉറ്റ സുഹൃത്ത് മൈക്കിളിന് വേണ്ടി ചെയ്തതാണ്’; സദസില്‍ വിതുമ്പി ഗീതു മോഹന്‍ദാസ്

എറണാകുളം ദര്‍ബാര്‍ ഹാള്‍ ഗ്രൗണ്ടില്‍ സംഘടിപ്പിച്ച പത്താമത് ക്വീര്‍ പ്രൈഡ് മാര്‍ച്ചിന്റെ സാംസ്‌കാരിക പരിപാടിയില്‍ സംസാരിക്കുക്കവേയാണ് ഗീതു ഇത് വെളിപ്പെടുത്തിയത്

ഗീതു മോഹന്‍ദാസ് നിവിന്‍ പോളിയെ നായകനാക്കി ഒരുക്കിയ ചിത്രമാണ് ‘മൂത്തോന്‍’. തീയ്യേറ്ററില്‍ എത്തിയ ചിത്രത്തിന് മികച്ച പ്രതികരണമാണ് ലഭിച്ചുക്കൊണ്ടിരിക്കുന്നത്. സ്വവര്‍ഗ പ്രണയം വിഷയമാക്കിയാണ് ഗീതു ഈ ചിത്രം ഒരുക്കിയിരിക്കുന്നത്. ഇരുപത് വര്‍ഷം മുമ്പ് ആത്മഹത്യ ചെയ്ത സ്വവര്‍ഗ അനുരാഗിയായ തന്റെ ഉറ്റ സുഹൃത്ത് മൈക്കിളിനു വേണ്ടിയാണ് താന്‍ ഈ ചിത്രം ചെയ്തതെന്നാണ് ഗീതു വെളിപ്പെടുത്തിയിരിക്കുന്നത്. എറണാകുളം ദര്‍ബാര്‍ ഹാള്‍ ഗ്രൗണ്ടില്‍ സംഘടിപ്പിച്ച പത്താമത് ക്വീര്‍ പ്രൈഡ് മാര്‍ച്ചിന്റെ സാംസ്‌കാരിക പരിപാടിയില്‍ സംസാരിക്കുക്കവേയാണ് ഗീതു ഇത് വെളിപ്പെടുത്തിയത്.

‘മൈക്കിള്‍ ഭയപ്പെടുകയും നിശ്ശബ്ദനാക്കപ്പെടുകയുമായിരുന്നു. അവനുവേണ്ടി ഒന്നും ചെയ്യാനായില്ലെന്ന കുറ്റബോധം എന്നെ ഒരുപാട് വേട്ടയാടിയിരുന്നു. അവനുവേണ്ടിയുള്ള എന്റെ ശബ്ദമാണ് മൂത്തോന്‍. നിങ്ങള്‍ക്ക് ഓരോരുത്തര്‍ക്കും വേണ്ടിയുള്ള ചിത്രം കൂടിയാണിത്. നിങ്ങളിത് കാണണം’ എന്നാണ് എല്‍ജിബിടിക്യു വിഭാഗത്തോട് സംസാരിക്കവേ വാക്കുകളിടറി നിറകണ്ണുകളോടെ ഗീതു പറഞ്ഞത്.

റോഷന്‍ മാത്യു, ശശാങ്ക് അറോറ, ശോഭിത് ധൂലിപാല, ദിലീഷ് പോത്തന്‍, ഹരീഷ് ഖന്ന, സുജിത്ത് ശങ്കര്‍, മെലിസ രാജു തോമസ് എന്നിവരാണ് ചിത്രത്തിലെ മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത്. ലക്ഷദ്വീപും മുംബൈയുമായിരുന്നു ചിത്രത്തിന്റെ പ്രധാന ലൊക്കേഷനുകള്‍. മിനി സ്റ്റുഡിയോ, ജാര്‍ പിക്ചേഴ്സ് എന്നീ ബാനറുകള്‍ക്കൊപ്പം ബോളിവുഡ് സംവിധായകന്‍ അനുരാജ് കാശ്യപും ചേര്‍ന്നാണ് ചിത്രം നിര്‍മ്മിച്ചത്.

Exit mobile version