‘പ്രതീക്ഷകള്‍ ആകാശത്തിനു മുകളില്‍ ആണ്, എന്നെന്നും ഹൃദയത്തില്‍ സൂക്ഷിക്കാന്‍ പോകുന്ന ആ അത്ഭുതത്തിനായി കാത്തിരിക്കൂ’; ‘മാമാങ്ക’ത്തെ കുറിച്ച് നിര്‍മ്മാതാവ് വേണു കുന്നപ്പിള്ളി

മാമാങ്കം പോലുള്ള സിനിമകള്‍ ജീവിതത്തില്‍ അത്രയെളുപ്പം ചെയ്യാവുന്നതല്ല എന്നാണ് അദ്ദേഹം ഫേസ്ബുക്കില്‍ കുറിച്ചത്

പഴശ്ശിരാജയ്ക്ക് ശേഷം മമ്മൂട്ടി ചരിത്ര പുരുഷന്റെ വേഷത്തില്‍ എത്തുന്ന ചിത്രമാണ് ‘മാമാങ്കം’. മലയാളത്തിന് പുറമെ തമിഴ്, തെലുങ്ക്, ഹിന്ദി ഭാഷകളിലും ചിത്രം റിലീസ് ചെയ്യുന്നുണ്ട്. ഇപ്പോഴിതാ ചിത്രത്തെ കുറിച്ച് തനിക്കുള്ള പ്രതീക്ഷകള്‍ വെളിപ്പെടുത്തിയിരിക്കുകയാണ് നിര്‍മ്മാതാവ് വേണു കുന്നപ്പിള്ളി. മാമാങ്കം പോലുള്ള സിനിമകള്‍ ജീവിതത്തില്‍ അത്രയെളുപ്പം ചെയ്യാവുന്നതല്ല എന്നാണ് അദ്ദേഹം ഫേസ്ബുക്കില്‍ കുറിച്ചത്.

‘മാമാങ്കം പോലുള്ള സിനിമകള്‍ ജീവിതത്തില്‍ അത്രയെളുപ്പം ചെയ്യാവുന്നതല്ല.ഏറെ നാളായുള്ള തയ്യാറെടുപ്പിനു ശേഷം ഈ സിനിമ നിങ്ങളുടെ മുന്നിലേക്ക് വരുകയാണ്.പ്രതീക്ഷകള്‍ ആകാശത്തിന് മുകളിലാണ്.എന്നെന്നും ഹൃദയത്തില്‍ സൂക്ഷിക്കാന്‍ പോകുന്ന ആ അത്ഭുതത്തിനായി കാത്തിരിക്കൂ’ എന്നാണ് വേണു കുന്നപ്പിള്ളി ഫേസ്ബുക്കില്‍ കുറിച്ചത്.

മൂന്ന് വ്യത്യസ്ത ഗെറ്റപ്പിലാണ് മമ്മൂട്ടി ചിത്രത്തില്‍ എത്തുന്നത് എന്നാണ് റിപ്പോര്‍ട്ട്. ചിത്രത്തില്‍ സ്ത്രൈണ ഭാവത്തില്‍ നില്‍ക്കുന്ന മമ്മൂട്ടിയുടെ ഫോട്ടോ ഇതിനോടകം സോഷ്യല്‍ മീഡിയയില്‍ വൈറലായി കഴിഞ്ഞു. എം പത്മകുമാറാണ് ചിത്രത്തിന്റെ സംവിധായകന്‍. ഉണ്ണി മുകുന്ദന്‍, കനിഹ, അനു സിത്താര, ഇനിയ, പ്രാചി തഹ്ലാന്‍, മാസ്റ്റര്‍ അച്യുത്, കവിയൂര്‍ പൊന്നമ്മ, മണിക്കുട്ടന്‍, സിദ്ദിഖ്, സുദേവ് നായര്‍, മണികണ്ഠന്‍, സുരേഷ് കൃഷ്ണ എന്നിങ്ങനെ വമ്പന്‍ താരനിരയാണ് ചിത്രത്തില്‍ അണിനിരന്നിരിക്കുന്നത്. 50 കോടി മുതല്‍ മുടക്കില്‍ കാവ്യ ഫിലിം കമ്പനിയുടെ ബാനറില്‍ പ്രവാസി വ്യവസായിയായ വേണു കുന്നപ്പിള്ളിയാണ് ചിത്രം നിര്‍മ്മിച്ചിരിക്കുന്നത്. ചിത്രം ഡിസംബര്‍ പന്ത്രണ്ടിന് തീയ്യേറ്ററുകളില്‍ എത്തും.

Exit mobile version