‘നാല്‍പത്തിയൊന്ന്’ തമിഴിലേക്ക് ; നായകനായി എത്തുന്നത് വിജയ് സേതുപതി

ബിജു മേനോന്‍ കേന്ദ്രകഥാപാത്രമായി എത്തിയ ചിത്രം ‘നാല്‍പത്തിയൊന്ന്’ തമിഴിലേക്ക് റീമേക്ക് ചെയ്യാനൊരുങ്ങുന്നു. ചിത്രത്തില്‍ വിജയ് സേതുപതി ആയിരിക്കും മുഖ്യകഥാപാത്രമായി എത്തുക. പുതുമുഖം ശരഞ്ജിത് ചെയ്ത വാവാച്ചി കണ്ണന്റെ റോള്‍ ആര് ചെയ്യുമെന്ന കാര്യത്തില്‍ തീരുമാനം ആയിട്ടില്ല. മറ്റ് അഭിനേതാക്കളെ സംബന്ധിച്ച വിവരങ്ങളും പുറത്തുവന്നിട്ടില്ല.

തമിഴിനോടൊപ്പം തെലുങ്കിലേക്കും ചിത്രം റീമേക്ക് ചെയ്യും. എന്നാല്‍ തെലുങ്കിലെ അഭിനേതാക്കളുടെ കാര്യത്തില്‍ തീരുമാനം ആയിട്ടില്ല.

തട്ടുംപുറത്ത് അച്ചുതന്‍ എന്ന ചിത്രത്തിനു ശേഷം ലാല്‍ ജോസ് സംവിധാനം ചെയ്ത ചിത്രമാണ് ‘നാല്‍പത്തിയൊന്ന്’. ലാല്‍ ജോസിന്റെ 25-ാമത്തെ ചിത്രമാണിത്. ബിജു മേനോന്‍ നായകനായ ചിത്രത്തില്‍ നിമിഷ സജയനായിരുന്നു നായിക വേഷം കൈകാര്യം ചെയ്തത്. ശബരിമല യാത്രയുടെ പശ്ചാത്തലത്തില്‍ ഒരുക്കിയ ത്രില്ലര്‍ ചിത്രമായിരുന്നു നാല്‍പത്തിയൊന്ന്.

പുതുമുഖം പിജി. പ്രഗീഷാണ് ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയിരുന്നത്. ബിജിബാലാണ് സംഗീതസംവിധാനം. എഡിറ്റിങ് രഞ്ജന്‍ എബ്രഹാമും സൗണ്ട് ഡിസൈന്‍ രംഗനാഥ് രവിയും. കോസ്റ്റ്യൂംസ് സമീറ സനീഷ്. ഛായാഗ്രഹണം എസ്. കുമാര്‍. എല്‍ജെ. ഫിലിംസാണ് ചിത്രം പ്രദര്‍ശനത്തിന് എത്തിച്ചത്.

Exit mobile version