ആരാധകര്‍ കുറച്ചുകൂടി കാത്തിരിക്കണം; മാമാങ്കത്തിന്റെ റിലീസ് തീയതി മാറ്റി

മമ്മൂട്ടി തന്റെ ഫേസ്ബുക്ക് പേജിലൂടെ ആണ് പുതുക്കിയ തീയതി അറിയിച്ചത്

പഴശ്ശിരാജയ്ക്ക് ശേഷം മമ്മൂട്ടി ചരിത്ര പുരുഷന്റെ വേഷത്തില്‍ എത്തുന്ന ചിത്രമാണ് ‘മാമാങ്കം’. ചിത്രത്തിനായി ഏറെ ആകാംക്ഷയോടെ കാത്തിരിക്കുകയാണ് ആരാധകര്‍. എന്നാല്‍ ആരാധകരെ നിരാശയിലാക്കി ചിത്രത്തിന്റെ റിലീസ് തീയതി മാറ്റിയിരിക്കുകയാണ്. നേരത്തേ നവംബര്‍ ഇരുപത്തിയൊന്നിന് തീയ്യേറ്ററുകളില്‍ എത്തുമെന്ന് പറഞ്ഞ ചിത്രം ഡിസംബര്‍ പന്ത്രണ്ടിനാണ് തീയ്യേറ്ററുകളില്‍ എത്തുക. മമ്മൂട്ടി തന്റെ ഫേസ്ബുക്ക് പേജിലൂടെ ആണ് പുതുക്കിയ തീയതി അറിയിച്ചത്.

എം പത്മകുമാറാണ് ചിത്രത്തിന്റെ സംവിധായകന്‍. ഉണ്ണി മുകുന്ദന്‍, കനിഹ, അനു സിത്താര, ഇനിയ, പ്രാചി തഹ്ലാന്‍, മാസ്റ്റര്‍ അച്യുത്, കവിയൂര്‍ പൊന്നമ്മ, മണിക്കുട്ടന്‍, സിദ്ദിഖ്, സുദേവ് നായര്‍, മണികണ്ഠന്‍, സുരേഷ് കൃഷ്ണ എന്നിങ്ങനെ വമ്പന്‍ താരനിരയാണ് ചിത്രത്തില്‍ അണിനിരന്നിരിക്കുന്നത്.

മലയാളത്തിനു പുറമേ ഹിന്ദി, തമിഴ്, തെലുങ്ക് ഭാഷകളിലും ചിത്രം റിലീസ് ചെയ്യുന്നുണ്ട്. 50 കോടി മുതല്‍ മുടക്കില്‍ കാവ്യ ഫിലിം കമ്പനിയുടെ ബാനറില്‍ പ്രവാസി വ്യവസായിയായ വേണു കുന്നപ്പള്ളിയാണ് ചിത്രം നിര്‍മ്മിച്ചിരിക്കുന്നത്.

Exit mobile version