‘ഇനിയും ഇതിലും മികച്ച കഥാപാത്രങ്ങളുമായി അവന്‍ നമ്മളെ വിസ്മയിപ്പിക്കും, നിവിന്‍ അളിയാ കണ്ണ് നിറഞ്ഞു പോയി’; ‘മൂത്തോനെ’ കുറിച്ച് ജൂഡ് ആന്റണി

മൂത്തോന്‍ പുതിയൊരു സിനിമാ അനുഭവം ആയിരുന്നു എന്നാണ് ജൂഡ് ആന്റണി ഫേസ്ബുക്കില്‍ കുറിച്ചത്

ഗീതു മോഹന്‍ദാസ് നിവിന്‍പോളിയെ നായകനാക്കി ഒരുക്കി തീയ്യേറ്ററുകളില്‍ എത്തിയ ചിത്രമാണ് ‘മൂത്തോന്‍’. കഴിഞ്ഞ ദിവസം തീയ്യേറ്ററുകളില്‍ എത്തിയ ചിത്രത്തിന് ഗംഭീര വരവേല്‍പ്പാണ് പ്രേക്ഷകര്‍ നല്‍കിയത്. ചിത്രത്തില്‍ ഗംഭീര പ്രകടനമാണ് നിവിന്‍ കാഴ്ചവെച്ചത്. ഇപ്പോഴിതാ ചിത്രത്തെയും നിവിനെയും അഭിനന്ദിച്ച് രംഗത്ത് എത്തിയിരിക്കുകയാണ് സംവിധായകന്‍ ജൂഡ് ആന്റണി. ഫേസ്ബുക്ക് പോസ്റ്റിലൂടെ ആണ് ജൂഡ് ചിത്രത്തെ അഭിനന്ദിച്ചത്.

മൂത്തോന്‍ പുതിയൊരു സിനിമാ അനുഭവം ആയിരുന്നു എന്നാണ് ജൂഡ് ആന്റണി ഫേസ്ബുക്കില്‍ കുറിച്ചത്. ഇത്തരമൊരു കഥാതന്തു കൈഅടക്കത്തോടെ അവതരിപ്പിച്ച ഗീതു മോഹന്‍ദാസ് എന്ന സംവിധായികക്ക് ഒരു വലിയ കൈയടി എന്നും നിവിന്റെ അഭിനയം കണ്ട് കണ്ണ് നിറഞ്ഞ് പോയെന്നും ഇനിയും ഇതിലും മികച്ച കഥാപാത്രങ്ങളുമായി അവന്‍ നമ്മളെ വിസ്മയിപ്പിക്കുമെന്നാണ് ജൂഡ് ഫേസ്ബുക്കില്‍ കുറിച്ചത്.

ജൂഡ് ആന്റണിയുടെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണരൂപം,

‘മൂത്തോന്‍’പുതിയൊരു സിനിമാ അനുഭവം. ഇത്തരമൊരു കഥാതന്തു കയ്യടക്കത്തോടെ അവതരിപ്പിച്ച ഗീതു മോഹന്‍ദാസ് എന്ന സംവിധായികക്ക് ഒരു വലിയ കയ്യടി. രാജീവ് രവിയുടെ മികച്ച ദൃശ്യങ്ങളും ദിലീഷേട്ടനും റോഷനും അടക്കം അഭിനയിച്ച എല്ലാവരുടെയും മികച്ച പ്രകടനങ്ങളും സിനിമയെ വേറൊരു തലത്തിലേക്ക് കൊണ്ട് പോയി. എന്നെ ഒരു പാട് സന്തോഷപ്പെടുത്തിയത് നിവിന്‍ പൊളി എന്ന നടനാണ്. മലര്‍വാടിയില്‍ അസിസ്റ്റന്റ് ഡിറക്ടര്‍ ആയി ജോലി ചെയ്ത സമയത്തു ചില സീനുകള്‍ അഭിനയിച്ച ശേഷം അവന്‍ എന്നോട് ചോദിക്കുമായിരുന്നു ഇതിലും നന്നാക്കാന്‍ പറ്റുമല്ലേ എന്ന്. തന്നിലെ നടനെ വളര്‍ത്താന്‍ ആഗ്രഹിക്കുന്ന ഒരു ആര്‍ത്തിപിടിച്ച കലാകാരനെ ഞാന്‍ അന്ന് അവനില്‍ കണ്ടിരുന്നു. ഇടക്കെപ്പോഴോ അത് മിസ് ആയോ എന്നെനിക്കു തോന്നിയിരുന്നു. ഇല്ല. എനിക്കാണ് തെറ്റിയത്. അവനു ഒരു മാറ്റവുമില്ല. അവന്‍ വളര്‍ന്നുകൊണ്ടേയിരിക്കും. ഇനിയും ഇതിലും മികച്ച കഥാപാത്രങ്ങളുമായി അവന്‍ നമ്മളെ വിസ്മയിപ്പിക്കും.നിവിന്‍ അളിയാ, കണ്ണ് നിറഞ്ഞു പോയി.സന്തോഷമായി.

Exit mobile version