‘ഈ സിനിമ മഞ്ജു വാര്യര്‍ എന്ന അഭിനേത്രി കാരണം ഉണ്ടായതാണ്’; ‘കയറ്റ’ത്തെ കുറിച്ച് സനല്‍ കുമാര്‍ ശശിധരന്‍

അപകടം നിറഞ്ഞ ഹിമാലയന്‍ മലനിരകളിലെ ട്രെക്കിംഗ് വിഷയമാക്കിയാണ് ചിത്രം ഒരുക്കിയിരിക്കുന്നത്

മഞ്ജു വാര്യരെ പ്രധാന കഥാപാത്രമാക്കി സനല്‍ കുമാര്‍ ശശിധരന്‍ സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ ചിത്രമാണ് ‘കയറ്റം’. ചിത്രത്തിന്റെ ചിത്രീകരണം പൂര്‍ത്തിയായി. സംവിധായകന്‍ തന്നെയാണ് ഈ വിവരം ഫേസ്ബുക്കിലൂടെ അറിയിച്ചത്. മഞ്ജു വാര്യര്‍ എന്ന അഭിനേത്രി കാരണം ഉണ്ടായതാണ് ഈ സിനിമ എന്നാണ് സനല്‍ കുമാര്‍ ശശിധരന്‍ ഫേസ്ബുക്കില്‍ കുറിച്ചത്. ഇതിനു പുറമെ ഈ സിനിമ തീര്‍ച്ചയായും ചന്ദ്രു സെല്‍വരാജ് എന്ന ക്യാമറാമാന്റെയും രതീഷ് എന്ന സംഗീത സംവിധായകന്റെയും വരവ് അറിയിക്കുമെന്നും സനല്‍ കുമാര്‍ ഫേസ്ബുക്കില്‍ കുറിച്ചു.

ഈ ചിത്രത്തിന്റെ ചിത്രീകരണത്തിനായി പോയപ്പോള്‍ മഞ്ജു വാര്യരും സംഘവും ഹിമാചലിലെ ഛത്രുവില്‍ പ്രളയത്തില്‍ അകപ്പെട്ടത് വാര്‍ത്തയായിരുന്നു. അപകടം നിറഞ്ഞ ഹിമാലയന്‍ മലനിരകളിലെ ട്രെക്കിംഗ് വിഷയമാക്കിയാണ് ചിത്രം ഒരുക്കിയിരിക്കുന്നത്.

വെനീസ് ചലച്ചിത്രമേളയില്‍ മത്സരവിഭാഗത്തില്‍ ഇടം പിടിച്ച ചോലയ്ക്ക്
ശേഷം സനല്‍കുമാര്‍ ശശിധരന്‍ സംവിധാനം ചെയ്യുന്ന ചിത്രം കൂടിയാണിത്. ചിത്രം നിര്‍മ്മിച്ചിരിക്കുന്നത് മഞ്ജു വാര്യര്‍, ഷാജി മാത്യു, അരുണ മാത്യു എന്നിവര്‍ ചേര്‍ന്നാണ്. വേദ് വൈബ്‌സ്, പുതുമുഖം ഗൗരവ് രവീന്ദ്രന്‍, സുജിത് കോയിക്കല്‍, രതീഷ് ഈറ്റില്ലം, ദേവനാരായണന്‍, സോണിത് ചന്ദ്രന്‍, ആസ്ത ഗുപ്ത, അഷിത, നന്ദു, ഭൂപേന്ദ്ര ഖുറാന എന്നിവരാണ് ചിത്രത്തിലെ മറ്റ് താരങ്ങള്‍.

Exit mobile version