‘നിങ്ങള്‍ക്ക് കാവലായി ഞാനും, എനിക്ക് കാവലായി ദൈവവും ഉണ്ട്’; സുരേഷ് ഗോപിയുടെ ‘കാവലി’ന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്ത്

ഒരിടവേളയ്ക്ക് ശേഷം സുരേഷ് ഗോപി നായകനായി എത്തുന്ന ‘കാവല്‍’ എന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തിറക്കി. മുണ്ട് മടക്കിക്കുത്തി പിന്‍ഭാഗത്ത് തോക്കേന്തി നില്‍ക്കുന്ന ഒരാളുടെ പൂര്‍ണ്ണമല്ലാത്ത ചിത്രമാണ് പോസ്റ്ററിലുള്ളത്. എന്നാല്‍ പോസ്റ്ററില്‍ പ്രത്യക്ഷപ്പെടുന്ന താരം ആരാണെന്ന് വ്യക്തമല്ല.

സുരേഷ്‌ഗോപിയാണ് ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്ത് വിട്ടത്. ‘സത്യം തെളിയുന്നതുവരെ, കുടുംബത്തിനും, നിങ്ങള്‍ക്കും കാവലായി ഞാനും, എനിക്ക് കാവലായി ദൈവവും ഉണ്ട്. ‘ എന്ന കുറിപ്പോടെയാണ് ഫേസ്ബുക്കില്‍ താരം പോസ്റ്റര്‍ പങ്കുവെച്ചത്.

കസബ എന്ന മമ്മൂട്ടി ചിത്രത്തിന് ശേഷം നിഥിന്‍ രണ്‍ജി പണിക്കര്‍ ഒരുക്കുന്ന ചിത്രമാണ് ‘കാവല്‍’. ചിത്രത്തിന്റെ തിരക്കഥ ഒരുക്കുന്നതും നിതിന്‍ തന്നെയാണ്. ഗുഡ്‌വില്‍ എന്റര്‍ടെയ്ന്‍മെന്റ്‌സിന്റെ ബാനറില്‍ ജോബി ജോര്‍ജ്ജാണ് ചിത്രം നിര്‍മ്മിക്കുന്നത്.

ഹൈറേഞ്ചിന്റെ പശ്ചാത്തിലൊരുക്കുന്ന ചിത്രത്തില്‍ ശക്തമായ കഥാപാത്രമായിരിക്കും സുരേഷ് ഗോപിയ്‌ക്കെന്നാണ് സൂചന. ചിത്രത്തില്‍ രണ്ടു കാലഘട്ടങ്ങളിലായി രണ്ട് ഗെറ്റപ്പുകളിലായിട്ടാണ് സുരേഷ് ഗോപിയെത്തുന്നത്.

സയ ഡേവിഡ്, ഐ.എം വിജയന്‍, അലന്‍സിയര്‍, പത്മരാജ് രതീഷ്, സുജിത് ശങ്കര്‍, സന്തോഷ് കീഴാറ്റൂര്‍, മുത്തുമണി എന്നിവരാണ് ചിത്രത്തിലെ മറ്റ് താരങ്ങള്‍. ഛായാഗ്രഹണം- നിഖില്‍ എസ്. പ്രവീണ്‍. സംഗീതം-രഞ്ജിന്‍ രാജ്. 2020നാണ് ചിത്രം തിയറ്ററിലെത്തുക.

Exit mobile version