ടൊവിനോയുടെ മിന്നല്‍ മുരളി; ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തിറങ്ങി

ടൊവിനോ തോമസ് നായകനാവുന്ന ഏറ്റവും പുതിയ ചിത്രം മിന്നല്‍ മുരളിയുടെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തിറങ്ങി. മലയാളവും ഇംഗ്ലീഷും ഉള്‍പ്പെടെ ആറു ഭാഷകളിലുള്ള പോസ്റ്ററുകളാണ് പുറത്തിറങ്ങിയത്. പോസ്റ്ററുകള്‍ ഇതിനോടകം സമൂഹമാധ്യമങ്ങളില്‍ വൈറലായി കഴിഞ്ഞു. മലയാളം, തമിഴ്, ഹിന്ദി, ഇംഗ്ലീഷ്, കന്നഡ, തെലുങ്ക് ഭാഷകളിലാണ് ടൈറ്റില്‍ പുറത്തിറക്കിയിരിക്കുന്നത്.

ബേസില്‍ ജോസഫ് ടോവിനോയെ നായകനാക്കി ഒരുക്കുന്ന രണ്ടാമത്തെ ചിത്രമാണ് മിന്നല്‍ മുരളി. മലയാളത്തിലെ ആദ്യ സൂപ്പര്‍ ഹീറോ മൂവി എന്ന വിശേഷണത്തോടെയാണ് ചിത്രം എത്തുന്നത്. ജസ്റ്റിന്‍ മാത്യു, അരുണ്‍ അരവിന്ദന്‍ എന്നിവര്‍ ചേര്‍ന്നാണ് തിരക്കഥയൊരുക്കുന്നത്.

സ്‌നേഹ ബാബു, അജു വര്‍ഗീസ്, ഹരിശ്രീ അശോകന്‍, ബൈജു സന്തോഷ് തുടങ്ങിയവരും ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നുണ്ട്. ക്യാമറ സമീര്‍ താഹിറും സംഗീത സംവിധാനം ഷാന്‍ റഹ്മാനും നിര്‍വഹിക്കുന്നു. ചിത്രം സോഫിയ പോള്‍ ആണ് നിര്‍മ്മിക്കുന്നത്.

ചിത്രത്തിന് വേണ്ടി ആലുവ മണപ്പുറത്ത് ഇട്ട സെറ്റ് ബജ്‌റംഗ്ദള്‍ പ്രവര്‍ത്തകര്‍ തകര്‍ത്തത് വിവാദമായിരുന്നു. സെറ്റ്, മതവികാരം വ്രണപ്പെടുത്തി എന്നായിരുന്നു അക്രമികളുടെ വാദം. സംഭവത്തില്‍ അന്വേഷണം പുരോഗമിക്കുകയാണ്.

Exit mobile version