‘മാമാങ്കത്തിലേക്ക് ആദ്യം വിളിച്ചപ്പോള്‍ ചിത്രത്തിലെ വസ്ത്രധാരണ രീതിയെ പറ്റി ആശങ്കപ്പെട്ടിരുന്നു’; അനു സിത്താര

അമ്പത് കോടി ബജറ്റിലാണ് ചിത്രം ഒരുക്കിയിരിക്കുന്നത്

പഴശ്ശിരാജയ്ക്ക് ശേഷം മലയാളത്തിന്റെ മെഗാസ്റ്റാര്‍ മമ്മൂട്ടി ചരിത്ര പുരുഷന്റെ വേഷത്തിലെത്തുന്ന ചിത്രമാണ് ‘മാമാങ്കം’. എം പത്മകുമാര്‍ സംവിധാനം ചെയ്ത ഈ ബ്രഹ്മാണ്ഡ ചിത്രത്തില്‍ നായികമാരായി എത്തുന്നത് കനിഹ, അനു സിത്താര, ബോളിവുഡ് താരം പ്രാചി തെഹ്ലാന്‍ എന്നിവരാണ്. ചിത്രത്തിലേക്ക് തന്നെ വിളിച്ചപ്പോള്‍ താന്‍ ചിത്രത്തിലെ വസ്ത്രധാരണ രീതിയെ പറ്റി ആശങ്കപ്പെട്ടിരുന്നു എന്നാണ് അനു സിത്താര പറഞ്ഞത്.

മാമാങ്കത്തിലേക്ക് വിളിച്ചപ്പോള്‍ അതിലെ വസ്ത്രധാരണ രീതിയെപ്പറ്റി ഞാന്‍ ആശങ്കപ്പെട്ടിരുന്നു. എന്നാല്‍ തനിക്ക് വളരെ സൗകര്യപ്രദമായ വസ്ത്രങ്ങളാണ് അവര്‍ ഒരുക്കിയത്. വളരെ കുറച്ച് ദിവസങ്ങള്‍ മാത്രമേ തനിക്ക് ഷൂട്ട് ഉണ്ടായിരുന്നുള്ളൂ. മാമാങ്കം പോലൊരു വലിയ ചിത്രത്തിന്റെ ഭാഗമാകാന്‍ സാധിച്ചതില്‍ അതിയായ സന്തോഷം ഉണ്ടെന്നും താരം പറഞ്ഞു.

അമ്പത് കോടി ബജറ്റിലാണ് ചിത്രം ഒരുക്കിയിരിക്കുന്നത്. കണ്ണൂര്‍, ഒറ്റപ്പാലം, എറണാകുളം, വാഗമണ്‍ എന്നിവിടങ്ങളിലായിരുന്നു ചിത്രത്തിന്റെ ചിത്രീകരണം. മലയാളം, തമിഴ്, തെലുങ്ക്, ഹിന്ദി ഭാഷകളിലാണ് ചിത്രം റിലീസ് ചെയ്യുന്നത്. തമിഴിലും തെലുങ്കിലും ചിത്രത്തിലെ തന്റെ കഥാപാത്രത്തിന് മമ്മൂട്ടി തന്നെയാണ് ശബ്ദം നല്‍കുന്നത്.

ഉണ്ണി മുകുന്ദന്‍, കനിഹ, അനു സിത്താര, സുരേഷ് കൃഷ്ണ, സിദ്ദീഖ്, തരുണ്‍ അറോറ, സുദേവ് നായര്‍, പ്രാചി തഹ്ലാന്‍ തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റ് താരങ്ങള്‍. കാവ്യാ ഫിലിം കമ്പനിയുടെ ബാനറില്‍ പ്രവാസി വ്യവസായിയായ വേണു കുന്നപ്പള്ളിയാണ് ചിത്രം നിര്‍മ്മിച്ചിരിക്കുന്നത്. അടുത്ത മാസം ചിത്രം തീയ്യേറ്ററുകളില്‍ എത്തുമെന്നാണ് റിപ്പോര്‍ട്ട്.

Exit mobile version