‘ജോണി വാക്കറി’ന് രണ്ടാംഭാഗവുമായി ജയരാജ് എത്തുന്നു

ആദ്യ ഭാഗത്ത് മമ്മൂട്ടി അവതരിപ്പിച്ച കഥാപാത്രത്തിന്റെ സഹായിയായി നിന്നിരുന്ന 'കുട്ടപ്പായി' എന്ന കഥാപാത്രത്തെ കേന്ദ്രീകരിച്ചായിരിക്കും രണ്ടാംഭാഗം ഒരുക്കുക

മലയാളത്തിന്റെ മെഗാ സ്റ്റാര്‍ മമ്മൂട്ടിയുടെ എക്കാലത്തെയും ഹിറ്റ് ചിത്രങ്ങളില്‍ ഒന്നാണ് ജയരാജിന്റെ സംവിധാനത്തില്‍ 1992 ല്‍ തീയ്യേറ്ററുകളില്‍ എത്തിയ ‘ജോണി വാക്കര്‍’ എന്ന ചിത്രം. ഇപ്പോഴിതാ ചിത്രത്തിന് രണ്ടാം ഭാഗം ഒരുക്കാനുള്ള തയ്യാറെടുപ്പിലാണ് സംവിധായകന്‍ ജയരാജ്. ആദ്യ ഭാഗത്ത് മമ്മൂട്ടി അവതരിപ്പിച്ച കഥാപാത്രത്തിന്റെ സഹായിയായി നിന്നിരുന്ന ‘കുട്ടപ്പായി’ എന്ന കഥാപാത്രത്തെ കേന്ദ്രീകരിച്ചായിരിക്കും രണ്ടാംഭാഗം ഒരുക്കുക.

രണ്ടാം ഭാഗത്ത് ഈ കഥാപാത്രത്തെ അവതരിപ്പിക്കാന്‍ ആദ്യം മനസില്‍ കണ്ടത് ദുല്‍ഖറിനെയായിരുന്നു. എന്നാല്‍ ദുല്‍ഖര്‍ ഇതില്‍ അഭിനയിക്കില്ലെന്ന് വ്യക്തമാക്കിയിരിക്കുകയാണ്. മമ്മൂട്ടി അവതരിപ്പിച്ചിട്ടുള്ള കഥാപാത്രങ്ങളുടെ ഷേഡ് പറ്റിയുള്ള കഥാപാത്രങ്ങളോ രണ്ടാംഭാഗങ്ങളോ ഒന്നും ചെയ്യേണ്ടെന്നാണ് അദ്ദേഹത്തിന്റെ തീരുമാനമെന്നും അതുകൊണ്ടാണ് ദുല്‍ഖര്‍ ചിത്രം നിരസിച്ചതെന്നുമാണ് ജയരാജ് വ്യക്തമാക്കിയത്.

ചിത്രത്തിലെ ‘കുട്ടപ്പായി’ വളരെ രസകരമായ ഒരു കഥാപാത്രമായിരുന്നു. ചെറുപ്പക്കാരനായ ഒരു നാടന്‍ കഥാപാത്രം. ആ പ്രായത്തില്‍തന്നെ അവന്‍ ജോണി വാക്കറിനൊപ്പം കട്ടയ്ക്ക് നില്‍ക്കുന്ന പാര്‍ട്ടിയാണ്. ഒന്ന് പറഞ്ഞാല്‍ അതിനേക്കാള്‍ മേലെ തിരിച്ച് പറയുന്ന ഒരുത്തന്‍. ജോണി വാക്കറിന്റെ മരണശേഷം ‘കുട്ടപ്പാടി’ അവിടെ ഒറ്റയ്ക്ക് എങ്ങനെയാവും ജീവിക്കുക എന്നതാണ് ഞാന്‍ ചിന്തിച്ചത്. ഇതാണ് രണ്ടാം ഭാഗം ഒരുക്കാന്‍ കാരണം. ചിത്രത്തില്‍ മമ്മൂട്ടിയുടെ കഥാപാത്രം അവസാനം ഫാമിന്റെ താക്കോള്‍ കുട്ടപ്പായിയെ ഏല്‍പ്പിച്ചിട്ടാണ് പോകുന്നത്. അത് കഴിഞ്ഞ് എന്താണ് സംഭവിച്ചത് എന്നതായിരിക്കും രണ്ടാം ഭാഗത്ത് കാണിക്ക.

ചിത്രത്തില്‍ കുട്ടപ്പായിക്ക് സ്വപ്നതുല്യമായ ഒന്നായിരുന്നല്ലോ ബാംഗ്ലൂരും അവിടുത്തെ ജീവിതവും. അവന്‍ വീണ്ടും പഴയ ആ ക്യാമ്പസിന്റെ പരിസരത്ത് ഒരിക്കല്‍ക്കൂടി ചെന്നാല്‍ എങ്ങനെയാവും എന്നൊക്കെ തോന്നി. അങ്ങനെയൊക്കെയാണ് ജോണി വാക്കറിന്റെ ഒരു തുടര്‍ച്ചയെക്കുറിച്ച് ആലോചിക്കുന്നത് എന്നാണ് ജയരാജ് ഒരു അഭിമുഖത്തില്‍ പറഞ്ഞത്. ചിത്രത്തിലെ വില്ലന്‍ കഥാപാത്രം സ്വാമി രണ്ടാം ഭാഗത്തും ഉണ്ടായിരിക്കുമെന്നും ജയരാജ് പറഞ്ഞു. കമല്‍ ഗൗര്‍ എന്ന നടനാണ് ജോണി വാക്കറിലെ വില്ലന്‍ കഥാപാത്രം സ്വാമിയെ അവതരിപ്പിച്ചത്. താന്‍ അദ്ദേഹത്തെ വിളിച്ചിരുന്നുവെന്നും അദ്ദേഹം അഭിനയിക്കാന്‍ തയ്യാറായി നില്‍ക്കുവാണെന്നും ജയരാജ് പറഞ്ഞു.

Exit mobile version