‘മുമ്പ് ഉണ്ടായിരുന്നവരുടെ പക്വത ഇപ്പോഴുള്ളവര്‍ക്ക് ഇല്ല, പരിഹരിക്കാന്‍ കഴിയുന്ന പ്രശ്നമേ ഉള്ളൂ’; ഷെയ്ന്‍ വിഷയത്തില്‍ പ്രതികരിച്ച് ഇടവേള ബാബു

കഴിഞ്ഞ ദിവസം തനിക്കെതിരെ സിനിമ നിര്‍മ്മാതാവ് ജോബി ജോര്‍ജ് വധഭീഷണി മുഴക്കുന്നുവെന്ന് ആരോപിച്ച് യുവ നടന്‍ ഷെയ്ന്‍ നിഗം രംഗത്ത് എത്തിയിരുന്നു

കഴിഞ്ഞ ദിവസം തനിക്കെതിരെ സിനിമ നിര്‍മ്മാതാവ് ജോബി ജോര്‍ജ് വധഭീഷണി മുഴക്കുന്നുവെന്ന് ആരോപിച്ച് യുവ നടന്‍ ഷെയ്ന്‍ നിഗം രംഗത്ത് എത്തിയിരുന്നു. ഇതുസംബന്ധിച്ച് താരസംഘടനയായ എഎംഎംഎയ്ക്ക് ഷെയ്ന്‍ പരാതി നല്‍കുകയും ചെയ്തു. ഇപ്പോഴിതാ ഈ വിഷയത്തില്‍ പ്രതികരിച്ച് രംഗത്ത് എത്തിയിരിക്കുകയാണ് താരസംഘടനായ ‘എഎംഎംഎ’യുടെ സെക്രട്ടറി ഇടവേള ബാബു.

ഇപ്പോഴുള്ളവര്‍ക്ക് മുമ്പ് ഉണ്ടായിരുന്നവരുടെ പക്വത ഇല്ലെന്നും എന്നാല്‍ പരിഹരിക്കാന്‍ കഴിയുന്ന പ്രശ്‌നമേ ഇപ്പോഴുള്ളൂ എന്നുമാണ് ഇടവേള ബാബു ദുബായിയില്‍ മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞത്. ‘വരുന്ന തിങ്കളാഴ്ചയോ ചൊവ്വാഴ്ചയോ എല്ലാവരെയും വിളിച്ചുകൂട്ടി, ഒരു മേശയ്ക്ക് ചുറ്റുമിരുന്ന് സംസാരിച്ച് തീര്‍ക്കാവുന്ന പ്രശ്നമല്ലേയുള്ളൂ. ഇപ്പോഴുള്ളവര്‍ക്ക് മുമ്പ് ഉണ്ടായിരുന്നവരുടെ പക്വത ഇല്ല എന്നുള്ള അഭിപ്രായം ഉണ്ട് എനിക്ക്. ഷെയ്നിന്റെ കാര്യം മാത്രമല്ല. ഹാന്‍ഡില്‍ ചെയ്യാന്‍ ആര്‍ക്കും ക്ഷമയില്ല. അതാണ് ഇപ്പോഴത്തെ ഒരു പ്രശ്നം’ എന്നാണ് ഇടവേള ബാബു മാധ്യമപ്രവര്‍ത്തകരോട് പ്രതികരിച്ചത്.

ജോബി ജോര്‍ജ് നിര്‍മ്മിക്കുന്ന ‘വെയില്‍’ എന്ന ചിത്രത്തിലെ നായകനാണ് ഷെയ്ന്‍ നിഗം. ചിത്രത്തില്‍ മുടി നീട്ടിയ ഗെറ്റപ്പിലാണ് താരം എത്തുന്നത്. എന്നാല്‍ ‘കുര്‍ബാനി’ എന്ന ചിത്രത്തിനായി താന്‍ തലമുടി മുറിച്ചത് നിര്‍മ്മാതാവായ ജോബിയെ പ്രകോപിപ്പിച്ചുവെന്നും ഇതാണ് വധഭീഷണിക്ക് കാരണമെന്നുമാണ് കഴിഞ്ഞ ദിവസം ഷെയ്ന്‍ പറഞ്ഞത്. സംഭവം വൈറലായതോടെ സിനിമാ മേഖലയിലെ നിരവധി പേരാണ് ഷെയ്‌നിനു പിന്തുണയുമായി രംഗത്ത് എത്തിയിരിക്കുന്നത്. സംവിധായകരായ മേജര്‍ രവിയും ശ്രീകുമാര്‍ മേനോനും ഷെയ്‌നിന് പിന്തുണയുമായി രംഗത്ത് എത്തിയിരുന്നു.

അതേസമയം കഴിഞ്ഞ ദിവസം ഷെയ്നിനെ ഭീഷണിപ്പെടുത്തിയിട്ടില്ലെന്ന വിശദീകരണവുമായി നിര്‍മ്മാതാവ് ജോബി ജോര്‍ജ് പത്രസമ്മേളനം നടത്തിയിരുന്നു. 4.82 കോടി മുതല്‍മുടക്കുള്ള തന്റെ സിനിമയുടെ അവശേഷിക്കുന്ന ചിത്രീകരണത്തില്‍നിന്നും ഷെയ്ന്‍ ഒഴിഞ്ഞുമാറുകയാണെന്നും ഇപ്പോള്‍ പ്രതിഫലം കൂട്ടിച്ചോദിക്കുകയാണ്് എന്നുമാണ് ജോബി ജോര്‍ജ് പറഞ്ഞത്. മുപ്പത് ലക്ഷമാണ് ഷെയ്‌നിന് നല്‍കിയത്. എന്നാല്‍ ഇപ്പോള്‍ 40 ലക്ഷം വേണമെന്നാണ് പറയുന്നത്. ഈ വിഷയം ഉന്നയിച്ച് താന്‍ നിര്‍മ്മാതാക്കളുടെ സംഘടനയ്ക്ക് പരാതി നല്‍കിയിട്ടുണ്ടെന്നും ജോബി ജോര്‍ജ് പറഞ്ഞു.

Exit mobile version