ആരാധകരെ ആവേശത്തിലാക്കി വിജയിയുടെ ‘ബിഗിലി’ന്റെ ട്രെയിലര്‍

ഒരു വനിതാ ഫുട്ബോള്‍ ടീമിന്റെ കോച്ചായിട്ടാണ് ചിത്രത്തില്‍ വിജയ് എത്തുന്നത്

പ്രേക്ഷകര്‍ ഏറെ ആകാംക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് അറ്റ്‌ലീ-വിജയ് കൂട്ടുക്കെട്ടില്‍ ഒരുങ്ങുന്ന ബിഗില്‍. ചിത്രത്തിന്റെ ട്രെയിലര്‍ അണിയറപ്രവര്‍ത്തകര്‍ പുറത്തുവിട്ടു. മൂന്ന് വ്യത്യസ്ത ഗെറ്റപ്പിലാണ് വിജയ് ട്രെയിലറില്‍ പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. വിജയ് ആരാധകരെ തൃപതിപ്പെടുത്തുന്ന എല്ലാ ചേരുവകളും ചേര്‍ത്ത് തന്നെയാണ് അറ്റ്‌ലീ ഈ ചിത്രം ഒരുക്കിയിരിക്കുന്നത് എന്നാണ് ട്രെയിലര്‍ നല്‍കുന്ന സൂചന. നേരത്തേ ഈ കൂട്ടുക്കെട്ടില്‍ പിറന്ന ‘മെര്‍സല്‍’ പോലെ ഇതും ഒരു മാസ് എന്റര്‍ടെയ്‌മെന്റ് ആയിരിക്കും എന്ന കാര്യത്തില്‍ തര്‍ക്കമില്ല.

ഒരു വനിതാ ഫുട്ബോള്‍ ടീമിന്റെ കോച്ചായിട്ടാണ് ചിത്രത്തില്‍ വിജയ് എത്തുന്നത്. നയന്‍താരയാണ് ചിത്രത്തിലെ നായിക. വിവേക്, യോഗി ബാബു, കതിര്‍, ഡാനിയല്‍ ബാലാജി എന്നിവരാണ് ചിത്രത്തിലെ മറ്റ് താരങ്ങള്‍. എആര്‍ റഹ്മാനാണ് സംഗീത സംവിധായകന്‍.

‘ബിഗില്‍’ കേരളത്തിലെ തീയ്യേറ്ററുകളില്‍ എത്തിക്കുന്നത് പൃഥ്വിരാജ് ആണ്. താരത്തിന്റെ പ്രൊഡക്ഷന്‍ കമ്പനിയായ പൃഥ്വിരാജ് പ്രൊഡക്ഷന്‍സും ലിസ്റ്റിന്‍ സ്റ്റീഫന്റെ മാജിക് ഫ്രെയിംസും ചേര്‍ന്നാണ് ചിത്രം കേരളത്തിലെ തീയ്യേറ്ററുകളില്‍ എത്തിക്കുന്നത്. പൃഥ്വിരാജ് ഫേസ്ബുക്കിലൂടെ ആണ് ഈ കാര്യം ആരാധകരുമായി പങ്കുവെച്ചത്.

Exit mobile version