‘മണിയറയിലെ അശോകന്‍’; തന്റെ നിര്‍മ്മാണ കമ്പനിയുടെ ആദ്യ ചിത്രത്തിന്റെ ടൈറ്റില്‍ പങ്കുവെച്ച് ദുല്‍ഖര്‍

'മണിയറയിലെ അശോകന്‍' എന്ന പേര് ഈ ചിത്രത്തിന് നല്‍കിയത് രമേഷ് പിഷാരടി ആണെന്നും ഈ ചിത്രത്തിലൂടെ അഞ്ച് പുതിയ ടെക്‌നീഷ്യന്‍മാരെയാണ് മലയാള സിനിമയില്‍ പരിചയപ്പെടുത്തുന്നതെന്നും താരം കുറിച്ചു

കഴിഞ്ഞ ദിവസമാണ് ദുല്‍ഖര്‍ സല്‍മാന്‍ തന്റെ നിര്‍മ്മാണ കമ്പനിയുടെ ലോഗോ പുറത്തുവിട്ടത്. ആരാധകരില്‍ കൗതുകം ഉണര്‍ത്തുന്ന ലോഗോയാണ് താരം പുറത്തുവിട്ടത്. ‘വേ ഫെയറര്‍ ഫിലിംസ്’ എന്നാണ് നിര്‍മ്മാണ കമ്പനിയുടെ പേര്. ഇപ്പോഴിതാ ആദ്യ ചിത്രത്തിന്റെ ടൈറ്റില്‍ പോസ്റ്റര്‍ പങ്കുവെച്ചിരിക്കുകയാണ് താരം. ഫേസ്ബുക്ക് പേജിലൂടെ ആണ് താരം ടൈറ്റില്‍ പോസ്റ്റര്‍ പങ്കുവെച്ചത്.

‘മണിയറയിലെ അശോകന്‍’ എന്ന പേര് ഈ ചിത്രത്തിന് നല്‍കിയത് രമേഷ് പിഷാരടി ആണെന്നും ഈ ചിത്രത്തിലൂടെ അഞ്ച് പുതിയ ടെക്‌നീഷ്യന്‍മാരെയാണ് മലയാള സിനിമയില്‍ പരിചയപ്പെടുത്തുന്നതെന്നും താരം കുറിച്ചു.

ചിത്രത്തിന്റെ സംവിധായകനായ ഷംസു സെയ്ബ, ഛായാഗ്രഹകന്‍ സജദ് കക്കു, സ്‌ക്രിപ്റ്റ് എഴുതിയ വിനീത് കൃഷ്ണന്‍, മഗേഷ് ബോജി, സംഗീത സംവിധായകന്‍ ശ്രീഹരി കെ നായര്‍, സ്റ്റില്‍ ഫോട്ടോഗ്രാഫര്‍ ഷുഹൈബ് എന്നിവരാണ് ആ നവാഗതര്‍.

മൂന്ന് ചിത്രങ്ങളാണ് ദുല്‍ഖര്‍ സല്‍മാന്റെ പ്രൊഡക്ഷന്‍ കമ്പനി അനൗണ്‍സ് ചെയ്തിരിക്കുന്നത്. ശ്രീനാഥ് രാജേന്ദ്രന്‍ ദുല്‍ഖറിനെ നായകനാക്കി ഒരുക്കുന്ന ‘കുറുപ്പ്’, സുരേഷ് ഗോപി, ശോഭന, കല്യാണി പ്രിയദര്‍ശന്‍ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി സത്യന്‍ അന്തിക്കാടിന്റെ മകന്‍ അനൂപ് സത്യന്‍ സംവിധാനം ചെയ്യുന്ന ചിത്രം, ഷംസു സെയ്ബ സംവിധാനം ചെയ്യുന്ന ‘മണിയറയിലെ അശോകന്‍’ എന്നിവയാണ് ചിത്രങ്ങള്‍.

Exit mobile version