‘സിരകളിലേക്ക് പയ്യെ അരിച്ച് അരിച്ച് ഇറങ്ങി നമ്മളെ കീഴ്‌പ്പെടുത്തുന്ന ഒരു എല്‍എസ്ഡി അനുഭൂതിയാണ് ഈ ചിത്രം’; ‘ജല്ലിക്കട്ടി’നെ കുറിച്ച് സാജിദ് യഹിയ

എസ് ഹരീഷിന്റെ 'മാവോയിസ്റ്റ്' എന്ന കഥയില്‍ നിന്നും പ്രചോദനം ഉള്‍ക്കൊണ്ടാണ് ലിജോ ജോസ് ഈ ചിത്രം ഒരുക്കിയിരിക്കുന്നത്

ലിജോ ജോസ് പെല്ലിശ്ശേരി സംവിധാനം ചെയ്ത ഏറ്റവും പുതിയ ചിത്രമാണ് ‘ജല്ലിക്കട്ട്’. അന്താരാഷ്ട്ര ചലച്ചിത്ര മേളകളില്‍ പ്രദര്‍ശിപ്പിച്ച് മികച്ച അഭിപ്രായം നേടിയ ചിത്രം നാളെയാണ് തീയ്യേറ്ററുകളില്‍ എത്തുന്നത്. ഇപ്പോള്‍ ചിത്രത്തെ കുറിച്ച് നടനും സംവിധായകനുമായ സാജിദ് യഹിയ ഫേസ്ബുക്കില്‍ കുറിച്ച കാര്യങ്ങളാണ് ശ്രദ്ധേയമായിരിക്കുന്നത്.

മലയാള സിനിമയില്‍ ഒരു അന്താരാഷ്ട്ര താളം കണ്ടെത്തുന്ന സിനിമയാണിതെന്നും കാളപ്പോര് പോലുള്ള ജീവിതം നയിക്കുന്ന വെറുമൊരു ഇരുകാലി മൃഗമാണ് ഈ ഞാനെന്ന് എന്നെകൊണ്ട് പറയിപ്പിച്ച ചിത്രം കൂടിയാണ് ഇതെന്നാണ് സാജിദ് ഫേസ്ബുക്കില്‍ കുറിച്ചിരിക്കുന്നത്.

എസ് ഹരീഷിന്റെ ‘മാവോയിസ്റ്റ്’ എന്ന കഥയില്‍ നിന്നും പ്രചോദനം ഉള്‍ക്കൊണ്ടാണ് ലിജോ ജോസ് ഈ ചിത്രം ഒരുക്കിയിരിക്കുന്നത്. ആന്റണി വര്‍ഗീസ്, ചെമ്പന്‍ വിനോദ് ജോസ്, സാബുമോന്‍, ശാന്തി ബാലചന്ദ്രന്‍, ജാഫര്‍ ഇടുക്കി എന്നിവരാണ് ചിത്രത്തിലെ പ്രധാന താരങ്ങള്‍. ടൊറന്റോ ചലച്ചിത്രമേളയിലാണ് ചിത്രത്തിന്റെ ആദ്യ പ്രദര്‍ശനം നടന്നത്.

സാജിദ് യഹിയയുടെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണരൂപം,

LJP അഥവാ ഒരു മാവെറിക്ക് മലയാളി!കുറച്ച് നാളുകള്‍ക്ക് മുമ്പാണ്, അന്താരാഷ്ട്ര ചലച്ചിത്ര മേളയിലേക്ക് അയക്കാനുള്ള ജെല്ലിക്കെട്ടിന്റെ ഔട്ട് തന്റെ വീട്ടിലെ ബിഗ് സ്‌ക്രീനില്‍ എനിക്ക് സാക്ഷാല്‍ ലിജോ ജോസ് പെല്ലിശേരി കാണിച്ചുതരുന്നത്.തുടങ്ങി സ്ലോ ബര്‍ണിങ് എന്ന ഡി പാമ ഇതിവൃത്തത്തിലൂടെ കടന്ന് സിരകളിലേക്ക് പയ്യെ അരിച്ച് അരിച്ച് ഇറങ്ങി നമ്മളെ കീഴ്‌പ്പെടുത്തുന്ന ഒരു LSD അനുഭൂതിയാണ് ഈ ചലച്ചിത്രം. തുടക്കവും ഒടുക്കവും ഒന്നാവുന്ന , കാളപ്പോര് പോലുള്ള ജീവിതം നയിക്കുന്ന വെറുമൊരു ഇരുകാലി മൃഗമാണ് ഈ ഞാനെന്ന് എന്നെകൊണ്ട് പറയിപ്പിച്ച രാഷ്ട്രീയം ഉണ്ട് ഇതില്‍.

സിനിമയില്‍ ഒരു പുതിയ സിനിമ കണ്ടെത്തുന്ന, മലയാള സിനിമയില്‍ ഒരു അന്താരാഷ്ട്ര താളം കണ്ടെത്തുന്ന സിനിമ. ലിജോ ജോസ് പെല്ലിശേരി എന്ന ഭ്രാന്ത് പ്രേക്ഷകന്റെ ഭ്രാന്തും, കലയിലെ സൗന്ദര്യവും ആയി മാറുന്ന എത്ര എത്ര ഫ്രെയിമുകള്‍, അവ ഓരോന്നും എന്നോട് ഉറക്കെ ഉറക്കെ പറഞ്ഞുകൊണ്ടേയിരിക്കുന്നു, ‘സിനിമയിലെ നായകന്‍ സംവിധായകന്റെ തലച്ചോറാണെന്ന്’. അയാള്‍ കണ്ട സ്വപ്നങ്ങള്‍ക്ക് മാത്രമാണ് കോടികളുടെ വിലയെന്നും. ആത്യന്തികമായി സിനിമ കല തന്നെയെന്നും കൂടുതല്‍ ആളുകള്‍ കാണുന്ന കൊണ്ട് മാത്രം പലരും കച്ചോടം ആയി കാണുന്ന ഒന്ന്. അതിന്റെ നിലനില്‍പ്പ് എന്നെന്നും ഇടയ്‌ക്കൊക്കെ ഇറങ്ങുന്ന ഒരു ജെല്ലിക്കെട്ടില്‍ ആശ്രയിച്ച് തന്നെ ഇരിക്കും.

ഇന്ന് ജോക്കര്‍ കണ്ട് ഇറങ്ങുന്ന സിനിമ പ്രേമികള്‍ നാളെ ജെല്ലിക്കെട്ട് കാണുമ്പോള്‍ തീര്‍ച്ചയായും പറയും- Mollywood is becoming international’ എന്ന്.!കാരണം മലയാള സിനിമയ്ക്ക് ഇന്ന് ഒരു ടോഡ് ഫിലിപ്പും കുബ്രിക്കും ഉണ്ട്, അത് അയാള്‍ മാത്രമാണ്. സിനിമയിലെ ഞാന്‍ കണ്ട ഏറ്റവും പച്ചയായ മനുഷ്യനും അയാള്‍ ആണ്. എന്റെ മാനസഗുരുവും മറ്റൊരാള്‍ അല്ല!

Exit mobile version