‘ആദ്യ ചിത്രത്തേക്കാളും ഈ ചിത്രം രമേഷ് പിഷാരടി കൂടുതല്‍ മനോഹരമാക്കിയിട്ടുണ്ട്’; ‘ഗാനഗന്ധര്‍വനെ’ കുറിച്ച് എംഎ നിഷാദ്

പഞ്ചവര്‍ണ്ണ തത്തയ്ക്ക് ശേഷം രമേശ് പിഷാരടി സംവിധാനം ചെയ്ത ചിത്രമാണ് ‘ഗാനഗന്ധര്‍വന്‍’. മമ്മൂട്ടി നായകനായി എത്തിയ ചിത്രത്തിന് ഗംഭീര സ്വീകരണമാണ് പ്രേക്ഷകര്‍ തീയ്യേറ്ററുകളില്‍ നല്‍കിയത്. ഇപ്പോഴിതാ ‘ഗാനഗന്ധര്‍വനെ’യും മോഹന്‍ലാല്‍ ചിത്രം ‘ഇട്ടിമാണി മെയ്ഡ് ഇന്‍ ചൈന’ എന്ന ചിത്രത്തെയും പ്രശംസിച്ച് രംഗത്ത് എത്തിയിരിക്കുകയാണ് സംവിധായകന്‍ എംഎ നിഷാദ്.

ഫേസ്ബുക്ക് പോസ്റ്റിലൂടെ ആണ് നിഷാദ് ഈ രണ്ട് ചിത്രങ്ങളെയും അഭിനന്ദിച്ചത്. ഈ രണ്ട് ചിത്രങ്ങളിലും മമ്മൂട്ടിയെയും മോഹന്‍ലാലിനെയും അല്ലാതെ മറ്റൊരാളെ സങ്കല്‍പ്പിക്കാന്‍ കഴിയില്ലെന്നാണ് അദ്ദേഹം ഫേസ്ബുക്കില്‍ കുറിച്ചത്. അതുപോലെ തന്നെ ചിത്രത്തിലെ സുരേഷ് കൃഷ്ണയുടെയും മനോജ് കെ ജയന്റെയും അഭിനയം കസറിയെന്നും നിഷാദ് ഫേസ്ബുക്കില്‍ കുറിച്ചു.

എംഎ നിഷാദിന്റെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണരൂപം,

എന്ത് കൊണ്ട് മമ്മൂട്ടിയും മോഹന്‍ലാലും എന്നുളളതിന്റ്റെ ഏറ്റവും വലിയ ഉദാഹരണങ്ങളാണ് ഗാനഗന്ധര്‍വ്വനും,ഇട്ടിമാണിയും. ഈ രണ്ട് ചിത്രങ്ങളിലും ഇവര്‍ രണ്ടു പേരുമല്ലാതെ മറ്റാരേയും സങ്കല്‍പ്പിക്കാന്‍ കഴിയില്ല. ഗാനഗന്ധര്‍വ്വന്‍ ഒരു കുടുംബ ചിത്രമാണ്. സ്വാഭാവികാഭിനയത്തിലൂടെ ഉല്ലാസ് എന്ന ഗായകനെ അവതരിപ്പിച്ച മമ്മൂട്ടിക്ക് തന്നെയാണ് പൂരപ്പറമ്പായി മാറിയ തീയറ്ററുകളിലെ നിറഞ്ഞ കയ്യടി. തന്റെ ആദ്യ ചിത്രത്തേക്കാളും വളരെ മനോഹരമായി രമേഷ് പിശാരടി ഈ ചിത്രം അണിയിച്ചൊരുക്കി.

അഭിനേതാക്കളില്‍ എടുത്ത് പറയേണ്ട പേരുകാരന്‍ സുരേഷ് കൃഷ്ണയാണ്. മനോജ് കെ ജയന്‍ കസറി,മണിയന്‍ പിളള രാജുവും കുഞ്ചനും, മോഹന്‍ ജോസും നല്ല പ്രകടണം കാഴ്ച്ച വെച്ചു. മുകേഷ്, സിദ്ദീഖ്, ധര്‍മ്മജന്‍, അബു സലീം, ഹരീഷ് കണാരന്‍, ദേവന്‍ ഇവരെല്ലാവരും നന്നായീ. അശോകന്റെ പോലീസ് വേഷം ആണ് എടുത്ത് പറയേണ്ട മറ്റൊരു പ്രകടണം. എന്ത് അനായാസമായിട്ടാണ് അശോകന്‍ ഹ്യൂമര്‍ കൈകാര്യം ചെയ്തത്.

സുഹൃത്തുക്കളായ, സോഹന്‍ സീനുലാല്‍, ജോണീ ആന്റണി, വര്‍ഷ കണ്ണന്‍ ഇവരെയൊക്കെ സക്രീനില്‍ കണ്ടപ്പോള്‍ ഒരുപാട് സന്തോഷം. അളകപ്പന്റെ ക്യാമറക്ക് ഫുള്‍ മാര്‍ക്ക്. സംഗീതം നല്‍കിയ ദീപക് ദേവ് നിരാശപ്പെടുത്തി. സിത്താര നല്ലൊരു ഗായികയാണ്. അങ്ങനെ കാണാനാണ് പ്രേക്ഷകര്‍ക്കിഷ്ടം. മൊത്തത്തില്‍ ഈ പടം കൊളളാം. NB: ഒറ്റ സീനില്‍ വരുന്ന അനൂപ് മേനോനെ കൊണ്ട് സിദ്ധാന്തം വിളമ്പാന്‍ സമ്മതിക്കാത്ത പിഷാരടിക്ക് എന്റെ വക ഒരു കുതിര പവന്‍.

Exit mobile version