‘ജീവിതത്തില്‍ പൂര്‍ത്തീകരിക്കാത്ത രണ്ട് സ്വപ്നങ്ങളുണ്ട് എനിക്ക്’; ബിഗ് ബിയ്ക്ക് ആശംസകളറിയിച്ച് പ്രിയദര്‍ശന്‍

അമിതാഭ് ബച്ചനോടൊപ്പം നിരവധി പരസ്യ ചിത്രങ്ങള്‍ ചെയ്തിട്ടുണ്ടെങ്കിലും അദ്ദേഹത്തിനൊപ്പം ഒരു സിനിമ ചെയ്യുക എന്നത് തന്റെ ഒരു സ്വപ്‌നമാണ് എന്നാണ് പ്രിയദര്‍ശന്‍ ഫേസ്ബുക്കില്‍ കുറിച്ചത്

ദാദാ സാഹിബ് ഫാല്‍ക്കെ അവാര്‍ഡ് നേടിയ ബോളിവുഡിന്റെ ബിഗ് ബിയ്ക്ക് ആശംസകളറിയിച്ച് പ്രിയദര്‍ശന്‍. ഫേസ്ബുക്ക് പോസ്റ്റിലൂടെ ആണ് അദ്ദേഹം ബിഗ് ബിയ്ക്ക് ആശംസകളറിയിച്ചത്. അമിതാഭ് ബച്ചനോടൊപ്പം നിരവധി പരസ്യ ചിത്രങ്ങള്‍ ചെയ്തിട്ടുണ്ടെങ്കിലും അദ്ദേഹത്തിനൊപ്പം ഒരു സിനിമ ചെയ്യുക എന്നത് തന്റെ ഒരു സ്വപ്‌നമാണ് എന്നാണ് പ്രിയദര്‍ശന്‍ ഫേസ്ബുക്കില്‍ കുറിച്ചത്.

‘ദാദാ സാഹിബ് ഫാല്‍ക്കെ പുരസ്‌കാരം ലഭിച്ചതില്‍ അമിതാഭ്ജിക്ക് എന്റെ അഭിനന്ദനങ്ങള്‍. നാല്‍പ്പതിലേറെ പരസ്യചിത്രങ്ങളില്‍ അദ്ദേഹത്തിനൊപ്പം ഞാന്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്. ഇനിയും പൂര്‍ത്തീകരിക്കാത്ത രണ്ട് സ്വപ്നങ്ങളാണ് എന്റെ ജീവിതത്തിലുള്ളത്. ഒന്ന് അമിതാഭ്ജിക്കൊപ്പം ഒരു സിനിമ. മറ്റൊന്ന് എംടി വാസുദേവന്‍ സാറിന്റെ തിരക്കഥയില്‍ മറ്റൊരു സിനിമ സംവിധാനം ചെയ്യുക എന്നത്. ഈ സ്വപ്നങ്ങള്‍ ഏറെ വൈകാതെ യാഥാര്‍ത്ഥ്യമാകുമെന്ന് ഞാന്‍ പ്രതീക്ഷിക്കുന്നത്. ഒരിക്കല്‍ക്കൂടി അമിതാഭ്ജിക്ക് എന്റെ എല്ലാ ആശംസകളും’ എന്നാണ് പ്രിയദര്‍ശന്‍ ഫേസ്ബുക്കില്‍ കുറിച്ചത്.

മോഹന്‍ലാലിനെ നായകനാക്കി ഒരുക്കുന്ന ബിഗ് ബജറ്റ് ചിത്രം ‘മരക്കാര്‍: അറബിക്കടലിന്റെ സിംഹ’മാണ് പ്രിയദര്‍ശന്റെ ഏറ്റവും പുതിയ ചിത്രം. ‘ആശീര്‍വാദത്തോടെ ലാലേട്ടന്‍’ എന്ന പരിപാടിയില്‍ ചിത്രത്തിലെ ചില രംഗങ്ങള്‍ പുറത്തുവിട്ടിരുന്നു. ഈ ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകുകയും ചെയ്തിരുന്നു. ബോളിവുഡ് താരങ്ങളടക്കം വമ്പന്‍ താരനിരയാണ് ചിത്രത്തില്‍ അണിനിരക്കുന്നത്.

Exit mobile version