‘ക്രിയാത്മക ഊര്‍ജ്ജത്തിന്റെ സിനിമയാണ് ഫൈനല്‍സ്’; ചിത്രത്തെ പ്രശംസിച്ച് പി രാജീവ്

സൂപ്പര്‍ ഹിറ്റ് ചിത്രം ‘ജൂണി’ന് ശേഷം രജിഷ വിജയന്‍ നായികയായി എത്തിയ ചിത്രമാണ് ‘ഫൈനല്‍സ്’. ചിത്രത്തിന് ഗംഭീര വരവേല്‍പ്പാണ് പ്രേക്ഷകര്‍ നല്‍കിയത്. നവാഗതനായ പിആര്‍ അരുണ്‍ സംവിധാനം ചെയ്ത ചിത്രത്തില്‍ ഒളിംപിക്സിന് തയ്യാറെടുക്കുന്ന സൈക്ലിസ്റ്റിന്റെ വേഷത്തിലാണ് രജിഷ എത്തിയത്. ചിത്രത്തെ പ്രശംസിച്ച് നിരവധി പേര്‍ ഇതിനോടകം രംഗത്ത് എത്തിയിരുന്നു.

ഇപ്പോഴിതാ ചിത്രത്തെ പ്രശംസിച്ച് രംഗത്ത് എത്തിയിരിക്കുകയാണ് സിപിഎം സംസ്ഥാന സെക്രട്ടറിയറ്റ് അംഗം പി രാജീവ്. ഫേസ്ബുക്കിലൂടെ ആണ് അദ്ദേഹം ചിത്രത്തെ പ്രശംസിച്ചത്. ക്രിയാത്മക ഊര്‍ജ്ജത്തിന്റെ സിനിമയാണ് ‘ഫൈനല്‍സ്’ എന്നും തൊണ്ടിമുതലും ദൃസാക്ഷിക്കും ശേഷം സുരാജ് വെഞ്ഞാറമൂടിന്റെ തന്മയത്വം നിറഞ്ഞ അഭിനയമായിരുന്നു ചിത്രത്തിലെന്നുമാണ് അദ്ദേഹം ഫേസ്ബുക്കില്‍ കുറിച്ചത്.

പി രാജീവിന്റെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണരൂപം,

എപ്പോഴും പരാജയപ്പെടുമ്പോഴും ഒരിക്കല്ലെങ്കിലും ജയിക്കാനായി നിരന്തരം പൊരുതി കൊണ്ടിരിക്കുന്ന മനുഷ്യന്‍ പ്രതീക്ഷയുടെ പ്രകാശമാണ്. വീണിടങ്ങളില്‍ അവര്‍ അവസാനിക്കുന്നില്ല,പുതിയ വഴികളും പുതിയ മനുഷ്യരും സ്വപനത്തെ നെഞ്ചിലേറ്റി കൊണ്ടു പോകുന്നു.’ഫൈനല്‍സ്’ ക്രിയാത്മക ഊര്‍ജ്ജത്തിന്റെ സിനിമയാണ്. തുടക്കം നഷ്ടമായെങ്കിലും കണ്ട തുടര്‍ച്ച മികച്ചതാണ്. അധികാര കേന്ദ്രങ്ങളോട് ഏറ്റുമുട്ടുന്ന പാര്‍ശ്വവല്‍ക്കരിക്കപ്പെട്ടവരുടെ സമര്‍പ്പണം വിജയത്തിലേക്ക് നയിക്കുന്നു. തൊണ്ടിമുതലും ദൃസാക്ഷിക്കു ശേഷം സുരാജ് വെഞ്ഞാറമൂടിന്റെ തന്മയത്വം നിറഞ്ഞ അഭിനയം. അരുണിനും ടീമിനും അഭിനന്ദനങ്ങള്‍.

Exit mobile version