‘പട്ടാഭിരാമന്റെ’വിജയം; പ്രേക്ഷകരോടൊപ്പം കേക്ക് മുറിച്ച് സന്തോഷം പങ്കുവെച്ച് ജയറാമും സംഘവും

ആടുപുലിയാട്ടം എന്ന ചിത്രത്തിന് ശേഷം കണ്ണന്‍ താമരക്കുളം ജയറാമിനെ നായകനാക്കി ഒരുക്കിയ ‘പട്ടാഭിരാമന്‍’ എന്ന ചിത്രത്തെ പ്രേക്ഷകര്‍ ഇരുകൈയും നീട്ടിയാണ് സ്വീകരിച്ചിരിക്കുന്നത്. ഇപ്പോഴും നിറഞ്ഞ സദസിലാണ് ചിത്രത്തിന്റെ പ്രദര്‍ശനം. ചിത്രത്തിന്റെ വിജയം പ്രേക്ഷകരോടൊപ്പം കേക്ക് മുറിച്ച് ആഘോഷിച്ചിരിക്കുകയാണ് ജയറാമും സംഘവും.

എറണാകുളം പത്മ തീയ്യേറ്ററില്‍ വെച്ചാണ് ചിത്രത്തിന്റെ വിജയാഘോഷം നടന്നത്. ജയറാമിനോടൊപ്പം ബൈജു, സംവിധായകന്‍ കണ്ണന്‍ താമരക്കുളം എന്നിവരും ആഘോഷത്തിന് എത്തിയിരുന്നു.

ചിത്രത്തില്‍ ഭക്ഷണത്തെ ദൈവമായി കാണുന്ന പട്ടാഭിരാമന്‍ എന്ന ഫുഡ് ഇന്‍സ്പെക്ടറായിട്ടാണ് ജയറാം എത്തിയത്. മിയാ ജോര്‍ജും ഷീലു എബ്രഹാമുമാണ് ചിത്രത്തിലെ നായികമാര്‍. ഒരു പ്രത്യേക സാഹചര്യത്തില്‍ പട്ടാഭിരാമന്റെ ജീവിതത്തില്‍ ഉണ്ടാകുന്ന ചില സവിശേഷ സംഭവങ്ങളാണ് ചിത്രത്തിന്റെ കഥ. ബൈജു, സുധീര്‍ കരമന, ധര്‍മ്മജന്‍ ബൊള്‍ഗാട്ടി, ഹരീഷ് കണാരന്‍, സായ്കുമാര്‍, ജനാര്‍ദ്ദനന്‍, ദേവന്‍, ബിജു പപ്പന്‍, വിജയകുമാര്‍, പ്രേംകുമാര്‍, തെസ്നി ഖാന്‍, ബാലാജി, മായാ വിശ്വനാഥ്, പ്രിയാ മേനോന്‍ എന്നിവരാണ് ചിത്രത്തിലെ മറ്റ് പ്രധാന താരങ്ങള്‍.

Exit mobile version