ദിവ്യ സ്പന്ദനയുടെ വിവാഹം കഴിഞ്ഞെന്ന വാര്‍ത്ത; സത്യാവസ്ഥ വെളിപ്പെടുത്തി അമ്മ രംഗത്ത്

ദിവ്യ സ്പന്ദനയുടെ വിവാഹം കാമുകനായ പോര്‍ച്ചുഗീസ് പൗരന്‍ റാഫേലുമായി ദുബായിയില്‍ വെച്ച് നടന്നു എന്നായിരുന്നു വാര്‍ത്തകള്‍ പ്രചരിച്ചത്

തെന്നിന്ത്യന്‍ നടിയും കോണ്‍ഗ്രസ് നേതാവും മുന്‍ എംപിയുമായ ദിവ്യ സ്പന്ദനയുടെ വിവാഹം രഹസ്യമായി കഴിഞ്ഞെന്ന വാര്‍ത്തകളോട് പ്രതികരിച്ച് അമ്മ രഞ്ജിത രംഗത്ത്. ദിവ്യയുടെ വിവാഹം കഴിഞ്ഞിട്ടില്ലെന്നും മാധ്യമങ്ങളില്‍ പ്രചരിക്കുന്ന വാര്‍ത്തകള്‍ അടിസ്ഥാനരഹിതമാണെന്നുമാണ് അവര്‍ പ്രതികരിച്ചത്.

ദിവ്യ സ്പന്ദനയുടെ വിവാഹം കാമുകനായ പോര്‍ച്ചുഗീസ് പൗരന്‍ റാഫേലുമായി ദുബായിയില്‍ വെച്ച് നടന്നു എന്നായിരുന്നു വാര്‍ത്തകള്‍ പ്രചരിച്ചത്. എന്നാല്‍, ദിവ്യ ഇതുവരെ വിവാഹത്തിന് തയ്യാറായിട്ടില്ലെന്നും അവള്‍ വിവാഹം ചെയ്യുകയാണെങ്കില്‍ അത് ഒരിക്കലും രഹസ്യമാക്കി വയ്ക്കില്ലെന്നും എല്ലാവരെയും അറിയിക്കുന്നതായിരിക്കുമെന്നുമാണ് ദിവ്യയുടെ അമ്മ പറഞ്ഞത്. രമ്യയും റാഫേലുമായുള്ള ബന്ധം അവസാനിച്ചുവെന്നും ഇരുവരും അവരുടേതായ തൊഴിലില്‍ തിരക്കായതോടെയാണ് ബന്ധത്തില്‍ അകല്‍ച്ചയുണ്ടായതെന്നും എന്നിരുന്നാലും ഇരുവരും നല്ല സുഹൃത്തുക്കളായി തുടരുകയാണെന്നും ദയവായി വ്യാജ വാര്‍ത്തകള്‍ പ്രചരിപ്പിക്കരുതെന്നുമാണ് അമ്മ രഞ്ജിത പറഞ്ഞത്.

2013 ല്‍ കര്‍ണ്ണാടകയിലെ മാണ്ഡ്യ ലോകസഭാ മണ്ഡലത്തില്‍ നടന്ന ഉപതെരഞ്ഞെടുപ്പില്‍ വിജയിച്ച ദിവ്യ സ്പന്ദന പതിനഞ്ചാം ലോക്‌സഭയിലെ ഏറ്റവും പ്രായം കുറഞ്ഞ അംഗമായിരുന്നു.

Exit mobile version