നടാഷയും ശിവയും വീണ്ടും ഒന്നിക്കുന്നു; മലയാളത്തിലേക്ക് തിരിച്ചുവരവിനൊരുങ്ങി നിത്യ മേനോന്‍

നല്ല അഭിനേതാക്കളുമൊത്തു ജോലി ചെയ്യുക എന്നത് വളരെ സന്തോഷം തരുന്ന കാര്യമാണ്,' അടുത്തിടെ ഒരു മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലാണ് നിത്യ ഈ കാര്യം പറഞ്ഞത്

മലയാള സിനിമാ പ്രേക്ഷകര്‍ ഹൃദയത്തിലേറ്റിയ പ്രണയജോഡികളായിരുന്നു ബാംഗ്ലൂര്‍ ഡേയ്‌സിലെ നടാഷയും ശിവയും. ഇവരെ അഭിനയിച്ചു ഫലിപ്പിച്ച ഫഹദ് ഫാസില്‍, നിത്യ മേനോന്‍ എന്നിവര്‍ വീണ്ടും മലയാള സിനിമയില്‍ ഒന്നിക്കുന്നു. മറ്റൊരു പ്രണയ കഥയായിരിക്കുമിത്. ‘ഫഹദുമൊത്ത് ഞാനൊരു മനോഹരമായ മലയാള സിനിമ ചെയ്യുകയാണ്. ഷൂട്ടിംഗ് ഫെബ്രുവരിയിലോ മാര്‍ച്ചിലോ തുടങ്ങും. നല്ല അഭിനേതാക്കളുമൊത്തു ജോലി ചെയ്യുക എന്നത് വളരെ സന്തോഷം തരുന്ന കാര്യമാണ്,’ അടുത്തിടെ ഒരു മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലാണ് നിത്യ ഈ കാര്യം പറഞ്ഞത്.

മലയാളത്തില്‍ ഒരിടവേളക്ക് ശേഷം ശക്തമായ തിരിച്ചു വരവ് നടത്തിയിരിക്കുന്ന നായികയായാണ് നിത്യ മേനോന്‍. നായികാ പ്രാധാന്യമുള്ള വികെ പ്രകാശ് ചിത്രം പ്രാണയില്‍ നിത്യയാണ് കേന്ദ്ര കഥാപാത്രം. ചിത്രം അടുത്ത് തന്നെ തീയ്യേറ്ററിലെത്തും. സംവിധായകന്‍ ടികെ രാജീവ് കുമാറിന്റെ കോളാമ്പിയിലും നായികയായി എത്തുന്നത് നിത്യ മേനോന്‍ ആണ്.

മലയാളത്തിന് പുറമെ ഹിന്ദിയിലും തമിഴിലും പ്രതീക്ഷ നല്‍കുന്ന രണ്ടു പ്രമുഖ ചിത്രങ്ങളില്‍ നിത്യ അഭിനയിക്കുന്നുണ്ട്. ഹിന്ദിയില്‍ അക്ഷയ്കുമാര്‍ ചിത്രം മിഷന്‍ മംഗലില്‍ ശാസ്ത്രജ്ഞയുടെ വേഷത്തിലും, തമിഴില്‍ ഒരുങ്ങുന്ന ജയലളിതയുടെ ജീവ ചിത്രത്തില്‍ ജയലളിതയായി വേഷമിടുന്നതും നിത്യയാണ്.

Exit mobile version