ഇന്ത്യയ്ക്ക് തിരിച്ചടി; പരിക്കേറ്റ ധവാന്‍ ടീമിന് പുറത്ത്; ഇനി ലോകകപ്പില്‍ കളിക്കാനാകില്ല

ഓസ്‌ട്രേലിയയ്‌ക്കെതിരായ മത്സരത്തില്‍ ഇടതുകൈവിരലിന് പരിക്കേറ്റ ധവാന് ഇനിയുള്ള മത്സരങ്ങളില്‍ കളിക്കാനാകില്ലെന്ന് സ്ഥിരീകരിച്ചു.

ലണ്ടന്‍: വ്യാഴാഴ്ച ന്യൂസിലാന്‍ഡിനെതിരായ മത്സരത്തിന് തയ്യാറെടുക്കവെ ഇന്ത്യന്‍ ടീമിന് തിരിച്ചടിയായി ഓപ്പണര്‍ ശിഖര്‍ ധവാന്‍ പരിക്കേറ്റ് ടീമിന് പുറത്ത്. ഓസ്‌ട്രേലിയയ്‌ക്കെതിരായ മത്സരത്തില്‍ ഇടതുകൈവിരലിന് പരിക്കേറ്റ ധവാന് ഇനിയുള്ള മത്സരങ്ങളില്‍ കളിക്കാനാകില്ലെന്ന് സ്ഥിരീകരിച്ചു. പരിക്കേറ്റ ധവാനെ ഇന്ന് സ്‌കാനിങിന് വിധേയനാക്കിയിരുന്നു. ഇതിന്റെ പരിശോധനാ ഫലം പുറത്ത് വന്നതോടെയാണ് ധവാന് ലോകകപ്പിലെ വരുന്ന മത്സരങ്ങള്‍ കൂടി നഷ്ടപ്പെടുമെന്ന് വ്യക്തമായിരിക്കുന്നത്. ധവാന് മൂന്നാഴ്ച വിശ്രമമാണ് നിര്‍ദേശിച്ചിരിക്കുന്നത്.

ഓസ്‌ട്രേലിയക്കെതിരായ സെഞ്ച്വറി പ്രകടനം കാഴ്ചവെച്ച മത്സരത്തിനിടെയാണ് ശിഖര്‍ ധവാന്റെ ഇടതുകൈവിരലിന് പരിക്കേറ്റത്. പാറ്റ് കമ്മിന്‍സിന്റെ പന്താണ് താരത്തിനെ പരിക്കേല്‍പ്പിച്ചത്. ഇതിന് പിന്നാലെ ടീം ഫിസിയോ പ്രാഥമിക ചികിത്സ നല്‍കിയിരുന്നു. തുടര്‍ന്ന് വേദന വകവെയ്ക്കാതെയാണ് ധവാന്‍ കളിച്ചത്.

അതേസമയം, ഓസ്‌ട്രേലിയന്‍ ഇന്നിങ്‌സില്‍ ശിഖര്‍ ധവാന്‍ ഫീല്‍ഡിങിനും ഇറങ്ങിയിരുന്നില്ല. പകരം 50 ഓവറും രവീന്ദ്ര ജഡേജയാണ് ഫീല്‍ഡ് ചെയ്തത്. വ്യാഴാഴ്ച ട്രെന്റ് ബ്രിഡ്ജില്‍ വൈകീട്ട് മൂന്ന് മണിക്കാണ് ഇന്ത്യ ന്യൂസീലാന്‍ഡ് മത്സരം. ഇതിന് പിന്നാലെ പാകിസ്താന്‍, ഇംഗ്ലണ്ട്, വെസ്റ്റ് ഇന്‍ഡീസ്, അഫ്ഗാനിസ്ഥാന്‍, ബംഗ്ലാദേശ് അടക്കമുള്ള ടീമുകളെയും ഇന്ത്യയ്ക്ക് നേരിടാനുണ്ട്.

ഓപ്പണറായ ധവാന് പരിക്കേല്‍ക്കുമെന്നത് ഇന്ത്യയുടെ വിദൂര ചിന്തയില്‍ പോലുമില്ലായിരുന്നു. അതിനാല്‍ തന്നെ ധവാന് പകരം രോഹിത് ശര്‍മ്മയ്‌ക്കൊപ്പം ആര് ഓപ്പണ്‍ ചെയ്യാന്‍ ഇറങ്ങുമെന്നതാണ് ടീമിനെ ഏറ്റവും ആശങ്കപ്പെടുത്തുന്നത്. കെ എല്‍ രാഹുല്‍ ഓപ്പണിങ് സ്ഥാനത്തേക്ക് വന്നാല്‍ വിജയ് ശങ്കറിനെ നാലാം നമ്പറില്‍ പരീക്ഷിക്കേണ്ടി വരും. അല്ലെങ്കില്‍ ധോണിക്ക് സ്ഥാന കയറ്റം നല്‍കി ദിനേശ് കാര്‍ത്തിക്കിന് അവസരം നല്‍കേണ്ടി വരും.

Exit mobile version