കളിച്ചത് മൊത്തം അംപയര്‍മാര്‍; ഗെയിലിനെ ‘ഔട്ടാക്കിയത്’ മൂന്ന് തവണ! ഓസ്‌ട്രേലിയ-വെസ്റ്റ് ഇന്‍ഡീസ് മത്സരത്തില്‍ വിവാദമായി മോശം അംപയറിങ്

പ്രമുഖ ക്രിക്കറ്റ് താരങ്ങളെല്ലാം ഈ മോശം അംപയറിങിനെതിരെ ആഞ്ഞടിച്ച് രംഗത്തെത്തിയിട്ടുണ്ട്.

നോട്ടിങ്ഹാം: ലോകകപ്പിലെ കരുത്തന്മാരുടെ പോരാട്ടമായ ഓസ്‌ട്രേലിയ-വെസ്റ്റ് ഇന്‍ഡീസ് മത്സരത്തില്‍ ഇന്നലെ നടന്നത് അംപയര്‍മാരുടെ കളി! മത്സരത്തില്‍ ഉടനീളം മോശം അംപയറിങ് കാഴ്ചവെച്ച് അംപയര്‍മാരായ ന്യൂസിലന്‍ഡുകാരന്‍ ക്രിസ്റ്റഫര്‍ ഗഫാനിയും ലങ്കക്കാരന്‍ രുചിര പല്ലിയാഗുരുഗെയും സോഷ്യല്‍മീഡിയയുടെ പൊങ്കാല ഏറ്റുവാങ്ങുകയാണ്. വെസ്റ്റ് ഇന്‍ഡീസിന്റെ തോല്‍വിക്ക് കാരണമായ ക്രിസ് ഗെയിലിന്റെ ഔട്ടും അംപയറുടെ അശ്രദ്ധ കാരണമാണ് സംഭവിച്ചത്. കളിയുടെ രണ്ടാം പകുതിയില്‍ മാത്രം അഞ്ച് തവണയാണ് അംപയര്‍മാര്‍ക്ക് പിഴച്ചത്.

ഗഫാനിയും പല്ലിയാഗുരുഗെയും വിന്‍ഡീസിന്റെ തോല്‍വിയ്ക്ക് തന്നെ കാരണമായ പിഴവുകളാണ് വരുത്തിവെച്ചിരിക്കുന്നത്. മൂന്നാം ഓവറില്‍ തുടങ്ങിയ പിഴവ് അവസാനിച്ചത് 36- ാം ഓവറിലാണ്. മിച്ചല്‍ സ്റ്റാര്‍ക്ക് എറിഞ്ഞ മൂന്നാം ഓവറിലെ അഞ്ചാംപന്തിലായിരുന്നു ആദ്യത്തെ പിഴവ്. പന്ത് കീപ്പര്‍ ക്യാച്ച് ചെയ്തതോടെ ഗെയിലിന് നേരെ സ്റ്റാര്‍ക്ക് ആദ്യ അപ്പീല്‍ വിളിച്ചു. അംപയര്‍ ഗഫാനി കൂടുതല്‍ ശങ്കിച്ചില്ല. ഒന്നും ആലോചിക്കാതെ വിക്കറ്റ് വിളിക്കുകയും ചെയ്തു. എന്നാല്‍ ഗെയില്‍ തീരുമാനം പുനപരിശോധിച്ചപ്പോള്‍ ഗഫാനിയ്ക്ക് പിഴച്ചു.

തൊട്ടടുത്ത പന്തിലും തെറ്റ് ആവര്‍ത്തിച്ച് ഗഫാനി മാതൃകയായി. സ്റ്റാര്‍ക്ക് എല്‍ബി അപ്പീല്‍ ചെയ്തപ്പോള്‍ ഗഫാനി വീണ്ടും വിരലുയര്‍ത്തി, ആത്മവിശ്വാസം വിടാതെ ഗെയിലും റിവ്യൂ വിളിച്ചു. റിവ്യൂവില്‍ നാലഞ്ച് സ്റ്റംപുണ്ടായാലും
ഔട്ടാവില്ലെന്ന് വ്യക്തമായി. അന്തിമതീരുമാനം വന്നപ്പോള്‍ ഇരുകൈകളും തോളോട് ചേര്‍ത്ത് ഗഫാനിയുടെ തിരുത്തി പിന്‍വാങ്ങി..

എന്നാല്‍ ഇക്കാര്യം തന്നെ തുടര്‍ന്ന ഗഫാനി അഞ്ചാം ഓവറിലെ അഞ്ചാംപന്തിലും ഗെയിലിന് ഔട്ട് വിളിച്ചു. ഇത് ശരിക്കും ഔട്ട് തന്നെയായിരുന്നു. സ്റ്റാര്‍ക്കിന്റെ തന്നെ പന്തില്‍ എല്‍ബിയില്‍ കുരുങ്ങുകയായിരുന്നു ഗെയില്‍. എന്നാല്‍ യഥാര്‍ത്ഥത്തില്‍ ഈ ഔട്ടിന് പിന്നിലും ഒരു കഥ ഒളിഞ്ഞിരിപ്പുണ്ടായിരുന്നു. ഇതിന് തൊട്ടുമുന്‍പത്തെ പന്ത് നോബോളായിരുന്നു. ബൗളര്‍ പന്തെറിയുന്നത് നോക്കാന്‍ വിട്ടുപോയ ഗഫാനി ആകാശം നോക്കി നില്‍ക്കുകയായിരുന്നു. അദ്ദേഹം ഇത് കണ്ടിരുന്നില്ല. കണ്ടിരുന്നെങ്കില്‍ അടുത്ത പന്ത് ഫ്രീഹിറ്റ് ലഭിക്കുകയും അപ്പീലിന് പോകാതെ ഗെയിലിന് ബാറ്റിങ്ങ് തുടരാമായിരുന്നു.

ഇതോടെ അവസാനിച്ചില്ല പിഴവുകള്‍, അടുത്ത ഊഴം പല്ലിയാഗുരുഗെയുടേതായിരുന്നു, ഇരയായത് ജാസന്‍ ഹോള്‍ഡറും. 30 ഓവറിലെ അവസാനപന്തില്‍ മാക്സ്വെല്ലിന് വിക്കറ്റനുവദിച്ചു അംപയര്‍. ടിവി അമ്പയര്‍ പുനപരിശോധിച്ചപ്പോള്‍ ആ തീരുമാനവും തെറ്റ്. 36ാം ഓവറില്‍ പിഴവ് പല്ലിയാഗുരുഗെ ആവര്‍ത്തിക്കുകയും ചെയ്തു. സാംപയെറിഞ്ഞ ഓവറിലെ മൂന്നാം പന്തില്‍ ഹോള്‍ഡര്‍ ഔട്ടാണെന്ന് അംപയര്‍ വിളിച്ചു. പുനപരിശോധനയില്‍ അതും പിഴവായിരുന്നെന്ന് വ്യക്തമായി. ഇതോടെ ആരാധകര്‍ ഒന്നടങ്കം പറയുന്നത്, ഒരുപക്ഷേ തെറ്റായ തീരുമാനത്തില്‍ ഗെയില്‍ പുറത്ത് പോയില്ലിരുന്നെങ്കില്‍ വിന്‍ഡീസ് മത്സരം വിജയിച്ചേനെ എന്നാണ്. കീരണ്‍ പൊള്ളാര്‍ഡ്, കാര്‍ലോസ് ബ്രാത്‌വൈറ്റ്, മൈക്കല്‍ ഹോള്‍ഡിങ് തുടങ്ങിയ പ്രമുഖ ക്രിക്കറ്റ് താരങ്ങളെല്ലാം ഈ മോശം അംപയറിങിനെതിരെ ആഞ്ഞടിച്ച് രംഗത്തെത്തിയിട്ടുണ്ട്.

Exit mobile version