ദക്ഷിണാഫ്രിക്കയുടെ എണ്ണം പറഞ്ഞ വിക്കറ്റുകള്‍ സ്വന്തമാക്കി ആര്‍ച്ചര്‍; സത്യമായത് കോഹ്‌ലിയുടെ പ്രവചനം!

ഇംഗ്ലീഷ് ടീമില്‍ ബാര്‍ബഡോസ് താരത്തിന്റെ നാലാം ഏകദിനം മാത്രമായിരുന്നു ഇക്കഴിഞ്ഞത്.

ലണ്ടന്‍: ഏകദിന ലോകകപ്പിലെ ആദ്യ തോല്‍വിയിലേക്ക് മൂക്കും കുത്തി വീണ ദക്ഷിണാഫ്രിക്കയെ ചതിച്ചത് ഇംഗ്ലണ്ടിന്റെ മൂര്‍ച്ചയേറിയ ബോളിങ് നിരയായിരുന്നു. അതില്‍ ശ്രദ്ധേയം ലോകകപ്പില്‍ അരങ്ങേറ്റം കുറിച്ച ഇംഗ്ലണ്ട് പേസര്‍ ജോഫ്ര ആര്‍ച്ചറിന്റെ തകര്‍പ്പന്‍ പ്രകടനമായിരുന്നു. ദക്ഷിണാഫ്രിക്കയുടെ എണ്ണം പറഞ്ഞ മൂന്ന് വിക്കറ്റുകളാണ് ആര്‍ച്ചര്‍ സ്വന്തമാക്കിയത്. 90 മൈല്‍ വേഗത്തില്‍ പന്തെറിഞ്ഞ ആര്‍ച്ചര്‍ തന്റെ ആറാം ഓവര്‍ മെയ്ഡനാക്കിയും ഞെട്ടിച്ചു. ഏഴ് ഓവറില്‍ 27 റണ്‍സ് മാത്രം വിട്ടുകൊടുത്താണ് ആര്‍ച്ചറുടെ മൂന്ന് വിക്കറ്റ് നേട്ടം. ദക്ഷിണാഫ്രിക്കന്‍ നായകന്‍ ഫാഫ് ഡുപ്ലെസി, വാന്‍ ഡെര്‍ ദസ്സന്‍, എയ്ഡന്‍ മര്‍ക്രാം എന്നിവരുടെ വിക്കറ്റാണ് ആര്‍ച്ചര്‍ വീഴ്ത്തിയത്.

ബാര്‍ബഡോസുകാരനായ ആര്‍ച്ചര്‍ കഴിഞ്ഞ മാര്‍ച്ചിലാണ് നിയമപരമായി ഇംഗ്ലണ്ട് ടീമില്‍ കളിക്കാന്‍ യോഗ്യത നേടിയത്. ഇംഗ്ലീഷ് ടീമില്‍ ബാര്‍ബഡോസ് താരത്തിന്റെ നാലാം ഏകദിനം മാത്രമായിരുന്നു ഇക്കഴിഞ്ഞത്.

നേരത്തെ, ലോകകപ്പില്‍ ഇംഗ്ലണ്ടിന്റെ എക്സ്- ഫാക്റ്ററെന്ന് ഇന്ത്യന്‍ നായകന്‍ വിരാട് കോഹ്‌ലി പ്രശംസിച്ച താരമാണ് ആര്‍ച്ചര്‍. ക്രിക്കറ്റ് ആരാധകരുടെ പ്രതീക്ഷയ്‌ക്കൊത്ത പ്രകടനമാണ് ആര്‍ച്ചര്‍ കാഴ്ചവെച്ചതും. ദക്ഷിണാഫ്രിക്കന്‍ മധ്യനിരയുടെ നട്ടെല്ലൊടിച്ച ആര്‍ച്ചര്‍ക്ക് വരും മത്സരങ്ങളിലും കാര്യമായ പ്രകടനങ്ങള്‍ ഇംഗ്ലണ്ടിനായി കാഴ്ചവെയ്ക്കാനാകും എന്നാണ് ക്രിക്കറ്റ് നിരീക്ഷകരും അഭിപ്രായപ്പെടുന്നത്.

Exit mobile version