ഇത്തവണ കളി മാറുമെന്ന് ഇന്ത്യയ്ക്ക് പാകിസ്താന്റെ മുന്നറിയിപ്പ്; ഇതുവരെ ലോകകപ്പില്‍ പരാജയപ്പെടുത്താന്‍ ആയില്ലെങ്കിലും അവകാശവാദങ്ങള്‍ക്ക് കുറവില്ലാതെ പാകിസ്താന്‍

കറാച്ചി: ലോകകപ്പ് ചരിത്രത്തില്‍ ഇന്ത്യയുമായി ആറുതവണ ഏറ്റുമുട്ടിയിട്ടും ഒരു വിജയം പോലും നേടാനാകാത്ത പാകിസ്താന്‍ ഇത്തവണ അവകാശവാദങ്ങളുമായി നേരത്തെ തന്നെ രംഗത്തെത്തിയിരിക്കുകയാണ്. ആറു തവണയും ജയം ഇന്ത്യക്കൊപ്പമായിരുന്നു. ഇന്ത്യയേക്കാള്‍ പലപ്പോഴും ശക്തമായ ടീമായിരുന്നിട്ട് പോലും പാകിസ്താന് ഇന്ത്യയെ തകര്‍ക്കാന്‍ സാധിച്ചിരുന്നില്ല.

ഐസിസി ടൂര്‍ണമെന്റുകളില്‍ ഇതേ വരെ 15 മത്സരങ്ങളില്‍ ഇരു ടീമുകളും ഏറ്റുമുട്ടിയപ്പോള്‍ പന്ത്രണ്ടെണ്ണത്തിലും ജയം ഇന്ത്യയ്‌ക്കൊപ്പമായിരുന്നു. എന്നാല്‍ ഇത്തവണ ലോകകപ്പില്‍ വിജയിച്ചിട്ടില്ലെന്ന ചീത്തപ്പേര് തിരുത്താന്‍ പാകിസ്താന് സാധിക്കുമെന്ന് മുന്‍ പാക് താരം മോയിന്‍ ഖാന്‍ പറയുന്നു.

2017ല്‍ ഇംഗ്ലണ്ടില്‍ നടന്ന ചാംപ്യന്‍സ് ട്രോഫി ഫൈനലില്‍ ഇന്ത്യയെ പാകിസ്താന്‍ തോല്‍പ്പിച്ചിരുന്നു. ഈ ആത്മവിശ്വാസത്തിലാണ് മോയിന്‍ ഖാന്‍ ഇത്തരത്തില്‍ അഭിപ്രായപ്പെട്ടത്. ഇംഗ്ലണ്ടില്‍ തന്നെ നടക്കുന്ന ലോകകപ്പില്‍ ചാംപ്യന്‍സ് ട്രോഫിയിലെ അതേ പ്രകടനം ആവര്‍ത്തിക്കാന്‍ പാകിസ്താന് സാധിക്കുമെന്ന് മോയിന്‍ ഖാന്‍ അഭിപ്രായപ്പെട്ടു.

ലോകകപ്പില്‍ ഇന്ത്യയെ മലര്‍ത്തിയടിക്കാനുള്ള കരുത്ത് പാകിസ്താന്‍ ടീമിനുണ്ട്. ഇങ്ങനെ പറയാന്‍ പ്രധാന കാരണം, രണ്ട് വര്‍ഷങ്ങള്‍ക്ക് മുമ്പ് ചാംപ്യന്‍സ് ട്രോഫിയില്‍ പാകിസ്താന്‍ ഇന്ത്യയെ തോല്‍പ്പിച്ചതാണ്. ലോകകപ്പ് നടക്കുന്ന ജൂണ്‍മാസത്തിലെ ഇംഗ്ലീഷ് സാഹചര്യങ്ങള്‍ നന്നായി അറിയാവുന്ന ടീമാണ് പാകിസ്താന്റേതെന്നും അദ്ദേഹം അവകാശപ്പെട്ടു.

Exit mobile version