കുറഞ്ഞ ഓവര്‍ നിരക്ക്! വെസ്റ്റ് ഇന്‍ഡീസ് നായകന്‍ ഹോള്‍ഡര്‍ക്ക് സസ്‌പെന്‍ഷന്‍; ഐസിസി നടപടിക്കെതിരെ വാളെടുത്ത് മുതിര്‍ന്ന താരങ്ങള്‍

ദുബായ്: കുറഞ്ഞ ഓവര്‍ നിരക്കിന്റെ പേരില്‍ വെസ്റ്റിന്‍ഡീസ് ക്യാപ്റ്റന്‍ ജേസണ്‍ ഹോള്‍ഡറെ മത്സരത്തില്‍ നിന്നും സസ്‌പെന്‍ഡ് ചെയ്ത് ഐസിസി. ഇംഗ്ലണ്ടിനെതിരായ രണ്ടാം ടെസ്റ്റിലെ കുറഞ്ഞ ഓവര്‍ നിരക്കിന്റെ പേരിലാണ് വിന്‍ഡീസ് നായകനെ അടുത്ത മത്സരത്തില്‍ നിന്നും വിലക്കിയത്. ടെസ്റ്റിന്റെ ഒരു ദിവസം 90 ഓവറുകളാണ് മത്സരം നടക്കാറ്. എന്നാല്‍ ഇംഗ്ലണ്ടിനെതിരായ രണ്ടാം ടെസ്റ്റില്‍ വെസ്റ്റിന്‍ഡീസ് ബൗളര്‍മാര്‍ക്ക് ഇതിനനുസരിച്ച് ബൗള്‍ ചെയ്യാനായിരുന്നില്ല.

അതേസമയം, ഐസിസിയുടെ വിലക്ക് യുക്തി രഹിതമാണെന്ന് മുതിര്‍ന്ന താരങ്ങള്‍ ഉള്‍പ്പടെയുള്ളവര്‍ വിമര്‍ശിച്ച് രംഗത്തെത്തിയിട്ടുണ്ട്. മത്സരം വെറും മൂന്നു ദിവസം കൊണ്ട് അവസാനിച്ചിരുന്നു. ഈ സാഹചര്യത്തിലാണ് ഐസിസിയുടെ ഈ വിചിത്ര നടപടി. രണ്ട് ടെസ്റ്റിലും വിജയം നേടിയ വെസ്റ്റ് ഇന്‍ഡീസ് സെന്റ് ലൂസിയയില്‍ നടക്കുന്ന മൂന്നാം ടെസ്റ്റില്‍ ഹോള്‍ഡറില്ലാതെയാണ് ഇറങ്ങുക.

മുന്‍ ഓസീസ് താരം ഷെയ്ന്‍ വോണ്‍ ഉള്‍പ്പെടെയുള്ള മുതിര്‍ന്ന താരങ്ങള്‍ ഐസിസിയുടെ ഈ നടപടിക്കെതിരേ പരസ്യമായി രംഗത്തെത്തി. സാമാന്യ യുക്തിക്ക് നിരക്കാത്ത നടപടിയാണിതെന്നു പറഞ്ഞ വോണ്‍, വിലക്കിനെതിരേ അപ്പീല്‍ പോകാനും ഹോള്‍ഡറോട് ആവശ്യപ്പെട്ടു.

മുന്‍ ഇംഗ്ലണ്ട് ക്യാപ്റ്റന്‍ മൈക്കല്‍ വോണും ഐസിസിയുടെ ഈ തീരുമാനത്തെ വിമര്‍ശിച്ച് രംഗത്തെത്തിയിട്ടുണ്ട്. നേരത്തെ ആദ്യ ടെസ്റ്റില്‍ 381 റണ്‍സിനും രണ്ടാം ടെസ്റ്റില്‍ പത്തു വിക്കറ്റിനും ജയിച്ച വെസ്റ്റിന്‍ഡീസ് പരമ്പര സ്വന്തമാക്കിയിരുന്നു. പരമ്പരയില്‍ ഒരു ഇരട്ട സെഞ്ചുറിയും ഹോള്‍ഡര്‍ നേടിയിട്ടുണ്ട്.

Exit mobile version