മൂന്നാം ഏകദിനം സ്വന്തമാക്കാന്‍ ഇന്ത്യയ്ക്ക് വേണ്ടത് 231 റണ്‍സ്; ഓസീസിനെ കടപുഴക്കി ആറ് വിക്കറ്റ് വീഴ്ത്തി ചാഹല്‍!

മൂന്നാം വിക്കറ്റില്‍ അര്‍ധസെഞ്ചുറി കൂട്ടുകെട്ട് തീര്‍ത്ത മാര്‍ഷ്-ഖ്വാജ സഖ്യമാണ് ഓസീസിനെ ഭേദപ്പെട്ട നിലയിലാക്കിയത്.

മെല്‍ബണ്‍: ഓസ്ട്രേലിയക്കെതിരായ മൂന്നാം ഏകദിനത്തില്‍ ഇന്ത്യയ്ക്ക് വിജയിക്കാന്‍ വേണ്ടത് 231 റണ്‍സ്. ആറു വിക്കറ്റ് വീഴ്ത്തിയ യൂസ്‌വേന്ദ്ര ചാഹലിന്റെ പ്രകടനമാണ് ഓസീസിനെ തകര്‍ത്തെറിഞ്ഞത്. 10 ഓവറില്‍ 42 റണ്‍സ് വിട്ടുകൊടുത്താണ് ചാഹല്‍ ആറു വിക്കറ്റെടുത്തത്. ഇതോടെ ഏകദിനത്തില്‍ അഞ്ചു വിക്കറ്റ് നേട്ടം രണ്ടാം തവണയും സ്വന്തമാക്കാനും ചാഹലിനായി.

ഉസ്മാന്‍ ഖ്വാജ (34), ഷോണ്‍ മാര്‍ഷ് (39), പീറ്റര്‍ ഹാന്‍ഡ്സ്‌കോമ്പ് (58), മാര്‍ക്കസ് സ്റ്റോയിനിസ് (10), റിച്ചാഡ്സണ്‍ (16), ആദം സാംപ (8) എന്നിവരെയാണ് ചാഹല്‍ എറിഞ്ഞിട്ടത്. മെല്‍ബണില്‍ ഒരു ഇന്ത്യന്‍ ബൗളറുടെ മികച്ച പ്രകടനത്തില്‍ അജിത്ത് അഗാര്‍ക്കറിനൊപ്പം ചാഹലും സ്ഥാനം പിടിച്ചു.

തുടക്കത്തില്‍ തന്നെ ആതിഥേയരുടെ ഓപ്പണര്‍മാരെ മടക്കില ഭുവനേശ്വര്‍ കുമാറാണ് ഇന്ത്യയ്ക്ക് മികച്ച തുടക്കം നല്‍കിയത്. സ്‌കോര്‍ എട്ടിലെത്തിയപ്പോള്‍ അഞ്ചു റണ്‍സെടുത്ത അലക്സ് കാരിയെ ഭുവനേശ്വര്‍ കോഹ്‌ലിയുടെ കൈകളിലെത്തിച്ചു. പിന്നാലെ ക്യാപ്റ്റന്‍ ഫിഞ്ചിനെയും (14) ഭുവി മടക്കി.

എറിഞ്ഞ ആദ്യ ഓവറില്‍ തന്നെ യുസ്‌വേന്ദ്ര ചാഹല്‍ രണ്ടു വിക്കറ്റുകള്‍ വീഴ്ത്തിയിരുന്നു. നിലയുറപ്പിച്ച ഉസ്മാന്‍ ഖ്വാജയെയും ഷോണ്‍ മാര്‍ഷിനെയുമാണ് ആദ്യ ഓവറില്‍ തന്നെ ചാഹല്‍ പുറത്താക്കിയത്. ഷോണ്‍ മാര്‍ഷിനെ ധോണി സ്റ്റമ്പ് ചെയ്തും ഒരു പന്തിന്റെ ഗ്യാപ്പില്‍ ഖ്വാജയെ സ്വന്തം പന്തില്‍ ക്യാച്ചെടുത്തുമാണ് ചാഹല്‍ പുറത്താക്കിയത്. പിന്നാലെ മാര്‍ക്കസ് സ്റ്റോയ്‌നിസിനെ ചാഹല്‍, രോഹിത്തിന്റെ കൈകളിലെത്തിച്ചു. ഇന്ത്യയ്ക്കായി മുഹമ്മദ് ഷമിയും രണ്ടു വിക്കറ്റ് വീഴ്ത്തി.

മൂന്നാം വിക്കറ്റില്‍ അര്‍ധസെഞ്ചുറി കൂട്ടുകെട്ട് തീര്‍ത്ത മാര്‍ഷ്-ഖ്വാജ സഖ്യമാണ് ഓസീസിനെ ഭേദപ്പെട്ട നിലയിലാക്കിയത്. ഇരുവരും 73 റണ്‍സിന്റെ കൂട്ടുകെട്ടുണ്ടാക്കി. മത്സരം ഇടയ്ക്ക് മഴമൂലം തടസപ്പെട്ടിരുന്നു. ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ ഓസീസ് രണ്ടു പന്തുകള്‍ നേരിട്ടപ്പോള്‍ തന്നെ മഴയെത്തുകയായിരുന്നു.

അതേസമയം, മറുപടി ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യയ്ക്ക് ഓപ്പണര്‍ രോഹിത് ശര്‍മ്മയെ നഷ്ടമായി. 17 പന്തില്‍ നിന്ന് 9 റണ്‍സ് നേടിയ രോഹിത്തിനെ പീറ്റര്‍ സിഡിലിന്റെ പന്തില്‍ ഷോണ്‍ മാര്‍ഷ് പിടികൂടുകയായിരുന്നു. 15 ഓവറില്‍ 51/1എന്ന നിലയിലാണ് ഇന്ത്യ.

അഡ്‌ലെയ്ഡില്‍ കളിച്ച ടീമില്‍ നിന്ന് മൂന്നു മാറ്റങ്ങളോടെയാണ് ഇന്ത്യ ഇറങ്ങിയത്. നാട്ടിലേക്ക് തിരിച്ചയയ്ക്കപ്പെട്ട ഹാര്‍ദ്ദിക് പാണ്ഡ്യയ്ക്ക് പകരം ടീമില്‍ ഇടം ലഭിച്ച വിജയ് ശങ്കര്‍, ഇന്ത്യയ്ക്കായി അരങ്ങേറി. അഡ്‌ലെയ്ഡില്‍ തല്ലു വാങ്ങിയ മുഹമ്മദ് സിറാജിനു പകരമായാണ് വിജയ് ശങ്കറിന്റെ വരവ്. അമ്പാട്ടി റായിഡുവിനു പകരം കേദാര്‍ ജാദവും കുല്‍ദീപ് യാദവിനു പകരം യുസ്വേന്ദ്ര ചാഹലും ടീമില്‍ ഇടംപിടിച്ചു.

Exit mobile version